Hivision Channel

സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ ആളുകള്‍ക്ക് സൂര്യാതപമേറ്റു

സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ സൂര്യാതപമേറ്റ് ആളുകള്‍ ചികിത്സ തേടി. പാലക്കാട് ഒറ്റപ്പാലത്തും ലക്കിടിയിലുമായി രണ്ട് പേര്‍ക്ക് സൂര്യാതപമേറ്റു. ലക്കിടി കൂട്ടുപാതയില്‍ ഓട്ടോറിക്ഷ ഡ്രൈവര്‍ ജയന്‍, ഒറ്റപ്പാലം സ്വദേശി ജയശ്രീ എന്നിവര്‍ക്കാണ് സൂര്യതപമേറ്റത്. ഇരുവരും ആശുപത്രിയില്‍ ചികിത്സ തേടി. കൊല്ലത്ത് യുവാവിന് സൂര്യാതപമേറ്റു. കൊട്ടിയം സ്വദേശി നിഹാല്‍ നജീബിന്റെ കൈയ്ക്കാണ് പൊള്ളലേറ്റത്. പള്ളിമുക്കില്‍ വെച്ച് ഇരുചക്രവാഹനത്തില്‍ സഞ്ചരിക്കുമ്പോഴാണ് സൂര്യാതപമേറ്റത്. യുവാവ് പ്രാഥമിക ചികിത്സതേടി. ജോലിക്കായി ബൈക്കില്‍ പോകുമ്പോള്‍ ആണ് കൈയ്ക്ക് പൊള്ളലേറ്റത്. കോട്ടയത്ത് അഗ്‌നിരക്ഷാ സേനാംഗത്തിന് സൂര്യാതപമേറ്റു. പാമ്പാടി കൂരോപ്പടക്ക് സമീപം റോഡിലേക്ക് മറിഞ്ഞുവീണ മരം മുറിച്ച് നീക്കുന്നതിനിടയാണ് പൊള്ളലേറ്റത്. കോട്ടയം സ്റ്റേഷനിലെ ഉദ്യോഗസ്ഥന്‍ നിജിലിന്റെ കൈയ്ക്കാണ് പൊള്ളലേറ്റത്.

അതേസമയം, സംസ്ഥാനത്ത് താപനില മുന്നറിയിപ്പ് തുടരുകയാണ്. ഇന്നും നാളെയും മുന്നറിയിപ്പുണ്ട്. പാലക്കാട് 40ത്ഥഇ വരെ താപനില ഉയരാനുള്ള സാധ്യത നിലനില്‍ക്കുകയാണ്. കൊല്ലത്ത് 39ത്ഥഇ വരെയും കോട്ടയം, പത്തനംതിട്ട, തൃശ്ശൂര്‍, കോഴിക്കോട് ജില്ലകളില്‍ 38 ത്ഥഇ വരെയും താപനില ഉയരാം. ആലപ്പുഴ, എറണാകുളം,മലപ്പുറം,കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ 37ത്ഥഇ വരെയും തിരുവനന്തപുരത്ത് 36ത്ഥഇ വരെയും താപനില ഉയരാം. അഞ്ച് സ്റ്റേഷനുകളില്‍ അള്‍ട്രാ വയലറ്റ് രശ്മികളുടെ വികിരണ തോത് അപകടനിലയിലാണ്. കൊട്ടാരക്കര,കോന്നി, ചെങ്ങന്നൂര്‍, ചങ്ങനാശ്ശേരി, മൂന്നാര്‍ സ്റ്റേഷനുകളില്‍ യുവി ഇന്‍ഡക്‌സ് എട്ട് രേഖപ്പെടുത്തി. കൊടും ചൂടില്‍ ആശ്വാസമായി നാളെ മുതല്‍ വേനല്‍മഴ മെച്ചപ്പേട്ടേക്കും. ബുധനാഴ്ച ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്.

Leave a Comment

Your email address will not be published. Required fields are marked *