വൈകുണ്ഠ ഏകാദശി ടോക്കണ്‍ വിതരണത്തിനിടെ തിരുപ്പതി ക്ഷേത്രത്തില്‍ തിക്കിലും തിരക്കിലും പെട്ട് മരിച്ചവരില്‍ മലയാളിയും. പാലക്കാട് വണ്ണാമട സ്വദേശി നിര്‍മലയാണ് മരിച്ചത്. നിര്‍മലയുടെ മൃതദേഹം നാട്ടിലെത്തിക്കാന്‍ ബന്ധുക്കള്‍ തിരുപ്പതിയിലേക്ക് പോയി. ചൊവ്വാഴ്ചയാണ് നിര്‍മ്മലയും ബന്ധുക്കളും ഉള്‍പ്പെടെയുള്ള ആറംഗ സംഘം തിരുപ്പതിയില്‍ എത്തിയത്.
അപകടത്തില്‍ തിരുമല തിരുപ്പതി ദേവസ്ഥാനവും പോലീസും പ്രതിരോധത്തിലാണ്. കൂപ്പണ്‍ വിതരണസ്ഥലത്തെ തിരക്ക് നിയന്ത്രിക്കാന്‍ പോലീസിനോ ദേവസ്ഥാനത്തിനോ ആയില്ല. മതിയായ പോലീസുകാര്‍ സ്ഥലത്ത് ഉണ്ടായിരുന്നില്ല എന്ന് ദേവസ്ഥാനം ചെയര്‍മാനും ജില്ലാ പൊലീസ് മേധാവിയും തന്നെ സമ്മതിക്കുന്നുണ്ട്.
ആന്ധ്രാ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു തിരുപ്പതിയില്‍ എത്തി മരിച്ചവരുടെ ബന്ധുക്കളെയും ചികിത്സയില്‍ ഉള്ളവരെയും കണ്ടു. ക്ഷേത്രത്തില്‍ എത്തിയ മുഖ്യമന്ത്രി പോലീസുമായും ദേവസ്ഥാനം അധികൃതരുമായും ചര്‍ച്ച നടത്തി. മരിച്ച ആറു പേരുടെയും കുടുംബത്തിന് 25 ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചിട്ടുണ്ട്.