
തെരുവുനായ ആക്രമണത്തില്‍ പൊറുതിമുട്ടി കണ്ണൂര്‍ നഗരം. രണ്ട് ദിവസത്തിനിടെ 72 പേര്‍ക്ക് തെരുവുനായയുടെ കടിയേറ്റു. നഗരത്തിലെ തെരുവുനായ ആക്രമണം തടയാന്‍ കഴിയാത്തത് കോര്‍പ്പറേഷന്റെ വീഴ്ച്ചയാണെന്ന് ആരോപിച്ച് എല്‍ ഡി എഫ് പ്രവര്‍ത്തകര്‍ കൗണ്‍സില്‍ യോഗത്തിലും പുറത്തും പ്രതിഷേധിച്ചു. തെരുവുനായ ശല്യം തടയാന്‍ ജില്ലാ പഞ്ചായത്ത് പ്രഖ്യാപിച്ച എല്ലാ പദ്ധതികളും പാതിവഴിയില്‍ ഉപേക്ഷിച്ചെന്നാണ് കോര്‍പ്പറേഷന്റെ ആരോപണം.
രണ്ട് വയസുള്ള കുട്ടി ഉള്‍പ്പടെ ഇന്ന് 16 പേര്‍ തെരുവുനായ ആക്രമണത്തിന് ഇരയായി. സ്റ്റേറ്റ് ബാങ്ക് പരിസരം, റെയില്‍വേ സ്റ്റേഷന്‍, പുതിയ ബസ് സ്റ്റാന്‍ഡ് തുടങ്ങിയ സ്ഥലങ്ങളിലാണ് തെരുവ് നായയുടെ ആക്രമണം ഉണ്ടായത്. തെരുവുനായുടെ കടിയേറ്റവരെല്ലാം ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടി. പിന്നാലെ അലഞ്ഞുനടക്കുന്ന നായകളെ പിടികൂടാന്‍ ജില്ലാ പഞ്ചായത്ത് പ്രത്യേക സംഘത്തെ നിയോഗിച്ചു.