Hivision Channel

Kerala news

വെള്ളക്കരം; കുടിശിക അടക്കണം

കേരള വാട്ടര്‍ അതോറിറ്റി കണ്ണൂര്‍ ഡബ്ല്യു എസ് സബ് ഡിവിഷന് കീഴില്‍ വാട്ടര്‍ ചാര്‍ജ്ജ് കുടിശിക വരുത്തിയിട്ടുള്ള ഉപഭോക്താക്കള്‍ കുടിശിക തുക സെപ്റ്റംബര്‍ 25 നകം ഒടുക്കിയില്ലെങ്കില്‍ കണക്ഷന്‍ വിച്ഛേദിക്കാനുള്ള നടപടി സ്വീകരിക്കുമെന്ന് അസിസ്റ്റന്റ് എക്സിക്യുട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

ആശംസ കാര്‍ഡുകളയച്ചു

ഇരിട്ടി: പ്രധാന മന്ത്രി നരേന്ദ്രമോദിയുടെ 72-ാം ജന്മദിനത്തോടനുബന്ധിച്ച് ഇരിട്ടി മണ്ഡലത്തില്‍ വിവിധ കേന്ദ്രങ്ങളില്‍ നിന്നും ആശംസ കാര്‍ഡുകളയച്ചു. ഇരിട്ടി മണ്ഡലതല ഉദ്ഘാടനം സംസ്ഥാന സമിതി അംഗം വി.വി ചന്ദ്രന്‍ നിര്‍വ്വഹിച്ചു. ജില്ല ജനറല്‍ സെക്രട്ടറി സുരേഷ് എം.ആര്‍, നേതാക്കളായ സത്യന്‍ കൊമ്മേരി, സി.ബാബു, പ്രിജേഷ് അളോറ, രജീഷ് സി കൗണ്‍സിലര്‍മാരായ എ.കെ ഷൈജു, പി.പി ജയലക്ഷ്മി, അനിത സി.കെ, സിന്ധു എന്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു
ആശംസ കാര്‍ഡുകളയച്ചത്.

വോട്ടര്‍ ഐ ഡി-ആധാര്‍ ബന്ധിപ്പിക്കല്‍; 18നും 25നും വില്ലേജ്, താലൂക്ക് ഓഫീസുകള്‍ തുറക്കും

തെരഞ്ഞെടുപ്പ് തിരിച്ചറിയല്‍ കാര്‍ഡ് നമ്പര്‍ ആധാര്‍ നമ്പറുമായി ബന്ധിപ്പിക്കുന്നതിനായി സെപ്റ്റംബര്‍ 18, 25 തീയതികളില്‍ കണ്ണൂര്‍ താലൂക്കിന്റെ പരിധിയിലുള്ള മുഴുവന്‍ വില്ലേജ് ഓഫീസുകളും കൂടാതെ താലൂക്ക് ഇലക്ഷന്‍ വിഭാഗവും തുറന്ന് പ്രവര്‍ത്തിക്കും. എല്ലാവരും അവരുടെ തെരഞ്ഞെടുപ്പ് തിരിച്ചറിയല്‍ കാര്‍ഡ് നമ്പര്‍, ആധാര്‍ നമ്പര്‍, ഫോണ്‍ നമ്പര്‍ എന്നിവ സഹിതം താലൂക്ക്/വില്ലേജ് ഓഫീസുകളില്‍ എത്തി സൗകര്യം ഉപയോഗപ്പെടുത്തണമെന്ന് തഹസില്‍ദാര്‍ അറിയിച്ചു.

സ്മാര്‍ട്ട് ഗാര്‍ബേജ് ആപ്പ്; പ്രവര്‍ത്തന ഉദ്ഘാടനം 20ന്

ജില്ലയിലെ മാലിന്യ ശേഖരണ സംസ്‌കരണ സംവിധാന മാനേജ്മെന്റ് പൂര്‍ണമായും ശാസ്ത്രീയ രീതിയിലേക്ക് മാറുന്ന ഹരിത മിത്രം സ്മാര്‍ട്ട് ഗാര്‍ബേജ് ആപ് ഉപയോഗിച്ചുളള മാലിന്യ സംസ്‌കരണ മാനേജ്മെന്റ് സംവിധാനത്തിന് സെപ്റ്റംബര്‍ 20ന് ജില്ലയില്‍ തുടക്കമാകും. എരഞ്ഞോളിയിലെ തലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ രാവിലെ 11 മണിക്ക് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ് ഡിജിറ്റല്‍ മാനേജ്മെന്റ് സംവിധാനത്തിന്റെ പ്രവര്‍ത്തന ഉദ്ഘാടനം നിര്‍വ്വഹിക്കും. നിയമസഭാ സ്പീക്കര്‍ എ എന്‍ ഷംസീര്‍ അധ്യക്ഷത വഹിക്കും. സര്‍വ്വെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയവരെ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യയെ ആദരിക്കും.സംസ്ഥാനത്ത് സര്‍ക്കാര്‍ മേഖലയില്‍ ഖര മാലിന്യ ശേഖരണ മാനേജ്മെന്റ് സംവിധാനം ഡിജിറ്റല്‍ രീതിയിലാക്കാനാവശ്യമായ സര്‍വെ പൂര്‍ത്തീകരിച്ച സംസ്ഥാനത്തെ ആദ്യ പഞ്ചായത്താണ് എരഞ്ഞോളി. 7259 വീടുകളിലും 891 സ്ഥാപനങ്ങളിലുമാണ് എരഞ്ഞോളി ഗ്രാമ പഞ്ചായത്തില്‍ സര്‍വ്വെ ചെയ്തത്. 28 പേരടങ്ങിയ ടീമാണ് സര്‍വെയും ക്യു ആര്‍ കോഡ് പതിക്കലും നടത്തിയത്. ഖരമാലിന്യ ശേഖരണ-സംസ്‌കരണ സംവിധാനം ഡിജിറ്റല്‍ ചെയ്യുന്നതോടെ ശേഖരണ സംവിധാനത്തിന്റെ വേഗത വര്‍ധിപ്പിക്കാന്‍ സാധിക്കും. അതോടൊപ്പം ഹരിത കര്‍മ്മ സേന വീടുകളില്‍ മാലിന്യ ശേഖരണത്തിനായ് എത്തുന്ന തീയ്യതി മുന്‍കൂട്ടി അറിയിക്കാനും ശേഖരിക്കുന്ന മാലിന്യത്തിന്റെ അളവ് കൃത്യമായി അറിയാനും സാധിക്കും. കെല്‍ട്രോണ്‍ തയ്യാറാക്കിയ ആപ് ഉപയോഗിച്ചാണ് മാനേജ്മെന്റ് സംവിധാനം രൂപപ്പെടുത്തിയത്.

തൊഴില്‍സഭ സംസ്ഥാനതല ഉദ്ഘാടനം 20ന് മുഖ്യമന്ത്രി നിര്‍വഹിക്കും

കണ്ണൂര്‍:യുവതയെ തൊഴിലിലേക്കും സംരംഭങ്ങളിലേക്കും നയിക്കാന്‍ തദ്ദേശ സ്ഥാപന അടിസ്ഥാനത്തില്‍ നടപ്പിലാക്കുന്ന സൂക്ഷ്മതല ജനകീയ സംവിധാനമായ തൊഴില്‍സഭയുടെ സംസ്ഥാനതല ഉദ്ഘാടനം സെപ്റ്റംബര്‍ 20ന് രാവിലെ 10 മണിക്ക് പിണറായി കണ്‍വെന്‍ഷന്‍ സെന്ററില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. പിണറായി ഗ്രാമപഞ്ചായത്തിലെ സ്വന്തം വാര്‍ഡിലെ തൊഴില്‍സഭയില്‍ പങ്കെടുത്താണ് മുഖ്യമന്ത്രി ഉദ്ഘാടനം നിര്‍വഹിക്കുക. ചടങ്ങില്‍ തദ്ദേശ സ്വയംഭരണ വകുപ്പ്-എക്സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ് അധ്യക്ഷനാവും.
സംസ്ഥാനതല ഉദ്ഘാടനത്തിന് ശേഷം തൊഴില്‍ സഭകള്‍ ജില്ലാതലത്തിലും തദ്ദേശ സ്ഥാപന തലത്തിലും വാര്‍ഡ് തലത്തിലും വിളിച്ചുചേര്‍ക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ, തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ ടി ജെ അരുണ്‍ എന്നിവര്‍ കണ്ണൂര്‍ പിആര്‍ഡി ചേംബറില്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഓരോ പ്രദേശത്തുമുള്ള തൊഴിലന്വേഷകരെ അതത് പ്രദേശങ്ങളില്‍ തന്നെയുള്ള, കേരളത്തിനകത്തും പുറത്തുമുള്ള തൊഴില്‍ദാതാക്കളുമായി ബന്ധിപ്പിക്കാന്‍ തൊഴില്‍സഭകളില്‍ അവസരമുണ്ടാകും. വിവിധ വികസന വകുപ്പുകളും സര്‍ക്കാര്‍ ഏജന്‍സികളും വാഗ്ദാനം ചെയ്യുന്ന തൊഴിലവസരങ്ങളും സഹായങ്ങളും തദ്ദേശ സ്വയംഭരണ സംവിധാനത്തിലൂടെ നേരിട്ട് തൊഴിലന്വേഷകരെ പരിചയപ്പെടുത്തും.
തൊഴില്‍ തേടുന്നവര്‍, സ്വയംതൊഴില്‍ സംരംഭകര്‍, തൊഴില്‍ ദായക സംരംഭകര്‍, സംരംഭത്തിന്റെ പുനരുജ്ജീവനം ആവശ്യമുള്ളവര്‍, സംരംഭകത്വമികവ് വര്‍ധിപ്പിക്കാന്‍ ആഗ്രഹിക്കുന്നവര്‍, നൈപുണ്യവികസനം ആവശ്യമുള്ളവര്‍ എന്നിവരെയെല്ലാം കൂട്ടി യോജിപ്പിച്ചാണ് തൊഴില്‍ സഭകള്‍ ആരംഭിക്കുന്നത്. ഒരു തൊഴില്‍സഭയില്‍ 200 മുതല്‍ 250 വേരെ പേര്‍ പങ്കെടുക്കുന്ന വിധത്തില്‍ ഒന്നോ അതിലധികമോ വാര്‍ഡുകളെ ചേര്‍ത്താണ് തൊഴില്‍സഭകള്‍ സംഘടിപ്പിക്കുക.
‘എന്റെ തൊഴില്‍, എന്റെ അഭിമാനം’ പദ്ധതിയുടെ ഭാഗമായി നടത്തിയ സര്‍വ്വേയില്‍ സംസ്ഥാനത്താകെ 53 ലക്ഷത്തോളം തൊഴിലന്വേഷകര്‍ ഉണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. ഈ പട്ടികയിലെ 23 വയസ്സിനും 40 വയസ്സിനും ഇടയിലുള്ള 29 ലക്ഷത്തോളം പേരെ കെ-ഡിസ്‌ക് തയ്യാറാക്കിയ ഡിജിറ്റല്‍ വര്‍ക്ക് ഫോഴ്സ് മാനേജ്മെന്റ് സിസ്്റ്റത്തില്‍ രജിസ്റ്റര്‍ ചെയ്യാനുള്ള നടപടികളും സ്വീകരിച്ചിട്ടുണ്ട്.
ഓരോ തൊഴില്‍സഭയിലും മൂന്ന് ഗ്രൂപ്പ് ചര്‍ച്ചകളും ഒമ്പതോളം ഉപഗ്രൂപ്പ് ചര്‍ച്ചകളും നടത്തും. ഇവക്ക് തൊഴില്‍സഭ ലീഡിന്റെ നേതൃത്വത്തിലുള്ള ഫെസിലിറ്റേഷന്‍ ടീം നേതൃത്വം നല്‍കും.
ഉദ്ഘാടന പരിപാടിയില്‍ എംപിമാരായ കെ സുധാകരന്‍, ഡോ വി ശിവദാസന്‍, വിവിധ വകുപ്പ് മേധാവികള്‍, കില ഡയറക്ടര്‍, തദ്ദേശ സ്ഥാപന അധ്യക്ഷന്‍മാര്‍, സെക്രട്ടറിമാര്‍, ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

രാഹുല്‍ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെ സംഘാടക സമിതി ഓഫീസിന്റെ ഉദ്ഘാടനം

പേരാവൂര്‍: കോണ്‍ഗ്രസ് പേരാവൂര്‍ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ രാഹുല്‍ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെ സംഘാടക സമിതി ഓഫീസിന്റെ ഉദ്ഘാടനം പേരാവൂര്‍ പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് ചന്ദ്രന്‍ തില്ലങ്കേരി നിര്‍വഹിച്ചു. ജൂബിലി ചാക്കോ അധ്യക്ഷത വഹിച്ചു. ബൈജു മാസ്റ്റര്‍, സുരേഷ് ചാലാറത്ത്, സുഭാഷ് മാസ്റ്റര്‍, മാത്യു തോമസ്, ഹരി തിട്ടയില്‍, ശശി കിളിയത്ത്, ഷഫീക്ക് തുടങ്ങിയവര്‍ സംസാരിച്ചു. തുടര്‍ന്ന് പേരാവൂര്‍ ടൗണില്‍ വിളംബര ജാഥയും നടത്തി.

പുന്നാട് നിവേദിത വിദ്യാലയത്തില്‍ കായികമേള

പുന്നാട്: നിവേദിത വിദ്യാലയത്തില്‍ കായികമേള നടന്നു. റിട്ട.എയര്‍ഫോഴ്സ് ഓഫീസറും കണ്ണൂര്‍ യൂണിവേഴ്സിറ്റി മുന്‍ വോളിവോള്‍ കോച്ചുമായ എം. ബാലന്‍ നമ്പ്യാര്‍ ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ സി. പ്രജിത്ത് അധ്യക്ഷത വഹിച്ചു. വിദ്യാലയ സമിതി അംഗം കെ ബാനിഷ് മാസ്റ്റര്‍, കായികാധ്യപിക സുനിത, സ്റ്റാഫ് സെക്രട്ടറി പി ബിന്ദു, കെ. രഞ്ജിനി എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് കുട്ടികളുടെ വിവിധ കായികമത്സരങ്ങള്‍ നടന്നു.

കക്കാട് മനയില്‍ കിരണ്‍ ആനന്ദ് നമ്പൂതിരി ഗുരുവായൂര്‍ ക്ഷേത്രം മേല്‍ശാന്തി

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ മേല്‍ശാന്തിയെ തെരഞ്ഞെടുത്തു. മേല്‍ശാന്തിയായി കക്കാട് മനയില്‍ കിരണ്‍ ആനന്ദ് നമ്പൂതിരിയെയാണ് നറുക്കെടുപ്പിലൂടെ തെരഞ്ഞെടുത്തത്. കിരണ്‍ ആനന്ദ് നമ്പൂതിരി ആദ്യമായാണ് മേല്‍ശാന്തിയാകുന്നത്. കൂടിക്കാഴ്ചയില്‍ അര്‍ഹത നേടിയവരുടെ പേരുകള്‍ ഉച്ചപൂജയ്ക്ക് ശേഷം നമസ്‌കാര മണ്ഡപത്തില്‍ തന്ത്രിയുടെ സാന്നിദ്ധ്യത്തില്‍ നറുക്കെടുത്തു. നിലവിലെ മേല്‍ശാന്തി തിയ്യന്നൂര്‍ കൃഷ്ണചന്ദ്രന്‍ നമ്പൂതിരിയാണ് നറുക്കെടുത്തത്. ഒക്ടോബര്‍ ഒന്നുമുതല്‍ ആറ് മാസമാണ് പുതിയ മേല്‍ശാന്തിയുടെ കാലാവധി.

പേരാവൂര്‍ ന്യൂ മൊബൈല്‍ ട്രാക്ക് ഏര്‍പ്പെടുത്തിയ സമ്മാനക്കൂപ്പണുകളുടെ നറുക്കെടുപ്പ്

പേരാവൂര്‍: ഓണം ഓഫറുകളുടെ ഭാഗമായി പേരാവൂര്‍ ന്യൂ മൊബൈല്‍ ട്രാക്ക് ഏര്‍പ്പെടുത്തിയ സമ്മാനക്കൂപ്പണുകളുടെ നറുക്കെടുപ്പ് നടത്തി. പേരാവൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ.സുധാകരന്‍ ഉദ്ഘാടനം ചെയ്തു. വ്യാപാരി വ്യവസായി ഏകോപന സമിതി സെക്രട്ടറി പി.ആര്‍ ഷനോജ്, യുണൈറ്റഡ് മര്‍ച്ചന്റ്‌സ് ചേംബര്‍ പ്രസിഡണ്ട് കെ.എം ബഷീര്‍, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡണ്ട് കെ.കെ രാമചന്ദ്രന്‍ എന്നിവര്‍ രണ്ടാം സമ്മാനം മുതല്‍ നാലാം സമ്മാനം വരെയുള്ള കൂപ്പണുകളുടെ നറുക്കെടുപ്പ് നടത്തി. പേരാവൂര്‍ പെട്രോള്‍ പമ്പിലെ പി.രാജന്‍ ഒന്നാം സമ്മാനത്തിനര്‍ഹനായി. പേരാവൂര്‍ സ്വദേശി റിഥിക്, പുതുശേരി സ്വദേശി പ്രദീപ്, പെരുമ്പുന്ന സ്വദേശിനി മേരി എന്നിവര്‍ യഥാക്രമം രണ്ട് മുതല്‍ നാലുവരെയുള്ള സമ്മാനങ്ങള്‍ക്കര്‍ഹരായി. മൊബൈല്‍ ട്രാക്ക് എം.ഡി ജിതിന്‍ പാലോറാന്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു.

ബി.പി.എല്‍ റേഷന്‍ കാര്‍ഡ് അനര്‍ഹമായി കൈവശം വയ്ക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുമായി ഭക്ഷ്യവകുപ്പ്

ബി.പി.എല്‍ റേഷന്‍ കാര്‍ഡുകള്‍ അനര്‍ഹമായി കൈവശം വയ്ക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുമായി ഭക്ഷ്യവകുപ്പ്. സാമ്പത്തിക സ്ഥിതി നേരിട്ട് ബോധ്യപ്പെടാന്‍ വീടുകളില്‍ സിവില്‍ സപ്ലൈസ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തും. ജോലിയില്‍ സാമ്പത്തിക സംവരണം ഉള്‍പ്പെടെ നേടാന്‍ ബി.പി.എല്‍ കാര്‍ഡ് ഉപയോഗിക്കുന്നുവെന്നും കണ്ടെത്തി. പരിശോധന കര്‍ശനമാക്കുമെന്നും നടപടിയെടുക്കുമെന്നും മന്ത്രി ജി.ആര്‍.അനില്‍ പറഞ്ഞു.ബി.പി.എല്‍ റേഷന്‍ കാര്‍ഡുകള്‍ അനര്‍ഹമായി കൈവശം വയ്ക്കുന്നവര്‍ക്ക് ഇതു തിരികെ സമര്‍പ്പിക്കാന്‍ സര്‍ക്കാര്‍ സമയം അനുവദിച്ചിരുന്നു. പിഴയോ മറ്റു ശിക്ഷാ നടപടികളോ സ്വീകരിക്കില്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. ഈ കാലയളവില്‍ നിരവധി പേര്‍ റേഷന്‍ കാര്‍ഡുകള്‍ തിരികെ സമര്‍പ്പിച്ചിട്ടുണ്ടെങ്കിലും ഇനിയും നിരവധി പേര്‍ അനര്‍ഹമായി റേഷന്‍ കാര്‍ഡുകള്‍ കൈവശം വച്ചിട്ടുണ്ടെന്നാണ് ഭക്ഷ്യവകുപ്പിന്റെ കണ്ടെത്തല്‍.ഇവരെ കണ്ടെത്തുന്നതിന്് നേരിട്ട് വീടുകളില്‍ പരിശോധന നടത്താന്‍ തീരുമാനിച്ചു. സിവില്‍ സപ്ലൈസ് ഉദ്യോഗസ്ഥര്‍ വീടുകളിലെത്തിയാണ് പരിശോധന നടത്തുക. വീടിന്റെ വിസ്തീര്‍ണ്ണം, നാല് ചക്ര വാഹനമുണ്ടോ, വീട് വാടകയ്ക്ക് നല്‍കിയിട്ടുള്ളവരാണോ തുടങ്ങിയവയാണ് പരിശോധിക്കുന്നത്. സാമ്പത്തിക സ്ഥിതിയില്‍ മുന്നിട്ട് നില്‍ക്കുന്നവരാണെന്ന് കണ്ടെത്തിയാല്‍ കാര്‍ഡുകള്‍ പിടിച്ചെടുക്കും. പിഴ ഈടാക്കാനും തീരുമാനിച്ചിട്ടുണ്ട്.