Hivision Channel

നിയമസഭ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് 79.70 ശതമാനം പോളിംഗ്,പെരുമാറ്റചട്ടം മെയ് 6 വരെ ബാധകം

നിയമസഭ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് 79.70 ശതമാനം പോളിംഗ് രേഖപ്പെടുത്തിയതായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍. 20,028 സര്‍വീസ് വോട്ടുകള്‍ ലഭിച്ചു. ഇന്ന് കൂടി സര്‍വീസ് വോട്ടുകള്‍ സ്വീകരിക്കുമെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ വ്യക്തമാക്കി. പെരുമാറ്റചട്ടം മെയ് 6 വരെ ബാധകമാണെന്നും തെറ്റായ ഫലം നല്‍കിയാല്‍ നിയമനടപടി ഉണ്ടാകുമെന്നും രത്തന്‍ യു ഖേല്‍ക്കര്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു.

നാളെ പോസ്റ്റല്‍ ബാലറ്റ് വോട്ടുകള്‍ ആയിരിക്കും ആദ്യം എണ്ണുന്നത്. വോട്ട് എണ്ണലിനായി 15,465 ഉദ്യോഗസ്ഥരെയാണ് നിയോഗിച്ചിട്ടുള്ളത്. സുരക്ഷക്ക് 32,301 പൊലീസ് ഉദ്യോഗസ്ഥരെയും ചുമതലപ്പെടുത്തിയിട്ടുണ്ട്. ഉദ്യോഗസ്ഥര്‍ക്ക് ക്യു ആര്‍ കോഡ് ഉള്ള തിരിച്ചറിയല്‍ കാര്‍ഡ് നിര്‍ബന്ധമാക്കിയിട്ടുണ്ട്. സിആര്‍പിഎഫ് ഉദ്യോഗസ്ഥര്‍ക്കാണ് ചുമതല. പെരുമാറ്റചട്ടം മെയ് 6 വരെ ബാധകമായിരിക്കും. ക്രമസമാധാന പ്രശ്‌നം ഉണ്ടാകാന്‍ സാധ്യത ഉണ്ടെങ്കില്‍ വിജയാഘോഷം ജില്ലാ ഭരണകൂടങ്ങള്‍ക്ക് വിലക്കാം. തെറ്റായ തെരഞ്ഞെടുപ്പ് ഫലം നല്‍കിയാല്‍ നിയമനടപടിയുണ്ടാകുമെന്നും തിരക്ക് കൂട്ടരുത് എന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ വ്യക്തമാക്കി. ഇവിഎം എട്ടരയ്ക്ക് ശേഷമായിരിക്കും എണ്ണി തുടങ്ങുക. എല്ലാ സംശയങ്ങളും തീര്‍ത്ത ശേഷം മാത്രമായിരിക്കും എണ്ണല്‍ പൂര്‍ത്തിയാക്കുക. സ്‌ട്രോങ്ങ് റൂം തുറക്കുന്നത് ചിത്രീകരിക്കാന്‍ മാധ്യമങ്ങള്‍ക്ക് അനുമതി ഇല്ല.

Leave a Comment

Your email address will not be published. Required fields are marked *