
സംസ്ഥാനത്ത് ഇന്നലെ മാത്രം പാമ്പുകടിയേറ്റ് ആംബുലന്‍സ് സഹായം തേടിയത് 23 പേര്‍. പാമ്പുകടി സംശയവുമായി ഒമ്പത് പേരും ആംബുലന്‍സ് വിളിച്ചു. എല്ലാവരെയും ആന്റിവെനം സൗകര്യമുള്ള ആശുപത്രിയില്‍ എത്തിച്ചു. ആലപ്പുഴയില്‍ ഇന്നലെ മാത്രം ഏഴ് പേര്‍ക്കാണ് പാമ്പ് കടിയേറ്റത്. കായംകുളത്ത് 3, 10 വയസുള്ള രണ്ട് കുട്ടികള്‍ ഉള്‍പ്പടെ അഞ്ച് പേര്‍ക്ക് പാമ്പ് കടിയേറ്റു. രണ്ട് പേരെ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. മറ്റ് മൂന്ന് പേര്‍ കായംകുളം താലൂക്ക് ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്. ആലപ്പുഴ, ചേര്‍ത്തല തണ്ണീര്‍മുക്കം എന്നിവിടങ്ങളില്‍ രണ്ട് പേര്‍ക്ക് പാമ്പിന്റെ കടിയേറ്റു. ഇവരും വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്. ചികിത്സയിലുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്.














