
ഇംഗ്ലീഷ് മീഡിയത്തിലുള്ളവ ഉള്‍പ്പെടെ സ്‌കൂള്‍ പാഠപുസ്തകങ്ങള്‍ക്ക് ഹിന്ദി പേരുകള്‍ നല്‍കാനുള്ള നാഷണല്‍ കൗണ്‍സില്‍ ഓഫ് എഡ്യൂക്കേഷണല്‍ റിസര്‍ച്ച് ആന്‍ഡ് ട്രെയിനിംഗിന്റെ (എന്‍സിഇആര്‍ടി) സമീപകാല തീരുമാനങ്ങള്‍ക്കെതിരെ പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി,കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന് കത്തയച്ചു. പൂര്‍വി (6, 7 ക്ലാസുകള്‍), മൃദംഗ് (1, 2 ക്ലാസുകള്‍), സന്തൂര്‍ (3, 4 ക്ലാസുകള്‍), ഗണിത പ്രകാശ് (6ാം ക്ലാസ് ഗണിതത്തിന് ഇംഗ്ലീഷിലും ഹിന്ദിയിലും) എന്നിങ്ങനെയുള്ള പേരുകളാണ് ഇംഗ്ലീഷ് പാഠപുസ്തകങ്ങള്‍ക്ക് എന്‍.സി.ഇ.ആര്‍.ടി നല്‍കിയിരിക്കുന്നത്.
ഭാഷാ വൈവിധ്യത്തെയും ധാര്‍മ്മികതയെയും ദുര്‍ബലപ്പെടുത്തുന്നതാണ് എന്‍സിആര്‍ടിയുടെ ഈ നീക്കം. സാംസ്‌കാരിക ഏകീകരണത്തിനുള്ള ശ്രമമായും വിദ്യാഭ്യാസ യാത്രയിലെ പിന്നോട്ടടിയായും കേരളം ഇതിനെ കാണുന്നുവെന്ന് മന്ത്രി വി ശിവന്‍കുട്ടി കേന്ദ്രമന്ത്രിക്കയച്ച കത്തില്‍ പറഞ്ഞു. പാഠപുസ്തകങ്ങള്‍ക്ക് പേരിടല്‍ കേവലം ഒരു സൗന്ദര്യാത്മക തീരുമാനമല്ല, മറിച്ച് പഠിതാക്കളുടെ ഭാഷാ പശ്ചാത്തലത്തെ മാനിക്കേണ്ട ഒരു അക്കാദമിക തീരുമാനമാണെന്ന് മന്ത്രി എടുത്തുപറഞ്ഞു. ഇന്ത്യന്‍ ശാസ്ത്രീയ സംഗീതത്തില്‍ നിന്നുള്ള പദങ്ങളുടെ ഉപയോഗം സാംസ്‌കാരികമായി ഏകീകരിക്കുന്നതായി ന്യായീകരിക്കപ്പെടുമ്പോള്‍, ഒരു ഭാഷാ പാരമ്പര്യത്തില്‍ നിന്നുള്ള പേരുകള്‍ അടിച്ചേല്‍പ്പിക്കുന്നത് ബഹുഭാഷയെ ആഘോഷിക്കുന്ന രാജ്യത്ത് ശരിയായ നടപടിയല്ല.
ഭാഷാപരവും സാംസ്‌കാരികവുമായ വൈവിധ്യത്തിന്റെ സമ്പന്നമായ പാരമ്പര്യമുള്ള കേരളം, എന്‍സിഇആര്‍ടിയുടെ ഈ ഏകപക്ഷീയമായ തീരുമാനത്തെ ഫെഡറല്‍ തത്വങ്ങളുടെയും വിദ്യാഭ്യാസത്തിലെ സഹകരണ മനോഭാവത്തിന്റെയും ലംഘനമായാണ് കണക്കാക്കുന്നത്. ഇക്കാര്യത്തില്‍ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം ഉടന്‍ ഇടപെടണം. പാഠപുസ്തകങ്ങള്‍ ഭാഷാപരമായ ആധിപത്യത്തിന്റെയല്ല, പഠനത്തിന്റെയും ഉള്‍ക്കൊള്ളലിന്റെയും ഉപകരണങ്ങളായി വര്‍ത്തിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം. എന്‍സിഇആര്‍ടിയുടെ തീരുമാനം തിരുത്താനുള്ള നിര്‍ദ്ദേശങ്ങള്‍ നല്‍കണമെന്നും കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയ്ക്ക് അയച്ച കത്തില്‍ മന്ത്രി വി ശിവന്‍കുട്ടി ആവശ്യപ്പെട്ടു.














