Hivision Channel

ഡോ.എ പി ജെ അബ്ദുള്‍ കലാം ഓര്‍മ്മയായിട്ട് 10 വര്‍ഷം

ഡോക്ടര്‍ എ പി ജെ അബ്ദുള്‍ കലാം ഓര്‍മ്മയായിട്ട് ഇന്നേക്ക് 10 വര്‍ഷം. ഇന്ത്യന്‍ യുവതയെ സ്വപ്നം കാണാന്‍ പഠിപ്പിക്കുകയും പ്രചോദിപ്പിക്കുകയും ചെയ്തു ആ വലിയ മനുഷ്യന്‍. ജനതയോട് കര്‍മ്മോത്സുകതയെ കുറിച്ച് നിരന്തരം സംസാരിച്ചുകൊണ്ടിരുന്നു ഡോക്ടര്‍ എ പി ജെ അബ്ദുള്‍ കലാം.

തമിഴ്‌നാട്ടിലെ രാമേശ്വരത്ത് പത്രവിതരണം നടത്തി വിദ്യാഭ്യാസത്തിനുള്ള പണം കണ്ടെത്തിയിരുന്ന ബാലനില്‍ നിന്നും ഇന്ത്യയുടെ രാഷ്ട്രപതിയിലേക്കും രാജ്യത്തെ പ്രചോദിപ്പിക്കുന്ന ധൈഷണിക വ്യക്തിത്വത്തിലേക്കുമുള്ള ഡോക്ടര്‍ കലാമിന്റെ യാത്ര ഒരു പോരാട്ടമായിരുന്നു. ഫൈറ്റര്‍ പൈലറ്റാകാനായിരുന്നു മോഹമെങ്കിലും ‘ഇന്ത്യയുടെ മിസൈല്‍മാന്‍’ ആയാണ് പരിണമിച്ചത്. ഇന്ത്യയുടെ രണ്ടാം ആണവപരീക്ഷണങ്ങളുടെ നേതൃത്വം വഹിച്ചതും തദ്ദേശീയമായി വികസിപ്പിച്ച സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിളിന്റേയും ബാലിസ്റ്റിക് മിസൈലിന്റേയും വികസനത്തിന്റെ ഏകോപനച്ചുമതല വഹിച്ചതും ഡോക്ടര്‍ കലാം ആയിരുന്നു.

ഇന്ത്യയുടെ പതിനൊന്നാം രാഷ്ട്രപതിയായി ചുമതലയേറ്റെടുത്ത ഡോക്ടര്‍ അബ്ദുള്‍ കലാം രാഷ്ട്രത്തിന്റെ ഭാവിയെപ്പറ്റിയും രാജ്യത്തിന്റെ കരുത്തിനെപ്പറ്റിയും തലമുറകളെ ഓര്‍മ്മപ്പെടുത്തിക്കൊണ്ടിരുന്നു. കുട്ടികളുമായി സംവദിക്കാന്‍ രാഷ്ട്രപതിയായിരുന്നപ്പോഴും സ്ഥാനമൊഴിഞ്ഞശേഷവും സമയം കണ്ടെത്തി. 2015ല്‍ എണ്‍പത്തിമൂന്നാം വയസ്സില്‍, ഷില്ലോങ്ങിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റില്‍ വിദ്യാര്‍ത്ഥികളുമായി സംസാരിക്കുന്നതിനിടെ കുഴഞ്ഞുവീണ്, ഉണരാത്ത ഉറക്കത്തിലേക്ക് വീഴുംവരേയും അത് തുടര്‍ന്നു.

Leave a Comment

Your email address will not be published. Required fields are marked *