
ജൂണ്‍ 15 മുതല്‍ സ്ത്രീകള്‍ക്ക് കെഎസ്ആര്‍ടിസിയില്‍ യാത്ര സൗജന്യമാക്കുമെന്ന് ഗതാഗതവകുപ്പ് മന്ത്രി സി പി ജോണ്‍. സര്‍ക്കാരിന് വ്യക്തമായ പ്ലാന്‍ ഉണ്ട്. ജീവനക്കാര്‍ക്ക് ആശങ്ക വേണ്ട. ഒന്നാം തീയതി തന്നെ ശമ്പളവും പെന്‍ഷനും കിട്ടും.എല്ലാ സാമ്പത്തിക പ്രശ്‌നങ്ങളും പരിഹരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
കെഎസ്ആര്‍ടിസിക്ക് സര്‍ക്കാര്‍ അധിക സഹായം നല്‍കുമെന്നും കെഎസ്ആര്‍ടിസിയെ നഷ്ടമല്ലാത്ത സ്ഥിതിയില്‍ എത്തിക്കുകയാണ് ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു. സമ്പത്തുണ്ട്, അതിനെ ഉപയോഗപ്പെടുത്തും. ഏതൊക്കെ സര്‍വീസുകളില്‍ സൗജന്യം എന്നതില്‍ ചര്‍ച്ച തുടരുകയാണ്. തൊഴിലിടത്തേക്ക് പോകുന്ന സ്ത്രീകള്‍ക്ക് കൈത്താങ്ങാകും. സൗജന്യ യാത്ര വോട്ട് കിട്ടാന്‍ വേണ്ടി പറഞ്ഞതല്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. വാഹനമോഡിഫിക്കേഷനില്‍ യോഗം ചേര്‍ന്നിട്ടില്ലെന്നും മന്ത്രി സിപി ജോണ്‍ വ്യക്തമാക്കി.
അതേസമയം കെഎസ്ആര്‍ടിസിയില്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര അനുവദിച്ചാല്‍ വന്‍ നഷ്ടമുണ്ടാകുമെന്നാണ് ഗതാഗത സെക്രട്ടറിയുടെ റിപ്പോര്‍ട്ട്. 112 കോടിയുടെ നഷ്ടമുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. മൂന്നുമാസത്തെ കണക്കാണ് വിലയിരുത്തിയത്. ഓര്‍ഡിനറി ബസില്‍ മാത്രമെങ്കില്‍ 57 കോടി രൂപയുടെ നഷ്ടമുണ്ടാകുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ജൂണ്‍ 15 മുതലാണ് യുഡിഎഫ് സര്‍ക്കാര്‍ സൗജന്യ യാത്ര പ്രഖ്യാപിച്ചിരിക്കുന്നത് .
സ്ത്രീകളുടെ കണക്ക് എടുക്കാന്‍ ജെന്‍ഡര്‍ ടിക്കറ്റിങ് അടക്കം നടപ്പാക്കിയിരുന്നു. അതിന് ശേഷം കെഎസ്ആര്‍ടിസി എംഡി ഗതാഗത സെക്രട്ടറിയ്ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ഈ റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിക്കും. ഇതിന് ശേഷം മന്ത്രിസഭയുടെ അംഗീകാരത്തോടെയായിരിക്കും ജൂണ്‍ 15 മുതല്‍ സൗജന്യ യാത്ര നടപ്പിലാക്കുക.
സിറ്റിഫാസ്റ്റ്-ഓര്‍ഡിനറി ബസുകളിലാണെങ്കില്‍ 65 കോടിയുടെ നഷ്ടവും, ഓര്‍ഡിനറി, ഫാസ്റ്റ്, സൂപ്പര്‍ഫാസ്റ്റ് ബസുകളിലാണെങ്കില്‍ 90 കോടി രൂപയുടെയും നഷ്ടമുണ്ടാകുമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. പ്രതിദിനം കെഎസ്ആര്‍ടിസിയെ ആശ്രയിക്കുന്ന 29 ലക്ഷം പേരില്‍ പത്തൊന്‍പത് ലക്ഷത്തോളം വരുന്ന വനിതകളുടെ വിവരങ്ങള്‍ പുതിയ സംവിധാനത്തിലൂടെ ശേഖരിച്ചിരുന്നു.














