Hivision Channel

Kerala news

മധ്യവയസ്‌കനെ മരിച്ച നിലയില്‍ കണ്ടെത്തി

ഇരിട്ടി: മധ്യവയസ്‌കനെ മരിച്ച നിലയില്‍ കണ്ടെത്തി. ഇരിട്ടി പാലത്തിന് സമീപത്തെ സൂര്യ ബാറിന്റെ വരാന്തയിലാണ് ലോട്ടറി വില്‍പനക്കാരനായ പടിയൂര്‍ സ്വദേശി താഴെവീട്ടില്‍ കണ്ണനെ(55) മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇരിട്ടി പോലീസ് സ്ഥലത്തെത്തി മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തി

സര്‍വ്വകക്ഷി അനുശോചന യോഗം

പേരാവൂര്‍: അര്‍ബന്‍ ബാങ്ക് റിട്ട. സെക്രട്ടറി തിരുവോണപുറത്തെ വി.കെ.ബലന്റെ നിര്യാണത്തില്‍ അനുശോചിച്ച് പേരാവൂരില്‍ സര്‍വ്വകക്ഷി അനുശോചന യോഗം ചേര്‍ന്നു. ജില്ല പഞ്ചായത്ത് അംഗം ജൂബിലി ചാക്കോ അധ്യക്ഷയായി. കെ.കെ രാമചന്ദ്രന്‍ ,കെ.ശശീന്ദ്രന്‍ മാസ്റ്റര്‍, വി.ഗീത,ജിജി ജോയി, കെ.ജയപ്രകാശ്, അരിപ്പയില്‍ മുഹമ്മദ് ഹാജി, എ.കെ ഇബ്രാഹിം, മണക്കടവന്‍ രാഘവന്‍, സിബി കണ്ണീറ്റ്കണ്ടം, ജോഷി മഞ്ഞപ്പള്ളി, ജെ.ദേവദാസ്, കെ.രാജന്‍ മാസ്റ്റര്‍, സുരേഷ് ചാലാറത്ത്, കെ.ഹരിദാസ്, എം.കെ.ദിനേശ് ബാബു തുടങ്ങിയവര്‍ സംസാരിച്ചു.

കാറുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് അപകടം

കാക്കയങ്ങാടില്‍ കാറുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് അപകടം. തളിപ്പറമ്പ് സ്വദേശിയുടെയും പുന്നാട് സ്വദേശിയുടെയും കാറുകളാണ് അപകടത്തില്‍പെട്ടത്. അപകടത്തില്‍ യാത്രക്കാര്‍ക്ക് നിസാര പരിക്കേറ്റു.

കുടുംബ പൊതുയോഗവും ഓണഫണ്ട് വിതരണവും

കൊട്ടിയൂര്‍: എസ്.എന്‍.ഡി.പി ശാഖയോഗത്തിന് കീഴിലുള്ള പന്നിയാംമല പടിഞ്ഞാറ് കുമാരാനാശന്‍ കുടുംബ പൊതുയോഗവും ഓണ ഫണ്ട് വിതരണവും അരി വിതരണവും സംഘടിപ്പിച്ചു. പി.തങ്കപ്പന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. രത്‌നാകരന്‍, ബിന്ദു, സി.കെ വിനോദ് തുടങ്ങിയവര്‍ സംസാരിച്ചു. 7 അംഗ പുതിയ കമ്മിറ്റിയെയും തിരഞ്ഞെടുത്തു.

ഓണാഘോഷം സംഘടിപ്പിച്ചു

കേളകം: 11-ാം വാര്‍ഡ് കോണ്‍ഗ്രസ് കമ്മിറ്റിയുടെയും മുഴുവന്‍ സിയുസികളുടെയും നേതൃത്വത്തില്‍ വെള്ളൂന്നി ചോലപ്പനം ആദിവാസി കോളനിയില്‍ ഓണാഘോഷം സംഘടിപ്പിച്ചു. ഡി.സി.സി പ്രസിഡണ്ട് മാര്‍ട്ടിന്‍ ജോര്‍ജ് ഉദ്ഘാടനം ചെയ്തു. ഡി.സി.സി സെക്രട്ടറി ബൈജു വര്‍ഗീസ്, സന്തോഷ് ജോസഫ്, വര്‍ഗീസ് ജോസഫ്, ലാലി ജോസ്, വില്‍സണ്‍ കൊച്ചുപുര, വിമല്‍ വില്‍സണ്‍, സുരേന്ദ്രന്‍, സോനു തുടങ്ങിയവര്‍ സംസാരിച്ചു. തുടര്‍ന്ന് വടംവലിയും നടന്നു. മത്സരങ്ങളില്‍ വിജയിച്ചവര്‍ക്ക് സമ്മാനങ്ങളും വിതരണം ചെയ്തു.

ഓണക്കിറ്റ് വിതരണവും ചികിത്സ ധനസഹായ വിതരണവും

ഇരിട്ടി: തുടിമരം വന സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തില്‍ സമിതി പ്രദേശത്തെ പട്ടികജാതി, പട്ടികവര്‍ഗ്ഗ വിഭാഗത്തിലെ 10 കുടുംബങ്ങള്‍ക്ക് ഓണക്കിറ്റ് വിതരണവും സമിതി അംഗങ്ങള്‍ക്ക് ചികിത്സ ധനസഹായ വിതരണവും നടത്തി.ഇരിട്ടി സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ കെ ജിജില്‍ വിതരണോദ്ഘാടനം നിര്‍വഹിച്ചു. സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ എ.കെ ബാലന്‍, ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ കൃഷ്ണശ്രീ പി, എം.എന്‍ രാജപ്പന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

ചിരാത്; സ്റ്റുഡന്റ് പോലീസ് കേഡറ്റ് ക്യാമ്പിന് തുടക്കമായി

കേളകം: ചിരാത് എന്ന പേരില്‍ സ്റ്റുഡന്റ് പോലീസ് കേഡറ്റിന് നല്‍കുന്ന മൂന്ന് ദിവസത്തെ ക്യാമ്പിന് കേളകം സെന്റ് തോമസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ തുടക്കമായി. ജില്ലാ പഞ്ചായത്തംഗം വി ഗീത ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡണ്ട് സന്തോഷ് സി.സി അധ്യക്ഷത വഹിച്ചു. കേളകം പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ ജീസ് മാത്യു മുഖ്യപ്രഭാഷണം നടത്തി. ഹെഡ്മാസ്റ്റര്‍ എം.വി മാത്യു, സിവില്‍ പോലീസ് ഓഫീസര്‍മാരായ ജോബി ഏലിയാസ്, അശ്വതി കെ ഗോപിനാഥ്, ഡി.ഐ ഷിബിന്‍ എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് കുട്ടികള്‍ കേളകം ടൗണിലേക്ക് ലഹരി വിരുദ്ധ സന്ദേശ റാലി നടത്തി.

ഓണാഘോഷം സംഘടിപ്പിച്ചു

കൊട്ടിയൂര്‍: വ്യാസ ഫൈന്‍ ആര്‍ട്സ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ ഓണാഘോഷം സംഘടിപ്പിച്ചു. സൊസൈറ്റി അംഗങ്ങള്‍ ആദ്യകാല ഓണത്തെക്കുറിച്ച് വിശദീകരിച്ചു. തുടര്‍ന്ന് ഓണസദ്യയും നടത്തി. വ്യാസ ഭാരവാഹികളായ പി.ജെ ദേവസ്യ, കെ.പി പസന്ത്, പി.രാജപ്പന്‍ മാസ്റ്റര്‍, ജില്‍സ് എം മേക്കല്‍, ശിവദാസന്‍ നായര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

ഹര്‍ത്താല്‍ ആചരിച്ചു

പേരാവൂര്‍: മണത്തണയിലെ കച്ചവട സ്ഥാപനത്തില്‍ നടന്ന ആക്രമണവുമായി ബന്ധപ്പെട്ട് മണത്തണയില്‍ വ്യാപാരി വ്യവസായി ഏകോപന സമിതി മണത്തണ യൂണിറ്റിന്റെ നേതൃത്വത്തില്‍ വ്യാപാരികള്‍ ഹര്‍ത്താല്‍ ആചരിച്ചു. പ്രതിഷേധപ്രകടനവും പ്രതിഷേധ യോഗവും ചേര്‍ന്നു. യോഗത്തില്‍ യൂണിറ്റ് പ്രസിഡന്റ് സി.എം.ജെ മണത്തണ അധ്യക്ഷത വഹിച്ചു. അക്രമികളെ നിയമത്തിന്റെ മുന്‍പില്‍ എത്തിക്കാന്‍ ഏതറ്റം വരെ പോകാനും സമാധാനപരമായി വ്യാപാരം നടത്താനുള്ള സാഹചര്യം ഒരുക്കാനും അതിനാവാത്താ പക്ഷം സംഘടനാപരമായി തന്നെ നേരിടാന്‍ നിശ്ചയിച്ചതായും യോഗം അറിയിച്ചു. യൂണിറ്റ് മുന്‍ പ്രസിഡണ്ട് സുധീര്‍ ബാബു, കൊട്ടിയൂര്‍ യൂണിറ്റ് പ്രസിഡണ്ട് എസ്.ജെ. തോമസ്, സെക്രട്ടറി ജെയിംസ്, മണത്തണ യൂണിറ്റ് സെക്രട്ടറി പ്രവീണ്‍ കെ.സി, സുരേന്ദ്രന്‍ എം.കെ, വനിതാ വിംഗ് പ്രസിഡണ്ട് ബിന്ദു സോമന്‍, എ.രാജന്‍ എന്നിവര്‍ സംസാരിച്ചു.

കുടുംബശ്രീ ഓണം വിപണനമേളക്ക് തുടക്കമായി

മുഴക്കുന്ന്: കുടുംബശ്രീ ജില്ലാ മിഷന്‍ മുഴക്കുന്ന് ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസ് എന്നിവയുടെ നേതൃത്വത്തില്‍ കുടുംബശ്രീ ഓണം വിപണനമേളക്ക് തുടക്കമായി. മുഴക്കുന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.ബിന്ദു ഉദ്ഘാടനം ചെയ്തു