Hivision Channel

Kerala news

കുടിവെള്ള പൈപ്പുകള്‍ നല്‍കി

പൂളക്കുറ്റി: കണിച്ചാര്‍ പഞ്ചായത്തിലെ പൂളക്കുറ്റിയിലും പരിസര പ്രദേശങ്ങളിലുമുണ്ടായ ഉരുള്‍പൊട്ടലില്‍ കുടിവെള്ള പൈപ്പുകള്‍ നഷ്ടപ്പെട്ട 45 കുടുംബങ്ങള്‍ക്ക് കുടിവെള്ള പൈപ്പുകള്‍ വിതരണം ചെയ്തു. 30 കുടുംബങ്ങള്‍ക്ക് റവന്യു വകുപ്പും, 15 കുടുംബങ്ങള്‍ക്ക് കണിച്ചാര്‍ കുടുംബശ്രീയുമാണ് കുടിവെള്ള പൈപ്പുകള്‍ വിതരണം ചെയ്തത്. റവന്യു വകുപ്പ് ഒന്നര ലക്ഷം രൂപയും കുടുംബശ്രീ 70000 രൂപയുമാണ് നല്‍കിയത്. പൂളക്കുറ്റിയിലെ ക്യാമ്പില്‍ കഴിയുന്ന ഭൂരിഭാഗം കുടുംബങ്ങള്‍ക്കും സ്വന്തം വീടുകളിലേക്ക് തിരികെ പോകാന്‍ കഴിയാത്തത് കുടിവെള്ള പ്രശ്നം നേരിടുന്നതിനാലായിരുന്നു. ഈ പ്രശ്നത്തിനാണ് ഇപ്പോള്‍ ഒരു പരിധിവരെ പരിഹാരം ആയിരിക്കുന്നത്. അവശേഷിക്കുന്ന കുടുംബങ്ങള്‍ക്ക് തലശേരി അതിരൂപതയുടെ നേതൃത്വത്തില്‍ അടുത്ത ദിവസം തന്നെ കുടിവെള്ള വൈപ്പുകള്‍ വിതരണം ചെയ്യും. കണിച്ചാര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ആന്റണി സെബാസ്റ്റ്യന്‍ വിതരണോദ്ഘാടനം നിര്‍വഹിച്ചു. ഇരിട്ടി തഹസില്‍ദാര്‍ സി.വി പ്രകാശന്‍, വില്ലേജ് ഓഫീസര്‍ ബിജി ജോണ്‍, പഞ്ചായത്ത് അംഗങ്ങളായ ജിമ്മി അബ്രഹാം, ഷോജറ്റ് ചന്ദ്രന്‍കുന്നേല്‍ എന്നിവര്‍ പങ്കെടുത്തു.

നാടന്‍ തോക്കുമായി ഒരാളെ പിടികൂടി

മുഴക്കുന്ന്: വീടിനുള്ളില്‍ സൂക്ഷിച്ച നാടന്‍ തോക്കും കാട്ടുപന്നിയുടെ എന്നുകരുതുന്ന നെയ്യുമായി ഒരാളെ മുഴക്കുന്ന് പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ ഷിബു എഫ് പോളും സംഘവും പിടികൂടി. മുഴക്കുന്ന് ഗ്രാമത്തിലെ കായംമ്പടന്‍ അക്ഷയ് (23) ആണ് പിടിയിലായത്. മുഴക്കുന്ന് പോലീസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ രജീഷ് തെരുവത്ത് പീടികയിലിന്റെ നിര്‍ദ്ദേശാനുസരണം നടത്തിയ പരിശോധനയിലാണ് നാടന്‍ തോക്ക് പിടികൂടിയത്.

ആസാദി കാ അമൃത് മഹോത്സവിന്റെ ഭാഗമായി വിവിധ പരിപാടികള്‍ സംഘടിപ്പിച്ചു

കൊട്ടിയൂര്‍ : എന്‍.എസ്.എസ്.കെ യു.പി സ്‌കൂളില്‍ ആസാദി കാ അമൃത് മഹോത്സവിന്റെ ഭാഗമായി ഫോട്ടോ പ്രദര്‍ശനം, പതാക നിര്‍മ്മാണം, ദേശഭക്തി ഗാനം, ഫ്‌ലാഷ് മോബ്, വന്ദേ മാതരം എന്നീ മത്സരങ്ങള്‍ നടത്തി. ചടങ്ങിന്റെ ഉദ്ഘാടനം ഹെഡ്മിസ്ട്രസ് എസ്.സുമിത നടത്തി. അധ്യാപകരായ ടി.ഡി ബീന, വി.എസ് ജിഷാറാണി, കെ.പ്രജിന എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്കി.

സ്‌കൂളുകളിലേക്കുള്ള ദേശീയ പതാക വിതരണത്തിന്റെ കേളകം പഞ്ചായത്ത് തല ഉദ്ഘാടനം

കേളകം: ഹര്‍ഘര്‍ തിരംഗിന്റെ ഭാഗമായി കേളകം പഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസിന്റെ നേതൃത്വത്തില്‍ സ്‌കൂളുകളിലേക്കുള്ള ദേശീയ പതാക വിതരണത്തിന്റെ കേളകം പഞ്ചായത്ത് തല ഉദ്ഘാടനം നടത്തി. കോളിത്തട്ട് ഗവ. എല്‍.പി സ്‌കൂള്‍ അധ്യാപിക സജിഷയ്ക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി.ടി അനീഷ് ദേശീയ പതാക കൈമാറി ഉദ്ഘാടനം ചെയ്തു. ചെയര്‍പേഴ്‌സണ്‍ രജനി പ്രശാന്ത്, പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി സുനില്‍, ബീന, മറിയക്കുട്ടി ജെയിംസ് എന്നിവര്‍ പങ്കെടുത്തു.

മരത്തിന്റെ ശിഖരം പൊട്ടി വീണ് ഗതാഗതം തടസപ്പെട്ടു.

പേരാവൂർ:പേരാവൂര്‍ മാലൂര്‍ റോഡില്‍ തെരുവത്താണ് മരത്തിന്റെ ശിഖരം പൊട്ടി വീണ് ഗതാഗതം തടസപ്പെട്ടത്.വെള്ളിയാഴ്ച്ച ഉച്ചയ്ക്ക് 2 മണിയോടെയാണ് സംഭവം. പേരാവൂര്‍ ഫയര്‍ഫോഴ്‌സും നാട്ടുകാരും ബസ് ജീവനക്കാരും സ്ഥലത്തെത്തി മരം മുറിച്ച് നീക്കി ഗതാഗതം പുനസ്ഥാപിച്ചു.

കണ്ണൂര്‍ ജില്ല ചെറുകിട മോട്ടോര്‍ തൊഴിലാളി യൂണിയന്‍ സി.ഐ.ടി.യു പേരാവൂര്‍ ഏരിയ സമ്മേളനം

പേരാവൂര്‍: കണ്ണൂര്‍ ജില്ല ചെറുകിട മോട്ടോര്‍ തൊഴിലാളി യൂണിയന്‍ സി.ഐ.ടി.യു പേരാവൂര്‍ ഏരിയ സമ്മേളനം പേരാവൂര്‍ കാനത്തില്‍ സ്മാരക ഹാളില്‍ നടന്നു. ജില്ലാ വൈസ് പ്രസിഡണ്ട് കെ ബഷീര്‍ ഉദ്ഘാടനം ചെയ്തു.

സി.ഐ.ടി.യു പേരാവൂര്‍ ഏരിയ സെക്രട്ടറി പി.വി പ്രഭാകരന്‍ അധ്യക്ഷത വഹിച്ചു. കെ.ടി ജോസഫ്, കെ.ജെ ജോയിക്കുട്ടി എന്നിവര്‍ സംസാരിച്ചു.

സംസ്‌കൃത ദിനാഘോഷം സംഘടിപ്പിച്ചു

കീഴൂര്‍: വാഴുന്നവേഴ്സ് യു പി സ്‌കൂളില്‍ സംസ്‌കൃതം ക്ലബിന്റെ നേതൃത്വത്തില്‍ സംസ്‌കൃത ദിനാഘോഷം സംഘടിപ്പിച്ചു. ഇരിട്ടി നഗരസഭ വൈസ് ചെയര്‍മാന്‍ പി.പി ഉസ്മാന്‍ ഉദ്ഘാടനം ചെയ്തു. കൗണ്‍സിലര്‍ പി.പി ജയലക്ഷ്മി അധ്യക്ഷത വഹിച്ചു. ഇരിട്ടി ബി പി സി ശശിധരന്‍ ടി എം വിശിഷ്ടാതിഥിയായി. ഉണ്ണി മാസ്റ്റര്‍, ശ്രീനിവാസന്‍, പ്രശാന്ത്, പി.പി സനോജ്, സി.കെ ലളിത എന്നിവര്‍ സംസാരിച്ചു. സംസ്‌കൃത പ്രദര്‍ശനവും നടന്നു.

വിജയോത്സവം 2022 സംഘടിപ്പിച്ചു

അടയ്ക്കാത്തോട്: സെന്റ് ജോസഫ്‌സ് ഹൈസ്‌കൂളില്‍ വിജയോത്സവം 2022 സംഘടിപ്പിച്ചു. വിജയോത്സവം കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ വി.കെ സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. മാനേജര്‍ ഫാദര്‍ ശാന്തി ദാസ് അധ്യക്ഷത വഹിച്ചു. കേളകം ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ സജീവന്‍ പാലുമ്മി വിജയികളെ ആദരിച്ചു. മെമ്പര്‍ ബിനു മാനുവല്‍, പി.ടി.എ പ്രസിഡണ്ട് ബെന്നി അറയ്ക്കമാലില്‍, മദര്‍ പി.ടി.എ പ്രസിഡണ്ട് ഷാന്റി സജി, ഹെഡ് മാസ്റ്റര്‍ ജോണ്‍സണ്‍ വി.സി, മിനി മാത്യു, അസ്‌ന സലാം, സജി ആന്റണി എന്നിവര്‍ സംസാരിച്ചു. ചടങ്ങില്‍ 2021-22 വര്‍ഷത്തില്‍ എസ്.എസ്.എല്‍.സി പരീക്ഷയിലെ വിജയികളെയും ഉന്നത വിജയം നേടിയവരെയുമാണ് ആദരിച്ചു.

മോണിംഗ് ഫൈറ്റേഴ്‌സ് ഇന്‍ഡൂറന്‍സ് അക്കാദമിക്ക് അഭിനന്ദനവുമായി കണ്ണൂര്‍ അന്നപൂര്‍ണ്ണ ട്രസ്റ്റ്

തൊണ്ടിയില്‍: പൂളക്കുറ്റി ഉരുള്‍പൊട്ടല്‍ ദുരന്തമുഖത്ത് കൈമെയ്മറന്ന് പ്രവര്‍ത്തിച്ച മോണിംഗ് ഫൈറ്റേഴ്‌സ് ഇന്‍ഡൂറന്‍സ് അക്കാദമിക്ക് അഭിനന്ദനവുമായി കണ്ണൂര്‍ അന്നപൂര്‍ണ്ണ ട്രസ്റ്റ്. പോലീസ് ഇന്‍സ്പെക്ടറായി വിരമിച്ച എം.സി കുട്ടിയച്ചന്റെ നേതൃത്വത്തില്‍ നടത്തുന്ന മോണിംഗ് ഫൈറ്റേഴ്സ് ഇന്‍ഡൂറന്‍സ് അക്കാദമിയിലെ കുട്ടികളായിരുന്നു പൂളക്കുറ്റിയിലെ ദുരന്തമുഖത്ത് രക്ഷാപ്രവര്‍ത്തനം നടത്തിയത്. ദിവസവും രാവിലെ പരിശീലനത്തിനെത്തുന്ന 150 ഓളം വരുന്ന വിദ്യാര്‍ത്ഥികളെയും കൂട്ടിയായിരുന്നു ഉരുള്‍പൊട്ടല്‍ മേഖലയില്‍ സൈനീക രീതിയില്‍ തിരച്ചില്‍ നടത്തി ഉരുള്‍പൊട്ടലിലുണ്ടായ മലവെള്ളപാച്ചിലില്‍ അകപ്പെട്ട പിഞ്ചുകുഞ്ഞ് ഉള്‍പ്പെടെയുള്ളവരുടെ മൃതദേഹങ്ങള്‍ കണ്ടെത്താന്‍ സഹായിച്ചത്. വെള്ളം കയറിയ വീടുകളില്‍ ചെളി കഴുകിമാറ്റാനും, കൃഷിയിടവും റോഡും പാലവുമെല്ലാം പഴയ നിലയിലാക്കാനും കൈയ്മെയ് മറന്നുള്ള അസ്രാന്ത പരിശ്രമത്തിലായിരുന്നു കുട്ടിയച്ചന്റെ കുട്ടിപട്ടാളം. മോണിംഗ് ഫൈറ്റേഴ്സ് ഇന്‍ഡൂറന്‍സ് അക്കാദമിയുടെ പ്രവര്‍ത്തനങ്ങള്‍ അറിഞ്ഞാണ് കണ്ണൂരിലെ അന്ന പൂര്‍ണ്ണ ട്രസ്റ്റ് അംഗങ്ങള്‍ അനുമോദനവുമായി എത്തിയത്. ബ്രണ്ണന്‍ കോളേജ്റിട്ട പ്രൊഫസര്‍ ഫല്‍ഗുനന്‍, ആല്‍ഫിന്‍,കണ്ണൂര്‍ ഐഎഎസ് അക്കാദമി ഡയറക്ടര്‍ ജോബിന്‍ ജെയിംസ്, റിട്ട. സി ഐ സുധാകരന്‍ എന്നിവരാണ് വിദ്യാര്‍ത്ഥികള്‍ക്ക് മോട്ടിവേഷന്‍ നല്‍കി അനുമോദിച്ചത്. ചടങ്ങില്‍ അക്കാദമി ഡയറക്ടര്‍ എം സി കുട്ടിയച്ചനെയും പൊന്നാടയണിയിച്ച് ആദരിച്ചു.

ശമ്പളം രണ്ട് ദിവസത്തിനുള്ളില്‍ കൊടുത്തുതീര്‍ക്കും; കെ.എസ്.ആര്‍.ടി.സി പ്രതിസന്ധിയില്‍ പ്രതികരിച്ച് മന്ത്രി ആന്റണി രാജു

കെ.എസ്.ആര്‍.ടി.സി ജീവനക്കാരുടെ ശമ്പളം ഇന്നും നാളെയുമായി കൊടുത്തുതീര്‍ക്കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു. ധനവകുപ്പ് അനുമതി ലഭിച്ച സ്ഥിതിക്ക് ഇനി വൈകില്ലെന്നും മന്ത്രി വിശദീകരിച്ചു. കെ.എസ്.ആര്‍.ടി.സിയുടെ വരുമാനമുപയോഗിച്ച് മാത്രം, ജീവനക്കാര്‍ക്ക് ശമ്പളം കൊടുക്കാനാകില്ലെന്നും ശമ്പളം നല്‍കുന്നതിന് വേണ്ടി സര്‍ക്കാര്‍ സഹായം നല്‍കാറുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.ട്രേഡ് യൂണിയന്‍ നേതാക്കളുമായി ഈ മാസം 17 ന് ചര്‍ച്ച നടത്തുമെന്നും മന്ത്രി വിശദീകരിച്ചു. സുശീല്‍ ഖന്ന റിപ്പോര്‍ട്ടിനോട് ട്രേഡ് യൂണിയനുകള്‍ക്ക് കാര്യമായ എതിര്‍പ്പില്ല. പല നിര്‍ദ്ദേശങ്ങളും നടപ്പിലാവുന്നുണ്ട്. ശമ്പളക്കാര്യത്തില്‍ ഉള്‍പ്പെടെ സ്ഥായിയായ പരിഹാരം ഉണ്ടാകുമെന്നാണ് കരുതുന്നതെന്നും മന്ത്രി വിശദീകരിച്ചു. സി.പി.എം സംസ്ഥാന സമിതിയില്‍ ഗതാഗത വകുപ്പിനെ കുറിച്ച് വിമര്‍ശനമുണ്ടായെന്നതിനെ കുറിച്ച് അറിവില്ലെന്നും വിമര്‍ശിക്കപ്പെട്ടിട്ടില്ലെന്നാണ് ലഭിച്ച വിവരമെന്നും മന്ത്രി വിശദീകരിച്ചു.