Hivision Channel

ജയില്‍ ചാട്ടം;ഗോവിന്ദച്ചാമിക്ക് മറ്റ് സഹായങ്ങള്‍ ലഭിച്ചിട്ടില്ല

ജയില്‍ചാടുന്നതില്‍ ഗോവിന്ദച്ചാമിക്ക് മറ്റ് സഹായങ്ങള്‍ ലഭിച്ചിട്ടില്ലെന്ന് പൊലീസ്. നാല് സഹതടവുകാര്‍ക്ക് ജയില്‍ചാട്ടത്തെ കുറിച്ച് അറിയാമായിരുന്നുവെന്നും പൊലീസ് കണ്ടെത്തി. വിശദമായ മൊഴി രേഖപ്പെടുത്താന്‍ തടവുകാരുടെ പട്ടിക പൊലീസ് തയ്യാറാക്കി. മറ്റ് സഹായങ്ങള്‍ ഇല്ലാത്തതുകൊണ്ടാണ് സെല്ലില്‍ നിന്ന് പുറത്തിറങ്ങിയ ശേഷം ജയില്‍ ചാടാന്‍ താമസിച്ചത്.

നാല് സഹതടവുകാര്‍ക്ക് ജയില്‍ ചാടുന്നത് അറിയാമെന്ന് കണ്ടെത്തല്‍. ജയിലിന് പുറത്തും സഹായം ലഭിച്ചില്ല. ജയിലില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥരുടെ മൊഴിയും രേഖപ്പെടുത്തും. ജയിലിനകത്തെ മുഴുവന്‍ സിസിടിവി ദൃശ്യങ്ങളും പൊലീസ് പരിശോധിച്ചു. ഇതില്‍ എവിടെയും ഗോവിന്ദച്ചാമിക്ക് സഹായം ലഭിച്ചതായുള്ള സൂചനകള്‍ ലഭിച്ചിട്ടില്ല. പുലര്‍ച്ചെ 1.10നാണ് സെല്ലിലെ കമ്പി മുറിച്ച് ഇയാള്‍ പുത്തിറങ്ങുന്നത്. ഇതിന് ശേഷം മൂന്നര മണിക്കൂറിന് ശേഷമാണ് ജയില്‍ ചാടുന്നത്. മറ്റ് സഹായങ്ങള്‍ ലഭിക്കാത്തതിനെ തുടര്‍ന്നാണ് ജയില്‍ ചാടാന്‍ താമസിച്ചതെന്നാണ് പൊലീസ് കണ്ടെത്തല്‍.

ജയില്‍ ചാടിയ ശേഷം എങ്ങോട്ട് പോകണമെന്നതിനെ കുറിച്ച് പോലും ഗോവിന്ദച്ചാമിക്ക് ധാരണയുണ്ടായിരുന്നില്ല. റെയില്‍വേ സ്റ്റേഷനിലേക്ക് പോകുന്നതിനിടെ വഴി തെറ്റുകയും ചെയ്തു. സംഭവത്തില്‍ സസ്‌പെന്‍ഷനിലായ ഉദ്യോഗസ്ഥരുടെ അടക്കം മൊഴി രേഖപ്പെടുത്താനാണ് പൊലീസിന്റെ തീരുമാനം. ഗോവിന്ദച്ചാമി ചാടിപ്പോയ സംഭവത്തെക്കുറിച്ച് സമഗ്രമായ അന്വേഷണത്തിന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു.

മുന്‍ കേരള ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് റിട്ട . സിഎന്‍ രാമചന്ദ്രന്‍ നായര്‍, മുന്‍ സംസ്ഥാന പൊലീസ് മേധാവി ജേക്കബ് പുന്നൂസ് എന്നിവരാണ് പ്രത്യേക അന്വേഷണം നടത്തുക. കണ്ണൂരിലെ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി അടിയന്തരമായി വിളിച്ച ഉന്നതതല യോഗത്തിലാണ് പ്രത്യേക അന്വേഷണം അടക്കമുള്ള കാര്യങ്ങളില്‍ തീരുമാനമെടുത്തത്.

Leave a Comment

Your email address will not be published. Required fields are marked *