കണ്ണൂര്‍ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ നാട്ടിലും വിദേശത്തുമുള്ള കമ്പനികളെ പങ്കെടുപ്പിച്ച് നടത്തുന്ന ഗ്ലോബല്‍ ജോബ് ഫെയര്‍ 11, 12 തീയ്യതികളില്‍ മുണ്ടയാട് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടക്കും. കേരളത്തിലെ ഏറ്റവും വിപുലമായ ജോബ് ഫെയറിനാണ് കണ്ണൂരില്‍ വേദിയൊരുങ്ങുന്നത്. കേവലം ജോബ് ഫെയറിനപ്പുറം ഉദ്യോഗാര്‍ഥികള്‍ക്ക് വ്യത്യസ്ത അനുഭൂതി സമ്മാനിക്കുന്ന രീതിയിലാണ് മേള ഒരുക്കിയിരിക്കുന്നത്. ഇന്ത്യയിലെയും വിദേശത്തെയും അറുപതോളം ഉദ്യോഗദായകര്‍ പങ്കെടുക്കുന്ന മേളയില്‍ വ്യത്യസ്തമേഖലകളിലായി രണ്ടായിരത്തോളം അവസരങ്ങള്‍ ലഭിക്കും.
തൊഴിലധിഷ്ഠിത എക്‌സ്‌പോ, എജ്യുക്കേഷന്‍ ആന്‍ഡ് കരിയര്‍ ഫെസ്റ്റിവല്‍, ആഗോള തൊഴില്‍ വിപണിയെ പരിചയപ്പെടുത്തുന്ന സ്റ്റാളുകള്‍, പ്രസന്റേഷനുകള്‍, കോര്‍പ്പറേറ്റ് മേഖലയിലെ പ്രമുഖരുമായി മുഖാമുഖം, വിദേശങ്ങളില്‍ തൊഴിലിനൊപ്പം ഉപരിപഠനവും ആഗ്രഹിക്കുന്നവര്‍ക്കുള്ള മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ഉള്‍പ്പെടെ വിവിധ സെഷനുകളും ഫെയറിന്റെ ഭാഗമായി നടക്കും.
ജോബ് ഫെയറിന്റെ ഔപചാരിക ഉദ്ഘാടനം 11നു രാവിലെ 9.30ന് കെ സുധാകരന്‍ എംപി നിര്‍വഹിക്കും. മേയര്‍ മുസ്ലിഹ് മഠത്തില്‍ അധ്യക്ഷനാകും. കെ വി സുമേഷ് എം എല്‍ എ മുഖ്യാതിഥിയായി പങ്കെടുക്കും.
11 മണിക്ക് ആദ്യ സെഷന്‍ ‘പ്രൊഫഷണല്‍ മികവ്, ക്രിയേറ്റിവ് മൈന്‍ഡ്’ എന്ന വിഷയം ഡി.സി.ഐ ഗ്രൂപ്പ് ഡയറക്ടര്‍ അനില്‍ കുമാര്‍ മഠത്തില്‍ അവതരിപ്പിക്കും. ഉച്ചക്ക് 12ന് ‘ആരോഗ്യ രംഗത്തെ അനന്ത സാധ്യതകള്‍’ എന്ന വിഷയം മോണ്ട്‌ഗോ ഹെല്‍ത്ത് സിസ്റ്റംസ് മാനേജിംഗ് ഡയറക്ടറും സീനിയര്‍ ഹെല്‍ത്ത് കെയര്‍ കണ്‍സല്‍ട്ടന്റുമായ ഷൗക്കത്തലി മാതോടവും ഉച്ചക്ക് രണ്ടിന് ‘നിര്‍മ്മിത ബുദ്ധിയുടെ ലോകം, തൊഴില്‍ മേഖലയിലെ മാറ്റങ്ങള്‍’ എന്ന വിഷയം കെന്‍പ്രിമോ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ ഐ ടി പ്രൊഫഷണലുമായ എം കെ നൗഷാദും അവതരിപ്പിക്കും. 12നു രാവിലെ 10ന് ‘കോര്‍പറേറ്റ് വിജയത്തിലേക്കുള്ള യാത്ര’ എന്ന സെഷന്‍ ടാലന്റ് മാനേജ്മെന്റ് എക്സ്പേര്‍ട്ട് അമൃതാ രാമകൃഷ്ണന്‍ അവതരിപ്പിക്കും. ഉച്ചക്ക് 12ന് ‘തൊഴില്‍ തെരഞ്ഞെടുപ്പും വിപണിയുമായി പൊരുത്തപ്പെടുന്ന വൈദഗ്ധ്യവും’ എന്ന വിഷയത്തില്‍ കേന്ദ്ര തൊഴില്‍ മന്ത്രാലയം നാഷണല്‍ കരിയര്‍ സര്‍വീസ് പരിശീലകന്‍ സി കെ ഷമീര്‍ സംസാരിക്കും. വൈകിട്ട് 4 മണിക്ക് സമാപന സമ്മേളനം രജിസ്‌ട്രേഷന്‍-മ്യൂസിയം-പുരാവസ്തു-പുരാരേഖ വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്യും. സി പി സന്തോഷ് കുമാര്‍ എംപി, കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ. കെ കെ രത്‌നകുമാരി എന്നിവര്‍ മുഖ്യാതിഥിയാകും.
കണ്ണൂരിനു പുറമെ വിവിധ ജില്ലകളില്‍ നിന്നുള്ള ഉദ്യോഗാര്‍ഥികളും മേളയില്‍ പങ്കെടുക്കും. ഇതിനോടകം 9000 ഉദ്യോഗാര്‍ഥികള്‍ മേളയില്‍ പങ്കെടുക്കാന്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇതുകൂടാതെ സ്‌പോട്ട് രജിസ്‌ട്രേഷനും സൗകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. തിരക്ക് ഒഴിവാക്കാനായി രണ്ടുദിവസങ്ങളിലായി സ്ലോട്ടിങ് സംവിധാനം ഒരുക്കിയിട്ടുണ്ട്. രജിസ്റ്റര്‍ ചെയ്ത ഉദ്യോഗാര്‍ഥികള്‍ ലഭിക്കുന്ന സ്ലോട്ടിന് അനുസരിച്ച് മാത്രമേ പങ്കെടുക്കാവൂ.
ഫിനാന്‍സ്, അഡ്മിനിസ്ട്രേഷന്‍, സെയില്‍സ് ആന്‍ഡ് മാര്‍ക്കറ്റിംഗ്, എജ്യൂക്കേഷന്‍, ഹെല്‍ത്ത് കെയര്‍, ഹോസ്പിറ്റാലിറ്റി, റീടെയില്‍, ഫുഡ് പ്രൊസസിങ്, മാനുഫാക്ചറിങ്, കണ്‌സ്ട്രക്ഷന്‍, ഓട്ടോമൊബൈല്‍സ്, ടെക്‌സ്‌റ്റൈല്‍സ്, മീഡിയ, ജേണലിസം ആന്‍ഡ് കമ്യൂണിക്കേഷന്‍, ക്രിയേറ്റീവ് ജോലികള്‍ തുടങ്ങി നിരവധി മേഖലയിലെ തൊഴിലവസരങ്ങള്‍ ജോബ് ഫെയറിലൂടെ സാധ്യമാക്കും. കെ.വി.ആര്‍ ഗ്രൂപ്പിന്റെ വെഹിക്കിള്‍ എക്‌സ്‌പോയും മേളയില്‍ ഒരുക്കിയിട്ടുണ്ട്. ബ്രാന്റ്‌ബേ മീഡിയയുടെ സഹകരണത്തോടെയാണ് ജോബ് ഫെയര്‍ ഒരുക്കുന്നത്. ഉദ്യോഗാര്‍ഥികള്‍ക്ക് ംംം.സമിിൗൃഴഹീയമഹഷീയളമശൃ.രീാ എന്ന വെസ്ബൈറ്റിലൂടെ രജിസ്റ്റര്‍ ചെയ്യാം.
വാര്‍ത്താസമ്മേളനത്തില്‍ മേയര്‍ മുസ്ലിഹ് മഠത്തില്‍, ഡെപ്യൂട്ടി മേയര്‍ അഡ്വ. പി ഇന്ദിര, സ്ഥിരംസമിതി അധ്യക്ഷരായ പി കെ രാഗേഷ്, എം പി രാജേഷ്, വി കെ ശ്രീലത, സിയാദ് തങ്ങള്‍, ഷാഹിന മൊയ്തീന്‍, സുരേഷ് ബാബു എളയാവൂര്‍, മുന്‍ മേയര്‍ ടി ഒ മോഹനന്‍, കൗണ്‍സിലര്‍മാരായ, കെ പി അബ്ദുല്‍റസാഖ്, ടി രവീന്ദ്രന്‍, എന്‍ ഉഷ, വി കെ ഷൈജു, ബ്രാന്‍ഡ്‌ബേ മാനേജിംഗ് ഡയറക്ടര്‍ സൈനുദ്ദീന്‍ ചേലേരി എന്നിവര്‍ പങ്കെടുത്തു.