
തിരുവനന്തപുരം കാട്ടാക്കടയില്‍ ക്ഷേത്ര മതിലില്‍ മൂത്രമൊഴിച്ചത് ചോദ്യം ചെയ്ത പത്താം ക്ലാസ് വിദ്യാര്‍ഥി ആദിശേഖറിനെ കാറിടിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതി പ്രിയരഞ്ജന്‍ കുറ്റക്കാരനെന്ന് കോടതി. തിരുവനന്തപുരം ആറാം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് വിധി പറഞ്ഞത്. പ്രിയരഞ്ജന്‍ ജീവപര്യന്തം കഠിന തടവ് ശിക്ഷയും പത്ത് ലക്ഷം രൂപ പിഴയും ഒടുക്കണം. കുട്ടിയുടെ മാതാപിതാക്കള്‍ക്ക് പിഴ തുക നല്‍കാനും കോടതി നിര്‍ദേശിച്ചു.
2023 ആഗസ്റ്റ് 30നു വീടിനു സമീപമുള്ള ക്ഷേത്രത്തിലെ ഗ്രൗണ്ടില്‍ കളിച്ച ശേഷം മടങ്ങുകയായിരുന്ന ആദിശേഖറിനെ പ്രിയരഞ്ജന്‍ കാറിടിപ്പിച്ചു കൊലപ്പെടുത്തുകയായിരുന്നു. അപകടമെന്ന നിലയില്‍ മനഃപൂര്‍വമല്ലാത്ത നരഹത്യക്കുറ്റമാണ് ആദ്യം ചുമത്തിയത്. എന്നാല്‍, സംഭവം സംബന്ധിച്ച സിസിടിവി ദൃശ്യം പുറത്തുവന്നത് കേസില്‍ നിര്‍ണായക തെളിവായി. പ്രിയരഞ്ജന്‍ കാറിലിരിക്കുന്നതും ആദിശേഖര്‍ സൈക്കിളില്‍ കയറിയ ഉടന്‍ കാറോടിച്ചുകയറ്റി കൊലപ്പെടുത്തുന്നതുമാണു ദൃശ്യങ്ങളിലുണ്ടായിരുന്നത്.














