Hivision Channel

തലശ്ശേരി ജനറല്‍ ആശുപത്രി അത്യാഹിത വിഭാഗം നാടിന് സമര്‍പ്പിച്ചു

തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ ആധുനിക രീതിയില്‍ സജീകരിച്ച അത്യാഹിതവിഭാഗം നിയമസഭാ സ്പീക്കര്‍ അഡ്വ.എ.എന്‍ ഷംസീര്‍ നാടിന് സമര്‍പ്പിച്ചു. കേരളത്തിന്റെ ആരോഗ്യരംഗം ലോകത്തിന് മാതൃകയായി കുതിച്ചുയരുമ്പോള്‍ ചില ഒറ്റപ്പെട്ട സംഭവങ്ങള്‍ പര്‍വതീകരിച്ചു കാണിച്ച് ആരോഗ്യമേഖലയാകെ പരാജയമാണെന്ന് സ്ഥാപിച്ചെടുക്കാന്‍
ദൃശ്യമാധ്യമങ്ങള്‍ ശ്രമിക്കുകയാണെന്ന് സ്പീക്കര്‍ പറഞ്ഞു. പണത്തിന്റെ തൂക്കത്തിനനുസരിച്ച് ചികിത്സ നല്‍കുന്ന സ്വകാര്യ ആശുപത്രികള്‍ക്ക് വേണ്ടി സാധാരണക്കാര്‍ ആശ്രയിക്കുന്ന പൊതുജനാരോഗ്യ മേഖലയെ തകര്‍ക്കാനാണ് മാധ്യമങ്ങള്‍ ശ്രമിക്കുന്നതെന്നും സ്പീക്കര്‍ പറഞ്ഞു. 2028 ആകുമ്പോഴേക്കും തലശ്ശേരി ജനറല്‍ ആശുപത്രി കെട്ടിടം കണ്ടിക്കലിലേക്ക് മാറ്റി സ്ഥാപിക്കും. അമ്മയും കുഞ്ഞും ആശുപത്രി പ്രവര്‍ത്തനസജ്ജമാവുന്നതോടെ കണ്ടിക്കല്‍ തലശ്ശേരിയുടെ മെഡിക്കല്‍ ഹബ്ബായി മാറുമെന്നും സ്പീക്കര്‍ പറഞ്ഞു.

വന്‍കിട സ്വകാര്യആശുപത്രികളെ വെല്ലുന്ന സൗകര്യങ്ങളുമായി അത്യാധുനിക ഉപകരണങ്ങളും ജീവന്‍രക്ഷാ സംവിധാനങ്ങളുമായാണ് അത്യാഹിത വിഭാഗം ഒരുക്കിയത്. അഡ്മിഷന്‍ കൗണ്ടര്‍, റിസപ്ഷന്‍, പോലീസ് എയ്ഡ് പോസ്റ്റ് ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ കാഷ്വാലിറ്റിയോട് അനുബന്ധിച്ചുണ്ട്. എമര്‍ജന്‍സി വിഭാഗത്തില്‍ ട്രയേജ് സിസ്റ്റവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. രോഗികളുടെ അവസ്ഥ കണക്കിലെടുത്ത് റെഡ്, യെല്ലോ, ഗ്രീന്‍ നിറത്തില്‍ അത്യാഹിത വിഭാഗത്തെ തരംതിരിച്ചിട്ടുണ്ട്. അതീവ ഗുരുതരാവസ്ഥയിലുള്ള രോഗിയെ റെഡ് സോണിലേക്ക് മാറ്റും. ഇവിടെ നാല് ബെഡും വെന്റിലേറ്ററും ഓക്‌സിജന്‍ സംവിധാനവുമുണ്ട്. യെല്ലോ സോണില്‍ അഞ്ചും ഗ്രീന്‍ സോണില്‍ ആറും ബെഡുകളാണുള്ളത്. കുട്ടികളുടെ പരിചരണത്തിനുള്ള ബെഡുമുണ്ട്.

തലശ്ശേരി നഗരസഭാ ചെയര്‍പേഴ്‌സണ്‍ കാരായി ചന്ദ്രശേഖരന്‍ അധ്യക്ഷനായി. തലശ്ശേരി ജനറല്‍ ആശുപത്രി ഡെപ്യൂട്ടി സൂപ്രണ്ട് എം ജമീല റിപ്പോര്‍ട്ട് അവതരിപ്പിച്ചു. തലശ്ശേരി നഗരസഭാ വൈസ് ചെയര്‍പേഴ്‌സണ്‍ വി സതി, നഗരസഭാ ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ സി.ഒ.ടി ഷബീര്‍, വാര്‍ഡ് കൗണ്‍സിലര്‍ ഷഹനാസ് മന്‍സൂര്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ.ടി രേഖ, എന്‍ എച്ച് എം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. പി കെ അനില്‍കുമാര്‍, തലശ്ശേരി ജനറല്‍ ആശുപത്രി സൂപ്രണ്ട് ഡോ. വി.കെ രാജീവ്, ബൈറൂഹ ഫൗണ്ടേഷന്‍ ഭാരവാഹി കെ.എ സുനില്‍, ലേ സെക്രട്ടറി വി.എസ് ഹേന, നേഴ്സിംഗ് സൂപ്രണ്ട് മിനി ജോസഫ്, ആര്‍ എം ഒ വി.എസ് ജിതിന്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ സി.കെ രമേശന്‍,
എം.പി അരവിന്ദാക്ഷന്‍, അഡ്വ. കെ.എ ലത്തീഫ്, അഡ്വ. കെ.എം ശ്രീശന്‍, കെ അജേഷ്, പ്രസന്നന്‍, ബാബു ഡിക്രൂസ്, ബി.പി മുസ്തഫ എന്നിവര്‍ പങ്കെടുത്തു.

Leave a Comment

Your email address will not be published. Required fields are marked *