രാജ്യത്തിന്റെ നാല്‍പ്പത്തി ഒമ്പതാം ചീഫ് ജസ്റ്റിസായി യു.യു ലളിത് സ്ഥാനമേറ്റു. നവംബര്‍ എട്ട് വരെ ചീഫ് ജസ്റ്റിസായി തുടരും. സുപ്രീംകോടതി നടപടികളെ കാര്യക്ഷമമാക്കുന്ന 3 സുപ്രധാനമായ തീരുമാനങ്ങള്‍ ഇതിനകം നിര്‍ദ്ദേശിച്ചാണ് ജസ്റ്റിസ് യു.യു ലളിത് ചീഫ് ജസ്റ്റിസ് ആയി സ്ഥാനമേറ്റത്. അഭിഭാഷകവൃത്തിയില്‍നിന്നു നേരിട്ട് സുപ്രിംകോടതി ജഡ്ജിയും പിന്നീട് ചീഫ് ജസ്റ്റിസുമാകുന്ന രണ്ടാമത്തെയാളാകുകയാണ് ഇതോടെ ജസ്റ്റിസ് യു.യു ലളിത്. ഇന്നലെ ബാര്‍ കൗണ്‍സില്‍ നല്‍കിയ സ്വീകരണ ചടങ്ങില്‍ സുപ്രധാനമായ മൂന്നു തീരുമാനങ്ങള്‍ താന്‍ നടപ്പാക്കുമെന്ന് ജസ്റ്റിസ് ലളിത പ്രഖ്യാപിച്ചിരുന്നു. വര്‍ഷം മുഴുവന്‍ ഭരണഘടന ബഞ്ച് പ്രവര്‍ത്തിക്കും, ബെഞ്ചുകള്‍ക്ക് മുന്നില്‍ മെന്‍ഷനിംഗ് നടത്താന്‍ അഭിഭാഷകര്‍ക്ക് കൃത്യമായ അവസരം ലഭ്യമാക്കും, ഫയലിംഗ് നടപടികള്‍ സുതാര്യമാക്കും എന്നിവയാണ് ജസ്റ്റിസ് യു.യു ലളിതിന്റെ വാഗ്ദാനങ്ങള്‍.