
അഹമ്മദാബാദ് വിമാനാപകടത്തില്‍ മരിച്ച 190 പേരുടെ മൃതദേഹം ഡിഎന്‍എ പരിശോധനയിലൂടെ തിരിച്ചറിഞ്ഞെന്ന് ഗുജറാത്ത് സര്‍ക്കാര്‍ അറിയിച്ചു. ഇതില്‍ 123 പേര്‍ ഇന്ത്യക്കാരാണ്. 7 പോര്‍ച്ചുഗീസ് പൗരന്മാര്‍, 27 യുകെ പൗരന്മാര്‍, ഒരു കാനഡ പൗരന്‍, നാല് നാട്ടുകാര്‍ എന്നിവരുടെ മൃതദേഹമാണ് തിരിച്ചറിഞ്ഞത്. അതേസമയം, മരിച്ച കൂടുതല്‍ യാത്രക്കാരെ തിരിച്ചറിയാനുള്ള നടപടികള്‍ ഊര്‍ജിതമായി തുടരുകയാണ്. തിരിച്ചറിഞ്ഞ മറ്റുള്ളവരുടെ മൃതദേഹങ്ങള്‍ ഉടന്‍ കൈമാറും. മരിച്ച മലയാളി നഴ്‌സ് രഞ്ജിതയുടെ ഡിഎന്‍എ ഫലം ഇതുവരെ ലഭ്യമായിട്ടില്ല
അതിനിടെ, വിമാന അപകടത്തില്‍ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട യാത്രക്കാരന്‍ വിശ്വാസ് കുമാര്‍ ആശുപത്രി വിട്ടു. അന്വേഷണ സംഘത്തിന്റെ നിര്‍ദ്ദേശ പ്രകാരം വിശ്വാസിനെ ഹോട്ടലിലേക്ക് മാറ്റി. 242 പേരായിരുന്നു വിമാനത്തിലുണ്ടായിരുന്നത്. ഇതില്‍ ഒരാളൊഴികെ 241 പേരും മരിക്കുകയായിരുന്നു. അപകടകാരണം അന്വേഷിച്ചുള്ള വിവിധ ഏജന്‍സികളുടെ പരിശോധന തുടരുകയാണ്. അതിനിടെ, വിമാന അപകടമുണ്ടായ സ്ഥലത്തുനിന്ന് ഇന്നലെയും രണ്ട് ശരീരഭാഗങ്ങള്‍ കണ്ടെത്തി.