Hivision Channel

ദേവികുളം തെരഞ്ഞെടുപ്പ് സുപ്രീം കോടതി ശരിവെച്ചു;എ രാജക്ക് എംഎല്‍എയായി തുടരാം

ദേവികുളം എംഎല്‍എ എ രാജയുടെ തെരഞ്ഞെടുപ്പ് സുപ്രീംകോടതി ശരിവെച്ചു. ഇതോടെ എ രാജയ്ക്ക് എംഎല്‍എയായി തുടരാം. ദേവികുളം തെരഞ്ഞെടുപ്പ് കേസിലെ ഹൈക്കോടതി ഉത്തരവ് റദ്ദാക്കികൊണ്ടാണ് സുപ്രീം കോടതിയുടെ നിര്‍ണായക ഉത്തരവ്. എ രാജയ്ക്ക് ആശ്വാസമാകുന്ന വിധിയാണ് സുപ്രീം കോടതി പുറപ്പെടുവിച്ചത്.

എ രാജയ്ക്ക് പട്ടിക വിഭാഗം സീറ്റില്‍ മത്സരിക്കാന്‍ അര്‍ഹതയുണ്ടായിരുന്നെന്ന് സുപ്രീം കോടതി ഉത്തരവില്‍ വ്യക്തമാക്കി. 1950ന് മുമ്പ് കുടുംബം കുടിയേറിയതിന് രാജ നല്കിയ രേഖ കോടതി അംഗീകരിച്ചു. എംഎല്‍എ എന്ന നിലയ്ക്കുള്ള ഇതുവരെയുള്ള എല്ലാ ആനുകൂല്യങ്ങളും രാജയ്ക്ക് നല്കാനും സുപ്രീം കോടതി ഉത്തരവിട്ടു.

തെരഞ്ഞെടുപ്പ് ഫലം റദ്ദാക്കിയുള്ള ഹൈക്കോടതി വിധിക്കെതിരെ എ രാജ എംഎല്‍എ നല്‍കിയ അപ്പീലിലാണ് ജഡ്ജിമാരായ എ അമാനുള്ള, പി.കെ മിശ്ര എന്നിവരടങ്ങിയ ബെഞ്ച് വിധി പറഞ്ഞത്. സംവരണ സീറ്റില്‍ മത്സരിക്കാന്‍ രാജയ്ക്ക് യോഗ്യതയില്ലെന്ന് ചൂണ്ടിക്കാട്ടി 2023 മാര്‍ച്ച് 20നാണ് ഹൈക്കോടതി തെരഞ്ഞെടുപ്പു ഫലം റദ്ദാക്കിയത്.

നേരത്തെ സുപ്രീംകോടതി ഹൈക്കോടതി വിധിക്ക് ഇടക്കാല സ്റ്റേ നല്‍കിയിരുന്നു. തമിഴ്നാട്ടില്‍നിന്ന് മൂന്നാറിലേക്ക് കുടിയേറിയ ഹിന്ദു പറയര്‍ വിഭാഗക്കാരായ മാതാപിതാക്കള്‍ക്കുണ്ടായ മകനാണ് തന്റെ പിതാവെന്ന് രാജ സുപ്രീംകോടതിയില്‍ വാദിച്ചത്. 1950 ന് മുന്‍പ് കുടിയേറിയതിനാല്‍ കേരളത്തിലെ സംവരണത്തിന് അര്‍ഹതയുണ്ടെന്നും രാജ വാദിച്ചിരുന്നു.

അതേസമയം, രാജയുടെ അച്ഛനും അമ്മയും ഉള്‍പ്പെടെ മുഴുവന്‍ കുടുംബവും ക്രിസ്തുമതത്തിലേക്ക് മതം മാറിയതിനാല്‍ പട്ടിക ജാതി സംവരണത്തിന് അര്‍ഹതയില്ലെന്നാണ് യു.ഡി.എഫ് സ്ഥാനാര്‍ഥി ഡി. കുമാറിന്റെ വാദം. തന്റെ മുത്തശ്ശി പുഷ്പം 1950-ന് മുമ്പ് കേരളത്തിലെത്തിയതാണെന്ന് തെളിയിക്കാന്‍ എ. രാജ ഹാജരാക്കിയ കണ്ണന്‍ദേവന്‍ ഹില്‍ പ്ലാന്റേഷന്‍ കമ്പനിയുടെ രേഖയും കേസില്‍ നിര്‍ണായകമായി.

Leave a Comment

Your email address will not be published. Required fields are marked *