
കണ്ണൂര്‍:താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ ജോലിക്കിടെ ഡോക്ടര്‍ വിപിന്‍ ആക്രമണത്തിന് ഇടയായ സംഭവത്തില്‍ പ്രതിഷേധിച്ച് കേരള ഗവണ്‍മെന്റ്‌റ് മെഡിക്കല്‍ ഓഫീസേഴ്‌സ് അസോസിയേഷന്‍ കണ്ണൂര്‍ ജില്ലാ ഘടകം ജില്ലയിലെ മുഴുവന്‍ ആരോഗ്യ സ്ഥാപനങ്ങളിലും പ്രതിഷേധ ധര്‍ണ്ണകള്‍ സംഘടിപ്പിച്ചു. ഈ ദിവസം ഒപി യില്‍ ഉള്‍പ്പെടെ രോഗികളുമായി നേരിട്ട് ബന്ധപ്പെടുന്ന സേവനങ്ങള്‍ ഒഴികെ എല്ലാ ഔദ്യോഗിക കൃത്യങ്ങളില്‍ നിന്നും ജില്ലയിലെ ഡോക്ടര്‍മാര്‍ വിട്ടുനിന്നുകൊണ്ട് തങ്ങളുടെ പ്രതിഷേധം അറിയിച്ചു.
‘ഡോക്ടര്‍ വന്ദനദാസ് കൊലപാതകത്തോട് അനുബന്ധിച്ച് സംസ്ഥാന വ്യാപകമായി നടത്തിയ ആശുപത്രി സുരക്ഷ ഓഡിറ്റിംഗ് നിര്‍ദ്ദേശങ്ങള്‍ അടിയന്തിരമായി നടപ്പിലാക്കണമെന്നും നിലവില്‍ അത്യാഹിത വിഭാഗത്തിന്റെ സേവനം നടന്നു കൊണ്ടിരിക്കുന്ന രിക്കുന്ന സ്ഥാപനങ്ങളില്‍ അടിയന്ത അടിയന്തിരമായി പോലീസ് എയ്ഡ് പോസ്റ്റുകള്‍ പ്രവര്‍ത്തനസജ്ജമാക്കണമെന്നും സിസിടിവികള്‍ സ്ഥാപിക്കണമെന്നും സംഘടന ആവശ്യപ്പെട്ടു. കൂടാതെ അത്യാഹിത വിഭാഗത്തില്‍ ജോലി ചെയ്യുന്നതിനായി എല്ലാ ഷിഫ്റ്റ് കളിലും ഏറ്റവും കുറഞ്ഞത് രണ്ട് ഡോക്ടര്‍മാരെ എങ്കിലും നിയോഗിക്കുന്നതിനുള്ള തസ്തികകള്‍ അനുവദിക്കണമെന്നും ആവശ്യപ്പെട്ടു. കൂടാതെ മണിക്കൂറുകള്‍ ഓപി ടിക്കറ്റിനായും ഡോക്ടര്‍ കാണുന്നതിനായി ആശുപത്രികളില്‍ ചിലവഴിക്കേണ്ടി വരുന്ന പാവപ്പെട്ട രോഗികള്‍ക്ക് നിലവിലെ സാഹചര്യത്തില്‍ ഒരാള്‍ക്ക് ഒരു മിനിറ്റില്‍ താഴെ മാത്രമേ അനുവദിക്കാനുള്ള സാഹചര്യം നിലവിലുള്ളൂ എന്നും ഇതു പരിഹരിക്കുന്നതിനായി എത്രയും പെട്ടന്ന് ആരോഗ്യ സ്ഥാപനങ്ങളില്‍ കൃത്യമായും യുക്തി സഹിതവുമായ തോതില്‍ ഡോക്ടര്‍ രോഗി അനുപാതം നിശ്ചയിക്കപ്പെടണമെന്നും തന്മൂലം അടിക്കടി എല്ലാ സ്ഥാപനങ്ങളിലും ഉണ്ടാകുന്ന ഡോക്ടര്‍ രോഗി തര്‍ക്കങ്ങള്‍ ശാശ്വതമായി പരിഹരിക്കപ്പെടണമെന്നും സംഘടന ആവശ്യപ്പെട്ടു.
കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ കെ ജി എം ഓ എ സംസ്ഥാന നേതാക്കളായ ഡോ രാജേഷ് ഒ ടി, ഡോ അജിത് കുമാര്‍ എന്നിവരുടെ നേതൃത്വത്തിലും തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷനുമായി സഹകരിച്ചുകൊണ്ട് കെജിഎംഒഎ കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് ഡോ ജിതിന്‍ വി എസ്, ഐ എം എ സംസ്ഥാന സെക്രട്ടറി ഡോ ശശിധരന്‍ കെ എന്നിവരുടെ നേതൃത്വത്തിലും മറ്റ് താലൂക്ക് ബ്ലോക്ക് തലസ്ഥാപനങ്ങളില്‍ അതാത് യൂണിറ്റ്
കോഡിനേറ്റര്‍മാരുടെ നേതൃത്വത്തിലും ഒരു മണിക്കൂര്‍ നീണ്ട പ്രതിഷേധ ധര്‍ണ്ണ സംഘടിപ്പിച്ചു. സംഘടനയുടെ ദീര്‍ഘകാലമായുള്ള ആവശ്യങ്ങള്‍ എത്രയും പെട്ടെന്ന് സര്‍ക്കാര്‍ പരിഹരിച്ചില്ല എങ്കില്‍ കൂടുതല്‍ ശക്തമായ പ്രതിഷേധ മാര്‍ഗ്ഗങ്ങളിലേക്ക് കടക്കുന്നതിന് സംഘടന നിര്‍ബന്ധിക്കപ്പെടും എന്നും ഡോക്ടര്‍മാര്‍ അടക്കമുള്ള ആരോഗ്യ പ്രവര്‍ത്തകരുടെ സുരക്ഷ ഉറപ്പുവരുത്തേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്വമാണെന്നും സംഘടനയുടെ ജില്ലാ ഘടകം ഓര്‍മിപ്പിച്ചു.














