Hivision Channel

Kerala news

ഇന്ത്യയുടെ 49-ാമത് ചീഫ് ജസ്റ്റിസായി യു.യു ലളിത് സ്ഥാനമേറ്റു

രാജ്യത്തിന്റെ നാല്‍പ്പത്തി ഒമ്പതാം ചീഫ് ജസ്റ്റിസായി യു.യു ലളിത് സ്ഥാനമേറ്റു. നവംബര്‍ എട്ട് വരെ ചീഫ് ജസ്റ്റിസായി തുടരും. സുപ്രീംകോടതി നടപടികളെ കാര്യക്ഷമമാക്കുന്ന 3 സുപ്രധാനമായ തീരുമാനങ്ങള്‍ ഇതിനകം നിര്‍ദ്ദേശിച്ചാണ് ജസ്റ്റിസ് യു.യു ലളിത് ചീഫ് ജസ്റ്റിസ് ആയി സ്ഥാനമേറ്റത്. അഭിഭാഷകവൃത്തിയില്‍നിന്നു നേരിട്ട് സുപ്രിംകോടതി ജഡ്ജിയും പിന്നീട് ചീഫ് ജസ്റ്റിസുമാകുന്ന രണ്ടാമത്തെയാളാകുകയാണ് ഇതോടെ ജസ്റ്റിസ് യു.യു ലളിത്. ഇന്നലെ ബാര്‍ കൗണ്‍സില്‍ നല്‍കിയ സ്വീകരണ ചടങ്ങില്‍ സുപ്രധാനമായ മൂന്നു തീരുമാനങ്ങള്‍ താന്‍ നടപ്പാക്കുമെന്ന് ജസ്റ്റിസ് ലളിത പ്രഖ്യാപിച്ചിരുന്നു. വര്‍ഷം മുഴുവന്‍ ഭരണഘടന ബഞ്ച് പ്രവര്‍ത്തിക്കും, ബെഞ്ചുകള്‍ക്ക് മുന്നില്‍ മെന്‍ഷനിംഗ് നടത്താന്‍ അഭിഭാഷകര്‍ക്ക് കൃത്യമായ അവസരം ലഭ്യമാക്കും, ഫയലിംഗ് നടപടികള്‍ സുതാര്യമാക്കും എന്നിവയാണ് ജസ്റ്റിസ് യു.യു ലളിതിന്റെ വാഗ്ദാനങ്ങള്‍.

പരീക്ഷയ്ക്കിടെ വിദ്യാര്‍ത്ഥികളുടെ അടിവസ്ത്രമഴിപ്പിച്ച സംഭവം; നീറ്റ് പരീക്ഷ വീണ്ടും നടത്തും

നീറ്റ് പരീക്ഷാ നടത്തിപ്പിനിടെ അപമാനിക്കപ്പെട്ട കുട്ടികള്‍ക്കായി വീണ്ടും പരീക്ഷ നടത്തും. സെപ്തംബര്‍ നാലിന് പെണ്‍കുട്ടികള്‍ക്ക് വീണ്ടും പരീക്ഷ എഴുതാമെന്ന് ദേശീയ പരീക്ഷാ ഏജന്‍സി ഉത്തരവിറക്കി. രാജ്യത്ത് ആറിടങ്ങളിലാണ് പരീക്ഷ വീണ്ടും നടത്താന്‍ തയ്യാറെടുക്കുന്നത്. കൊല്ലത്ത് നടന്ന നീറ്റ് എക്‌സാമിനിടെ പെണ്‍കുട്ടികളുടെ അടിവസ്ത്രമഴിപ്പിച്ച സംഭവം വിവാദമായിരുന്നു.
സെപ്തംബര്‍ നാലിനാകും പുനപരീക്ഷ നടത്തുന്നത്.

കെ.സി ബാലഗോപാലന്‍ അന്തരിച്ചു

പാലപ്പുഴ കെ.സി ബാലഗോപാലന്‍ (72) അന്തരിച്ചു. ഭാര്യ : പരേതയായ ഭാനുമതിയമ്മ. മക്കള്‍ ഷിജിത് (ഓട്ടോ ഡ്രൈവര്‍ കാക്കയങ്ങാട്), ഷിനി (നവജ്യോതി ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ ടീച്ചര്‍), മരുമകന്‍ : മനോജ്.

കേരള കര്‍ഷക സംഘം കൂത്തുപറമ്പ് ഏരിയ സമ്മേളനം

കൂത്തുപറമ്പ് : കേരള കര്‍ഷക സംഘം കൂത്തുപറമ്പ് ഏരിയ സമ്മേളനത്തിന് തുടക്കമായി. കെ.സി ഉണ്ണികൃഷ്ണന്‍ നഗറില്‍ മാലൂര്‍ പഞ്ചായത്ത് ഓഡിറ്റോറിയത്തില്‍ നടന്ന പ്രതിനിധി സമ്മേളനം സംസ്ഥാന കമ്മിറ്റി അംഗം പി.ഗോവിന്ദന്‍ ഉദ്ഘാടനം ചെയ്തു.

ആണ്‍കുട്ടിയെയും പെണ്‍കുട്ടിയെയും ഒരുമിച്ച് ഇരുത്തി പഠിപ്പിക്കണമെന്ന് ഒരു നിര്‍ബന്ധവുമില്ല; വി.ശിവന്‍കുട്ടി

സ്‌കൂളുകളില്‍ ആണ്‍കുട്ടിയെയും പെണ്‍കുട്ടിയെയും ഒരുമിച്ച് ഇരുത്തി പഠിപ്പിക്കണമെന്ന് ഒരു നിര്‍ബന്ധവുമില്ലെന്ന് മന്ത്രി വി.ശിവന്‍കുട്ടി. സ്‌കൂള്‍ പാഠ്യപദ്ധതി പരിഷ്‌ക്കരണം അട്ടിമറിക്കാന്‍ ആസൂത്രിത നീക്കം നടക്കുന്നുണ്ട്. പാഠ്യ പദ്ധതി പരിഷ്‌ക്കരണ കരട് എന്തെന്ന് പോലും അറിയാത്തവരാണ് വിമര്‍ശിക്കുന്നതെന്നും മന്ത്രി തുറന്നടിച്ചു. പാഠ്യപദ്ധതിയില്‍ ലൈംഗിക വിദ്യാഭ്യാസം ഉള്‍പ്പെടുത്തണമെന്ന ഹൈക്കോടതിയുടെ ഉത്തരവ് സ്വാഗതം ചെയ്യുന്നുവെന്നും കരട് നിര്‍ദ്ദേശത്തില്‍ ഉള്‍പ്പെടുത്തുമെന്നും വി.ശിവന്‍കുട്ടി പറഞ്ഞു. ഉച്ച ഭക്ഷണത്തിന്റെ പ്രശ്‌നത്തിന് പരിഹാരമുണ്ടാകും. ധനകാര്യ മന്ത്രിയുമായി ചര്‍ച്ച നടത്തിയിരുന്നു. അധ്യാപകര്‍ക്ക് ആശങ്ക വേണ്ടെന്നും മന്ത്രി വ്യക്തമാക്കി. പ്രിന്‍സിപ്പല്‍മാരുടെ സ്ഥലമാറ്റം ഉത്തരവ് അടുത്തയാഴ്ച ഇറങ്ങുമെന്നും മന്ത്രി അറിയിച്ചു.

കെഎഫ്പിഎസ്എ തലശ്ശേരി മേഖല സമ്മേളനം

വനസംരക്ഷണ വിഭാഗം ജീവനക്കാരുടെ സംഘടനയായ കെഎഫ്പിഎസ്എ തലശ്ശേരി മേഖല സമ്മേളനം കണ്ണവത്ത് നടന്നു. കണ്ണവം റേഞ്ച് ഓഫീസര്‍ അഖില്‍ നാരായണന്‍ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ സംഘടന ഉത്തര മേഖല സെക്രട്ടറി ബീരാന്‍കുട്ടി മുഖ്യപ്രഭാഷണം നടത്തി. വിവിധ സംഘടന നേതാക്കള്‍ സംസാരിച്ചു.പുതിയ ഭാരവാഹികളായി മുഹമ്മദ് ഷാഫി, ജിഷ്ണു എം, അശോകന്‍ പി എന്നിവരെ തിരഞ്ഞെടുത്തു. കൊട്ടിയൂര്‍, കണ്ണവം റേഞ്ചുകളില്‍ പുതിയ ഫോറസ്റ്റ് സ്റ്റേഷനുകള്‍ അനുവദിക്കണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു.

ഇരിട്ടി താളുകണ്ടത്തില്‍ ജ്വല്ലേഴ്‌സ്‌ന്റെ ബംബര്‍ സമ്മാനംഹീറോ ബൈക്കിന്റെ നറുക്കെടുപ്പ്

ഇരിട്ടി താളുകണ്ടത്തില്‍ ജ്വല്ലേഴ്‌സ്‌ന്റെ ഉത്സവകാല ഓഫറിന്റെ ഭാഗമായുള്ള ബംബര്‍ സമ്മാനംഹീറോ ബൈക്കിന്റെ നറുക്കെടുപ്പ്
ഇരിട്ടി മര്‍ച്ചന്റസ് അസോസിയേഷന്‍ പ്രസിഡന്റ് അയ്യൂബ് പൊയ്ലന്‍ നിര്‍വഹിച്ചു.ജ്വവല്ലറി എം ഡി സ്‌കറിയാച്ചന്‍ ചടങ്ങില്‍ സംബന്ധിച്ചും. കോളയാട് എടയാര്‍ സ്വദേശിനി നിമി .ജെ ട്രീസയാണ് സമ്മാനത്തിന് അര്‍ഹയായത്.

തൊണ്ടിയിലെ പരേതനായ മണ്ടുംപാല കുര്യന്റെ ഭാര്യ ഒ കെ റോസ(93)അന്തരിച്ചു.

തൊണ്ടിയിലെ പരേതനായ മണ്ടുംപാല കുര്യന്റെ ഭാര്യ ഒ കെ റോസ(93)അന്തരിച്ചു.
(തൊണ്ടിയില്‍ സെന്റ്‌ജോസഫ്‌സ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ റിട്ട. ഓഫീസ് സ്റ്റാഫ്)
മക്കള്‍: എല്‍സി,വില്‍സണ്‍(റിട്ട.എസ് ഐ മാലൂര്‍ പോലീസ് സ്‌റ്റേഷന്‍),മേഴ്‌സി,ജോയി(റിട്ട.ലാബ് അസിസ്റ്റന്റ് വെളിമാനം ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍),ലീലാമ്മ,ബാബു,ഡെയ്‌സി കുര്യന്‍.

മരുമക്കള്‍: വത്സ,ലില്ലി,ലില്ലി കെ ടി(അധ്യാപിക സെന്റ് സെബാസ്റ്റ്യന്‍സ് യു പി സ്‌കൂള്‍ കാപ്പാട്),ബെന്നി,ചാക്കോച്ചന്‍,മത്തായികുഞ്ഞ്,ഔസേപ്പച്ചന്‍.
സംസ്‌കാരം നാളെ 12 മണിക്ക് പേരാവൂര്‍ സെന്റ് ജോസഫ് മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ ദേവാലയ സെമിത്തേരിയില്‍

ലോണ്‍ ലൈസന്‍സ് മേള സംഘടിപ്പിച്ചു

കൊട്ടിയൂര്‍: സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന സംരംഭക വര്‍ഷം 2022-23 പദ്ധതിയുടെ ഭാഗമായി വ്യവസായ വകുപ്പിന്റെയും കൊട്ടിയൂര്‍ ഗ്രാമ പഞ്ചായത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ ലോണ്‍ ലൈസന്‍സ് മേള സംഘടിപ്പിച്ചു. പഞ്ചായത്ത് ഹാളില്‍ നടന്ന പരിപാടി പഞ്ചായത്ത് പ്രസിഡണ്ട് റോയി നമ്പുടാകം ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഫിലോമിന ജോര്‍ജ് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്മാരായ ഷാജി പൊട്ടയില്‍, ജീജ ജോസഫ്, ഉഷ അശോക് കുമാര്‍, പഞ്ചായത്തംഗം പി.സി തോമസ്, പേരാവൂര്‍ ബ്ലോക്ക് ഐ.ഇ.ഒ കെ അഖില്‍, കേരള ബാങ്ക് മാനേജര്‍ സൂസി കുര്യക്കോസ്, ഗ്രാമീണ്‍ ബാങ്ക് മാനേജര്‍ ശ്രീധന്യ, കാനറ ബാങ്ക് മാനേജര്‍ ജീവന്‍ എന്നിവര്‍ പങ്കെടുത്തു.

വനംവകുപ്പിലെ ദിവസ വേതനക്കാര്‍ക്ക് ശമ്പളമില്ലാതായിട്ട് അഞ്ചുമാസം

അഞ്ചു മാസമായി ശമ്പളമില്ലാതെ വനംവകുപ്പിലെ ദിവസ വേതനക്കാര്‍. വാച്ചര്‍, ഡ്രൈവര്‍, ക്ലറിക്കല്‍ തസ്തികകളിലെ ജീവനക്കാര്‍ക്ക് ഏപ്രില്‍ മുതല്‍ ശമ്പളം ലഭിച്ചിട്ടില്ല. വരുമാനമില്ലാതെ കഷ്ടപ്പെടുന്നവരില്‍ ആദിവാസികളുമുണ്ട്. വനംവകുപ്പിന്റെ ഫോറസ്റ്റ് പ്രൊട്ടക്ഷന്‍ ബജറ്റ് വിഹിതത്തില്‍ നിന്നാണ് ദിവസവേതനക്കാര്‍ക്ക് ശമ്പളം നല്‍കേണ്ടത്. ഇതില്‍ പണമില്ലാതായതാണു പ്രതിസന്ധിക്കു കാരണം. മൂവായിരത്തോളം ദിവസവേതനക്കാരാണ് സംസ്ഥാനത്തുള്ളത്. ജില്ലയിലാകട്ടെ 98 ദിവസ വേതനക്കാരും. ഇതില്‍ കൊട്ടിയൂര്‍, ആറളം, മണത്തണ, കണ്ണവം എന്നീ സെക്ഷനുകളില്‍ മാത്രം 30 തിലധികം ദിവസ വേതനക്കാരുണ്ട്. കഴിഞ്ഞ അഞ്ച് മാസക്കാലമായി ഇവര്‍ക്ക് ശമ്പളം ലഭിക്കാതെയായതോടെ ദുരിതത്തിലായി. വിവിധ തസ്തികകളില്‍ 675 മുതല്‍ 900 രൂപവരെയാണ് ഇവരുടെ ദിവസവേതനം. പണമില്ലാത്തതിനാല്‍ വനംവകുപ്പ് സ്റ്റേഷനുകളിലെ ദൈനംദിന പ്രവര്‍ത്തനങ്ങളും അവതാളത്തിലാണ്. വനം വകുപ്പ് വാഹനങ്ങളുടെ ഇന്ധനം, അറ്റകുറ്റപ്പണി, ഫോറസ്റ്റ് സ്റ്റേഷനുകളുടെ ചെലവുകള്‍ എന്നിവയ്ക്കുള്ള തുകയും ഇതേ ഫണ്ടില്‍ നിന്നാണെടുക്കുന്നത്. സ്റ്റേഷന്‍ ചുമതലയുള്ള ഉദ്യോഗസ്ഥര്‍ കയ്യില്‍ നിന്നാണ് വാഹനങ്ങളുടെ ഇന്ധനച്ചെലവു കണ്ടെത്തുന്നത്. ഫോറസ്റ്റ് ഡവലപ്‌മെന്റ് ഏജന്‍സിയില്‍ നിന്ന് കടമെടുത്തു ചെലവഴിച്ച ശേഷം പ്രൊട്ടക്ഷന്‍ ബജറ്റ് ഹെഡില്‍ ഫണ്ട് വരുമ്പോള്‍ തിരിച്ചടയ്ക്കാമെന്നിരിക്കെ ഈ സൗകര്യം പ്രയോജനപ്പെടുത്തിയിട്ടില്ല എന്ന ആക്ഷേപമാണു വനംവകുപ്പ് ജീവനക്കാര്‍ ഉന്നയിക്കുന്നത്.