Hivision Channel

കേരളം അടക്കം സംസ്ഥാനങ്ങളില്‍ ജാഗ്രത; 10 നിര്‍ദ്ദേശവുമായി കേന്ദ്രം

ഇന്ത്യ പാകിസ്ഥാന്‍ സംഘര്‍ഷ സാധ്യത ശക്തമായി നില്‍ക്കെ, കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് നല്‍കിയത് പത്ത് നിര്‍ദ്ദേശങ്ങള്‍. കാര്‍ഗില്‍ യുദ്ധ കാലത്ത് പോലും സ്വീകരിക്കാത്ത മോക് ഡ്രില്ലാണ് ഇതില്‍ പ്രധാനം. കേരളം അടക്കമുള്ള കടലോട് ചേര്‍ന്ന് കിടക്കുന്ന സംസ്ഥാനങ്ങളിലും പടിഞ്ഞാറന്‍ സംസ്ഥാനങ്ങളിലുമാണ് ഉയര്‍ന്ന ജാഗ്രതാ നിര്‍ദ്ദേശം പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്ത്യ പാകിസ്ഥാന്‍ സംഘര്‍ഷം എങ്ങോട്ട് വേണമെങ്കിലും നീങ്ങാം എന്നാണ് സര്‍ക്കാര്‍ വ്യത്തങ്ങള്‍ പറയുന്നത്. ഇന്നും നാളെയുമായാണ് ദേശവ്യാപകമായി മോക് ഡ്രില്‍ സംഘടിപ്പിക്കാന്‍ കേന്ദ്രം സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടത്. കേരളത്തില്‍ കൊച്ചിയിലും തിരുവനന്തപുരത്തുമാണ് മോക് ഡ്രില്‍ നടക്കുകയെന്നാണ് ലഭ്യമായ വിവരം.

ആകാശമാര്‍ഗ്ഗമുള്ള ആക്രമണം തടയാന്‍ എയര്‍ സൈറന്‍, ജനങ്ങളെ അടിയന്തരമായി ഒഴിപ്പിക്കാനും താമസിപ്പിക്കാനുമുള്ള സൗകര്യം, രാത്രി വിളക്കണച്ച് ബ്ലാക് ഔട്ട് ഡ്രില്‍ തുടങ്ങി 10 നിര്‍ദ്ദേശങ്ങളാണ് കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് നല്‍കിയത്. കാര്‍ഗില്‍ യുദ്ധകാലത്ത് പോലും ഇത്രയും വിപുലമായ തയ്യാറെടുപ്പിന് നിര്‍ദ്ദേശം ഉണ്ടായിരുന്നില്ല. കേരളം, തമിഴ്നാട്, കര്‍ണാടക, ഗോവ, മഹാരാഷ്ട്ര, ഗുജറാത്ത്, ഒഡിഷ ആന്ധ്രപ്രദേശ്, പശ്ചിമ ബംഗാള്‍ തുടങ്ങിയ തീര സംസ്ഥാനങ്ങള്‍ക്കാണ് നിര്‍ദ്ദേശം. ഇതിന് പുറമെ ഗുജറാത്ത്, മഹാരാഷ്ട്ര, ഗോവ, ദാദ്ര നഗര്‍ ഹവേലി, മധ്യപ്രദേശ് എന്നീ പടിഞ്ഞാറന്‍ സംസ്ഥാനങ്ങള്‍ക്കും ഉയര്‍ന്ന ജാഗ്രതാ നിര്‍ദ്ദേശമുണ്ട്.

ദില്ലി അടക്കമുള്ള വടക്കന്‍ സംസ്ഥാനങ്ങളില്‍ തയ്യാറെടുപ്പ് കേന്ദ്രം നേരിട്ട് നിരീക്ഷിക്കും. ദില്ലി ലഫ്റ്റനന്റ് ഗവര്‍ണ്ണറുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗം സാഹചര്യം വിലയിരുത്തി. കേന്ദ്ര ആഭ്യന്തര സെക്രട്ടറി രാവിലെ യോഗം വിളിച്ച് കേന്ദ്ര നിര്‍ദ്ദേശം ഗൗരവമായെടുക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കി. പ്രധാനമന്ത്രി ഇന്നും ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവലുമായി ചര്‍ച്ച നടത്തി. പാകിസ്ഥാനിലേക്കുള്ള ജലമൊഴുക്കില്‍ കൂടുതല്‍ നിയന്ത്രണത്തിനാണ് ഇന്ത്യയുടെ തീരുമാനം. 20 ശതമാനം കുറവെങ്കിലും ഈ സീസണില്‍ പാകിസ്ഥാനിലേക്ക് ഒഴുകുന്ന ജലത്തില്‍ ഉണ്ടാകും.

Leave a Comment

Your email address will not be published. Required fields are marked *