Hivision Channel

മുണ്ടക്കൈ ചൂരല്‍മല പുനരധിവാസ പദ്ധതിയുമായി സര്‍ക്കാരിന് മുന്നോട്ട് പോകാമെന്ന് ഹൈക്കോടതി

മുണ്ടക്കൈ ചൂരല്‍മല പുനരധിവാസ പദ്ധതിയുമായി സര്‍ക്കാരിന് മുന്നോട്ട് പോകാമെന്ന് ഹൈക്കോടതി. ഭൂമി ഏറ്റെടുക്കുന്നത് സ്റ്റേ ചെയ്യണമെന്ന എസ്റ്റേറ്റുകളുടെ ആവശ്യം ഹൈക്കോടതി അംഗീകരിച്ചില്ല. എല്‍സ്റ്റണ്‍, ഹാരിസണ്‍സ് എസ്റ്റേറ്റുകള്‍ നല്‍കിയ അപ്പീലുകള്‍ തീര്‍പ്പാക്കിയായിരുന്നു ഹൈക്കോടതി ഉത്തരവ്.

ഭൂമിയേറ്റെടുക്കല്‍ നടപടിക്ക് പലപ്പോഴും പ്രതിസന്ധിയായത് എസ്റ്റേറ്റ് ഉടമകളുടെ നിലപാടുകള്‍ ആയിരുന്നു. ഹൈക്കോടതി ഉത്തരവോടെ സര്‍ക്കാരിന് മുന്നില്‍ പ്രതിസന്ധികള്‍ ഒഴിവാവുകയാണ്. എല്‍സ്റ്റണ്‍ ഏറ്റെടുക്കാനുള്ള നഷ്ടപരിഹാരത്തുക 26 കോടി രൂപ സര്‍ക്കാര്‍ ഉടന്‍ കെട്ടിവയ്ക്കണമെന്ന് ഹൈക്കോടതി ആവശ്യപ്പെട്ടു. നഷ്ടപരിഹാരത്തുക സ്വീകരിക്കാന്‍ ഹൈക്കോടതി രജിസ്ട്രാര്‍ക്ക് ഡിവിഷന്‍ ബെഞ്ച് നിര്‍ദേശം നല്‍കി.

നഷ്ടപരിഹാരത്തുക കെട്ടിവയ്ക്കുന്നതോടെ എല്‍സ്റ്റണ്‍ ഭൂമിയുടെ കൈവശാവകാശം സര്‍ക്കാരിന് ലഭിക്കും. പുനരധിവാസ പദ്ധതിയുടെ ഉദ്ഘാടന നടപടികളുമായി സര്‍ക്കാരിന് മുന്നോട്ട് പോകാമെന്ന് നിര്‍ദേശിച്ച ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് പുനരധിവാസ പദ്ധതി സമയബന്ധിതമായി തീര്‍പ്പാക്കണമെന്നും വ്യക്തമാക്കി. പല കുടുംബങ്ങളും പണം മതി, ഭൂമി വേണ്ടെന്ന നിലപാട് സ്വീകരിച്ചതിനാല്‍ എല്‍സ്റ്റണ്‍ എസ്റ്റേറ്റ് ഏറ്റെടുക്കുന്നില്ലെന്ന് സര്‍ക്കാര്‍ നേരത്തെ കോടതിയെ അറിയിച്ചിരുന്നു. മുന്നില്‍ തടസ്സങ്ങള്‍ ഇല്ലാത്ത സാഹചര്യത്തില്‍ സര്‍ക്കാര്‍ നടപടികള്‍ പൂര്‍ത്തിയാക്കി പുനരധിവാസ നടപടികള്‍ വേഗത്തില്‍ ആക്കണമെന്നാണ് ദുരന്തബാധിതരുടെ ആവശ്യം.

ഈ മാസം 27 നാണ് മുഖ്യമന്ത്രി കല്‍പ്പറ്റ എല്‍സ്റ്റണ്‍ എസ്റ്റേറ്റില്‍ തറക്കല്ലിടുന്നത്. അതേസമയം, മുണ്ടക്കൈയില്‍ നിന്നുള്ള 17 പേരെയും റാട്ടപ്പാടിയിലെ കുടുംബങ്ങളെയും പടവെട്ടിക്കുന്ന്, വില്ലേജ് റോഡ് പ്രദേശവാസികളെയും പട്ടികയില്‍ പരിഗണിക്കണമെന്നും ആവശ്യമുണ്ട്.

Leave a Comment

Your email address will not be published. Required fields are marked *