Hivision Channel

കുഷ്ഠ രോഗ നിര്‍ണയ ഭവന സന്ദര്‍ശന ക്യാമ്പയിന്‍ ആശ്വമേധം 6.0 ജനുവരി 30 മുതല്‍ ഫെബ്രുവരി 12 വരെ

കണ്ണൂര്‍:ദേശീയ കുഷ്ഠരോഗ നിര്‍മാര്‍ജ്ജനത്തിന്റെ ഭാഗമായുള്ള കുഷ്ഠ രോഗ നിര്‍ണയ ഭവന സന്ദര്‍ശന ക്യാമ്പയിന്‍ ആശ്വമേധം 6.0 ജനുവരി 30 മുതല്‍ ഫെബ്രുവരി 12 വരെ ജില്ലയില്‍ നടക്കും. ക്യാമ്പയിനിന്റെ വിജയത്തിനായി വിവിധ വകുപ്പുകളുടെ ഏകോപന സമിതി യോഗം ജില്ലാ വികസന കമ്മീഷണര്‍ കാര്‍ത്തിക് പണിഗ്രാഹിയുടെ നേതൃത്വത്തില്‍ നടന്നു.

അശ്വമേധം ക്യാമ്പയിനിന്റെ ഭാഗമായി ആരോഗ്യവകുപ്പ് ജീവനക്കാരുടെ നേതൃത്വത്തില്‍ പരിശീലനം ലഭിച്ച വളന്റിയര്‍മാര്‍ ക്യാമ്പയിന്‍ കാലയളവില്‍ വീടുകളിലെത്തും. കുഷ്ഠ രോഗ ബോധവത്കരണം, പ്രാഥമിക പരിശോധന, രോഗ ബാധിതര്‍ക്ക് വിദഗ്ധ പരിശോധന, ചികിത്സ എന്നിവയാണ് ക്യാമ്പയിനിന്റെ ലക്ഷ്യം. രണ്ടു വയസ്സിനു മുകളിലുള്ള മുഴുവന്‍ പേരിലും ത്വക് പരിശോധന നടത്തും. ജില്ലയിലേ മുഴുവന്‍ വീടുകളും അതിഥി തൊഴിലാളികളുടെ സ്ഥലങ്ങളും സന്ദര്‍ശിക്കും.

കണ്ണൂര്‍ ജില്ലയില്‍ കഴിഞ്ഞ വര്‍ഷം ഏപ്രില്‍ മുതല്‍ ഡിസംബര്‍ വരെ 26 കുഷ്ഠ രോഗ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കേസുകളില്‍ ഏഴ് സ്ത്രീകളും മൂന്ന് കുട്ടികളും ഉള്‍പ്പെടുന്നു.
.അശ്വമേധം ക്യാമ്പയിനുമായി എല്ലവരും സഹകരിക്കണമെന്നും സ്വയം പരിശോധന വഴിയോ ആരോഗ്യ പ്രവര്‍ത്തകരുടെ സഹായത്തോടെയോ ശരീരത്തില്‍ കാണപ്പെടുന്ന പാടുകള്‍ കുഷ്ഠ രോഗമല്ല എന്ന് ഉറപ്പു വരുത്തുവാനും തയ്യാറാകണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. പിയൂഷ് എം നമ്പൂതിരിപ്പാട് അറിയിച്ചു. കുഷ്ഠ രോഗത്തിന് സമഗ്രവും സൗജന്യവുമായ ചികിത്സ ലഭ്യമാകുന്ന സാഹചര്യത്തില്‍ രോഗവുമായി ബന്ധപ്പെട്ട ലക്ഷണങ്ങള്‍ മറച്ചു വെക്കേണ്ട കാര്യമില്ല എന്നും ഡി എം ഒ അറിയിച്ചു.
വകുപ്പുതല ഏകോപന യോഗത്തില്‍ ഡെപ്യൂട്ടി ഡി എം ഒ ഡോ. രേഖ കെ ടി, ഡോ സച്ചിന്‍ കെ സി, വിവിധ വകുപ്പുകളുടെ പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു
കുഷ്ഠരോഗംശ്രദ്ധക്കേണ്ടവ

തൊലിപ്പുറത്തു കാണപ്പെടുന്ന സ്പര്‍ശനശേഷി കുറഞ്ഞതോ ഇല്ലാത്തതോ ആയ നിറം മങ്ങിയതോ ചുവന്നതോ ആയ പാടുകള്‍, തടിപ്പുകള്‍, തടിച്ചതും തിളക്കമുള്ളതുമായ ചര്‍മം, വേദനയില്ലാത്ത വ്രണങ്ങള്‍, കൈകാലുകളിലെ മരവിപ്പ്, വൈകല്യം, കണ്ണ് അടയ്ക്കാനുള്ള പ്രയാസം എന്നിവ കുഷ്ഠരോഗ ലക്ഷണങ്ങളാകാം. ശരീരത്തില്‍ ഇത്തരം പാടുകളുണ്ടോ എന്ന് സ്വയം പരിശോധിക്കുക.
എന്തെങ്കിലും ലക്ഷണങ്ങള്‍ കണ്ടെത്തുകയാണെങ്കില്‍ ആ വിവരം ആരോഗ്യപ്രവര്‍ത്തകരെ അറിയിക്കുകയും മടി കൂടാതെ ചികിത്സിക്കുകയും ചെയ്യുക. കുഷ്ഠരോഗത്തിനുള്ള ചികിത്സ എല്ലാ സര്‍ക്കാര്‍ ആരോഗ്യകേന്ദ്രങ്ങളിലും സൗജന്യമായി ലഭിക്കും. ആരംഭത്തിലേ കണ്ടെത്തിയാല്‍ വൈകല്യങ്ങള്‍ തടയാനും രോഗം പൂര്‍ണ്ണമായും ചികിത്സിച്ചു ഭേദമാക്കാനും കഴിയും.

Leave a Comment

Your email address will not be published. Required fields are marked *