Hivision Channel

ഉമ തോമസിന്റെ ആരോഗ്യ നിലയില്‍ പുരോഗതി

ഉമ തോമസ് എംഎല്‍എയുടെ ആരോഗ്യനിലയില്‍ പുരോഗതിയെന്ന് ഏറ്റവും പുതിയ മെഡിക്കല്‍ ബുള്ളറ്റിന്‍. ഇന്നെടുത്ത എക്‌സ്‌റെയില്‍ നേരിയ പുരോഗതി വന്നിട്ടുണ്ട്. അതുകൊണ്ടുതന്നെ ബ്രോങ്കോ സ്‌കോപ്പ് ചെയ്യേണ്ട ആവശ്യം ഇല്ലെന്ന് കൊച്ചി റിനൈ മെഡിസിറ്റി മെഡിക്കല്‍ ഡയറക്ടര്‍ ഡോക്ടര്‍ കൃഷ്ണനുണ്ണി പോളക്കുളത്ത് വ്യക്തമാക്കി.മരുന്നുകളോടും ചികിത്സകളോടും പ്രതികരിക്കുന്നുണ്ട്. വാരിയെല്ലുകളുടെ ഒടിവുകളും അവമൂലം ശ്വാസകോശത്തിനുണ്ടായ ക്ഷതവും ചതവും കുറച്ചുനാളുകള്‍ നീണ്ടു നില്‍ക്കുന്ന ചികിത്സയിലൂടെ മാത്രമേ ഭേദപ്പെടുകയുള്ളൂ . വീഴ്ചയുടെ ആഘാതത്തില്‍ കുറച്ചധികം രക്തം ശ്വാസകോശത്തില്‍ പോയിട്ടുണ്ട് അത് ആന്റീബയോട്ടിക്കുകളുടെ സഹായത്തോടെ മാറ്റാന്‍ സാധിക്കുമെന്ന് ഡോക്ടര്‍ കൃഷ്ണനുണ്ണി പറഞ്ഞു.

എംഎല്‍എ ഇപ്പോഴും വെന്റിലേറ്ററില്‍ തന്നെയാണ് കഴിയുന്നത്. ഗുരുതരാവസ്ഥയില്‍ നിന്ന് പൂര്‍ണമായും തരണം ചെയ്തുവെന്ന് ഇപ്പോള്‍ പറയാന്‍ കഴിയില്ല വെന്റിലേറ്ററില്‍ നിന്ന് മാറ്റി 24 മണിക്കൂറിന് ശേഷം മാത്രമേ അക്കാര്യത്തില്‍ ഒരു വ്യക്തത ഉണ്ടാകുകയുള്ളൂ.

പൂര്‍ണ ബോധാവസ്ഥയിലല്ല. രാവിലെ ഉമ തോമസ് കണ്ണു തുറന്നു. കൈകാലുകള്‍ അനക്കി. കൈയ്യില്‍ മുറുക്കെ പിടിച്ചു. രാവിലെ മകന്‍ വിഷ്ണു തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലുള്ള ഉമ തോമസിനെ കണ്ടു. ഉമ തോമസിനെ കണ്ടശേഷം മകനാണ് അമ്മ കണ്ണു തുറന്നുവെന്നും കൈ കാലുകള്‍ അനക്കിയെന്നും പറഞ്ഞത്.

ശ്വാസകോശത്തിലെ അണുബാധ ഒഴിവാക്കാനുള്ള ചികിത്സകളാണ് ഇപ്പോള്‍ ചെയ്യുന്നത്. നിലവില്‍ അണുബാധ കുറവാണ്.എന്നാല്‍ ന്യൂമോണിയ വരാതെ നോക്കേണ്ടതുണ്ട്. പതുക്കെ വെന്റിലേറ്ററില്‍ നിന്ന് മാറ്റാനുള്ള ശ്രമങ്ങള്‍ നടത്തും. ലഭ്യമായ മെഡിക്കല്‍ റിപ്പോര്‍ട്ടുകളില്‍ കുഴപ്പമില്ലാതെ അവസ്ഥയാണ് കാണപ്പെടുന്നത്. ഇനി ട്യൂബിലൂടെ ആഹാരങ്ങള്‍ കൊടുത്തു തുടങ്ങും എന്നിട്ടുള്ള അവസ്ഥകള്‍ നിരീക്ഷിക്കുകയാണ് ഇനി ചെയ്യാന്‍ പോകുന്നത്. നിലവില്‍ എംഎല്‍എ ഡോക്ടര്‍മാര്‍ പറയുന്നതിനോട് പ്രതികരിക്കുന്നുണ്ട്.

Leave a Comment

Your email address will not be published. Required fields are marked *