സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂടും. പുതിയ താരിഫ് നയം റെഗുലേറ്ററി കമ്മീഷന് വിജ്ഞാപനം ചെയ്തു. 2027 ഏപ്രില്‍ മുതലായിരിക്കും വൈദ്യുനിരക്ക് കൂട്ടുക. അടുത്തവര്‍ഷം മുതല്‍ പുതിയ സര്‍ചാര്‍ജും നിലവില്‍ വരും.
കെ.എസ്.ഇ.ബിയുടെ മുന്‍കാല നഷ്ടം അയ്യായിരം കോടിയോളം രൂപ വരുമെന്നാണ് കണക്കാക്കുന്നത്. ഈ സാമ്പത്തിക ബാധ്യതയും ഹ്രസ്വകാല കരാറുകളിലെ അധിക ബാധ്യതകളും ഉപഭോക്താക്കളെ ബാധിക്കുന്ന തരത്തിലാണ് പുതിയ നയത്തിന്റെ ഘടന. ഇതിന്റെ ഭാഗമായി ഇന്ധന സര്‍ചാര്‍ജും നിരക്കില്‍ ഉള്‍പ്പെടുത്തും.
പീക്ക് സമയത്തിലും മാറ്റം വരുത്തും. വൈകീട്ട് 6 മണി മുതല്‍ 11.30 വരെയാണ് പുതിയ പീക്ക് സമയം നിശ്ചയിച്ചിരിക്കുന്നത്. നേരത്തെ 6 മുതല്‍ 10 വരെയായിരുന്നു പീക്ക് സമയം. ഈ സമയങ്ങളിലെ ഉയര്‍ന്ന ഉപഭോഗത്തിന് നിരക്കില്‍ മാറ്റങ്ങള്‍ വന്നേക്കാം.
കാർത്തികപ്പള്ളിയിൽ രണ്ടു വയസ്സുകാരന്റെ മരണത്തിൽ ദുരൂഹത ആരോപിച്ച് നാട്ടുകാർ. കാർത്തികപ്പള്ളി മഹാദേവികാട് താമസിക്കുന്ന രാജേഷ് – താര ദമ്പതികളുടെ രണ്ടു വയസ്സുള്ള മകൻ രാഹുലാണ് ഇന്ന് രാവിലെ മരിച്ചത്. പാൽ തൊണ്ടയിൽ കുടുങ്ങിയാണ് കുഞ്ഞ് മരിച്ചതെന്നാണ് പിതാവ് രാജേഷ് പറയുന്നത്. ദമ്പതികളുടെ മറ്റൊരു കുഞ്ഞ് ഏതാനും നാൾ മുമ്പ് മരിച്ചിരുന്നു. ദമ്പതികൾക്ക് മറ്റു നാലു കുഞ്ഞുങ്ങൾ കൂടിയുണ്ട്. താരയെ പ്രസവത്തിനായി ആശുപത്രിയിൽ പ്രവേശിപ്പിച്ചതിന് പിന്നാലെയാണ് രണ്ട് വയസുള്ള കുഞ്ഞ് മരിച്ചത്. കുഞ്ഞുങ്ങളെ ദമ്പതികൾ പരിപാലിക്കുന്നില്ലെന്ന നാട്ടുകാരുടെ പരാതിയെ തുടർന്ന് അടുത്തിടെ ജനപ്രതിനിധികൾ ഇടപെട്ട് ദമ്പതികളെയും കുഞ്ഞുങ്ങളെയും പത്തനാപുരത്തെ സംരക്ഷണകേന്ദ്രത്തിലേക്ക് മാറ്റിയിരുന്നു. അവിടെനിന്ന് സ്വന്തം ഇഷ്ടപ്രകാരം ഇറങ്ങി വീണ്ടും വാടകയ്ക്ക് താമസിക്കുകയായിരുന്നു ദമ്പതികൾ. ഇതിനിടയിലാണ് രണ്ടു വയസ്സുകാരന്റെ മരണം. ഇതാണ് നാട്ടുകാരുടെ സംശയത്തിനിടയാക്കിയിരിക്കുന്നത്. പോസ്റ്റ്മോർട്ടത്തിനുശേഷം മാത്രമേ മരണകാരണം വ്യക്തമാകുവെന്ന് പോലീസ് അറിയിച്ചു.
ചാലക്കുടിയിലെ ബേക്കറിക്ക് ഹോർട്ടി വൈൻ വിൽക്കാൻ ലൈസൻസ് നൽകിയത് വി.ഡി. സതീശൻ സർക്കാരിന്റെ കാലത്താണെന്ന് മുൻ എക്സൈസ് മന്ത്രി എം.ബി. രാജേഷ്. ബേക്കറിക്ക് ലൈസൻസ് നൽകിയത് ജൂണിലാണ്. മന്ത്രി അറിഞ്ഞില്ലെന്നത് അദ്ദേഹത്തിന്റെ കുറ്റമാണ്. അവരാണ് അത് പരിശോധിക്കേണ്ടതെന്നും രാജേഷ് കൂട്ടിച്ചേർത്തു.
ക്യാൻസർ രോഗികൾക്ക് വലിയ ആശ്വാസമായി 137 അർബുദ പ്രതിരോധ മരുന്നുകളുടെ വില 70 ശതമാനം വരെ കുറയ്ക്കാൻ തീരുമാനിച്ചു. ഇതിന്റെ ഭാഗമായി മരുന്ന് വില നിയന്ത്രണ അതോറിറ്റിയായ നാഷണൽ ഫാർമസ്യൂട്ടിക്കൽ പ്രൈസിങ് അതോറിറ്റി ഈ മരുന്നുകളുടെ ട്രേഡ് മാർജിൻ 30 ശതമാനമായി നിജപ്പെടുത്തി. പുതിയ വിലകൾ 2026 നവംബർ ഒമ്പത് മുതൽ ഔദ്യോഗികമായി പ്രാബല്യത്തിൽ വരും. വില വിവരങ്ങൾ എൻപിപിഎ വെബ്സൈറ്റിലും ഫാർമ സഹി ദാം ആപ്പിലും ലഭ്യമാണ്. അമിതമായ വിലക്കയറ്റം തടയുന്നതിനും മരുന്നുകളുടെ ലഭ്യത ഉറപ്പാക്കുന്നതിനുമാണ് ഈ പുതിയ പദ്ധതിയെന്ന് സർക്കാർ വ്യക്തമാക്കി.പുതുക്കിയ വിലകൾ ഈടാക്കണമെന്നും അപ്ഡേറ്റ് ചെയ്ത വിലവിവര പട്ടിക ആശുപത്രികളിലും മെഡിക്കൽ സ്ഥാപനങ്ങളിലും റീട്ടെയ്ൽ കടകളിലും പ്രദർശിപ്പിക്കണമെന്നും സർക്കാർ നിർദ്ദേശിച്ചിട്ടുണ്ട്. കൂടാതെ മരുന്നുകളുടെ തടസ്സമില്ലാത്ത ലഭ്യതയ്ക്കായി ഉൽപ്പാദനവും വിതരണവും നിലവിലുള്ളതുപോലെ തുടരാൻ ഫാർമസ്യൂട്ടിക്കൽ കമ്പനികൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
വില കുറയുന്ന പ്രധാന മരുന്നുകൾ
ഇമ്മ്യൂണോതെറാപ്പി മരുന്നുകൾ, സ്തനാർബുദത്തിനും പ്രോസ്റ്റേറ്റ് ക്യാൻസറിനും ഉപയോഗിക്കുന്ന ഡെനോസുമബ് , കീമോതെറാപ്പിയുമായി ബന്ധപ്പെട്ട അണുബാധകൾ തടയാൻ ഉപയോഗിക്കുന്ന പെഗ്ഫിൽഗ്രാസ്റ്റിം, വൻകുടൽ, അണ്ഡാശയ, ഗർഭാശയ ക്യാൻസറുകൾക്ക് ഉപയോഗിക്കുന്ന ബെവാസിഡുമാബ് തുടങ്ങിയവ ഉൾപ്പെടെയുള്ള 137 നോൺ-ഷെഡ്യൂൾഡ് മരുന്നുകളാണ് ഈ പട്ടികയിൽ ഉൾപ്പെടുന്നത്. പെംബ്രോലിസുമാബ്, ഡുർവാലുമാബ്, ഒസിമെർട്ടിനിബ് തുടങ്ങിയ പ്രമുഖ മരുന്നുകളുടെയും പരമാവധി റീട്ടെയിൽ വില ഇനി സാധാരണക്കാർക്ക് താങ്ങാവുന്ന തരത്തിലാകും.
സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും 2 ശതമാനം ഡി.എ / ഡി.ആര് അനുവദിച്ചു. നവംബര്‍ 1 ന് വിതരണം ചെയ്യുന്ന ശമ്പളത്തോടും പെന്‍ഷനോടും ഒപ്പം 2 ശതമാനം ഡി.എ / ഡി.ആര് കൂടി ലഭിക്കും. 96 കോടിയാണ് 2 ശതമാനം ഡി. എ / ഡി.ആര് അനുവദിക്കുന്നതിലൂടെ പ്രതിമാസം അധിക ചെലവായി വരുന്നത്. ഡി എ 37 ശതമാനമാകും. ഉത്തരവ് പിന്നാലെ ഇറങ്ങും.
മൂന്ന് പേരുടെ ജീവനെടുത്ത നെടുമ്പാശേരി മിനികൂപ്പര്‍ വാഹനാപകട കേസില്‍ പ്രതി സുഹൈല്‍ സജീവിന് ജാമ്യമില്ല. കേസില്‍ പ്രതിചേര്‍ക്കപ്പെട്ട നാല് പേര്‍ക്കും കോടതി ജാമ്യം നിഷേധിച്ചു. അങ്കമാലി ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യാപേക്ഷ പരിഗണിച്ചത്. കോടതിയില്‍ മരിച്ചവരെ കുറ്റപ്പെടുത്തിയായിരുന്നു പ്രതിഭാഗത്തിന്റെ വാദം.
നെടുമ്പാശ്ശേരി മിനി കൂപ്പര്‍ അപകടത്തില്‍ പ്രതിക്ക് പരമാവധി ശിക്ഷ ഉറപ്പാക്കാന്‍ പൊലീസ് എല്ലാ കാര്യങ്ങളും ചെയ്യുന്നുണ്ടെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. സര്‍ക്കാര്‍ ശക്തമായ നടപടിയാണ് എടുക്കുന്നത്. പ്രതികള്‍ക്ക് രക്ഷപ്പെടാനുള്ള യാതൊരു നടപടിയും ഉണ്ടാകില്ല. മൂന്നു കുരുന്നു ജീവനുകള്‍ നഷ്ടപ്പെട്ട സംഭവം ലാഘവത്തോടെ കാണാന്‍ കഴിയില്ല. ഇത്തരം കാര്യങ്ങളില്‍ രാഷ്ട്രീയം കലര്‍ത്തരുതെന്നും അനാവശ്യ പ്രചരണങ്ങള്‍ നടത്തരുതെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
നെടുമ്പാശ്ശേരി അപകടവുമായി ബന്ധപ്പെട്ട കേസില്‍ യാതൊരു ആശങ്കയും വേണ്ട. ശക്തമായ നടപടി ഉണ്ടാകും. മരണപ്പെട്ടവരുടെ വീട്ടുകാരുമായി സംസാരിക്കാനടക്കം കേസിന്റെ മേല്‍നോട്ട നടപടികള്‍ക്കായി നിശാന്തിനി ഐപിഎസിനെ നിയോഗിച്ചിട്ടുണ്ട്. ഡിവൈഎസ്പി ബിജു പൗലോസിന്റെ നേതൃത്വത്തിലുള്ള സംഘം കേസ് അന്വേഷിക്കുകയാണ്. സര്‍ക്കാര്‍ വളരെ ശക്തമായ നടപടിയാണ് സ്വീകരിക്കുന്നതെന്നും ചെന്നിത്തല വ്യക്തമാക്കി.
പ്രശസ്ത സംഗീത സംവിധായകനും ഗായകനുമായ ദേവ (75) അന്തരിച്ചു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയായ സൂര്യയില്‍ ചികിത്സയിലിരിക്കെ ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് കുറച്ചുകാലമായി അദ്ദേഹം വിശ്രമത്തിലായിരുന്നു.
ദേവയുടെ വിയോഗത്തോടെ സംഗീതലോകത്തിന് നഷ്ടമാകുന്നത് ലളിതസംഗീതത്തെ വേഗതയുടെ താളത്തോട് ചേര്‍ത്തുവെച്ച് വിസ്മയിപ്പിച്ച അതുല്യപ്രതിഭയെയാണ്. രജനികാന്തിന്റെ താരപ്രഭയ്ക്ക് താളം നല്കിയ ദേവയുടെ ഈണങ്ങള്‍ തമിഴ് ജനത വര്‍ഷങ്ങള്‍ക്കിപ്പിറവും നെഞ്ചിലേറ്റുന്നവ. വിരലിലെണ്ണാവുന്ന സിനികമള്ക്കേ മലയാളത്തില്‍ സംഗീതം ചെയ്തിട്ടുളളുവെങ്കിലും പാട്ടുകളെല്ലാം സൂപ്പര്‍ ഹിറ്റ്.
തമിഴ് സിനിമയിലെ വമ്പന്‍ വിജയങ്ങള്‍ക്കിടയില്‍ മലയാളത്തിലും ദേവ തന്റേതായ സംഗീതമുദ്ര പതിപ്പിച്ചു. മലയാളത്തില്‍ മൂന്നേ മൂന്ന് ചിത്രങ്ങള്‍..പക്ഷേ ഈണങ്ങളുടെ വൈവിദ്യവും മലയാളിത്തവും അയാളെ മലയാളി സംഗീതജ്ഞനാക്കി. 1996-ല്‍ പുറത്തിറങ്ങിയ ദ പ്രിന്‍സ്, കിംഗ് സോളമന്, 2002ല്‍ ഫാന്റം. മോഹന്‍ലാല്‍ നായകനായ ദ പ്രിന്‍സി ഗിരീഷ് പുത്തഞ്ചേരിക്കൊപ്പം ഒന്നിച്ചു. ഒരേസമയം പ്രണയം തുളുമ്പുന്ന ഈണങ്ങള്ക്കൊപ്പവും തമിഴിലെ താളപ്രധാനമായ ശൈലിയെ മലയാളത്തിന്റെ കാവ്യാത്മകമായ വരികളോടും മധുരമുള്ള ആലാപനത്തോടും ചേര്‍ത്തുവെക്കാനും ദേവയ്ക്ക് കഴിഞ്ഞു.
രജനീകാന്തിന്റെ സിനിമാജീവിതത്തിലെ നിര്‍ണായക ചുവടുവെപ്പുകളിലെല്ലാം സംഗീതസാന്നിധ്യമായിരുന്നു അദ്ദേഹം. ‘വന്തേന്‍ഡാ പാല്ക്കാരന്’ എന്ന ഗാനം രജനിയുടെ സ്ക്രീന്‍ വ്യക്തിത്വത്തോടും സാധാരണക്കാരനില്‍നിന്ന് ഉയര്‍ന്നുവന്ന നായകന് എന്ന പ്രതിച്ഛായയോടും ചേര്‍ന്നുനിന്നു.
പിന്നീട് ബാഷയിലെ ‘ഓട്ടോക്കാരന് ഓട്ടോക്കാരന്’ ആ കൂട്ടുകെട്ടിന്റെ മറ്റൊരു അടയാളമായി. ഓട്ടോറിക്ഷാ ഡ്രൈവറായി പ്രത്യക്ഷപ്പെടുന്ന നായകന്റെ ജീവിതവും പശ്ചാത്തലവും ഗാനത്തിന്റെ താളത്തിലും വാക്കുകളിലും പ്രതിഫലിച്ചു. പാട്ട് കേള്‍ക്കുമ്പോള്‍ തന്നെ രജനീകാന്തിന്റെ ശരീരഭാഷയും സ്റ്റൈലും ആരാധകരുടെ മനസ്സിലേക്ക് എത്തുന്ന അനുഭവം. ചെന്നൈയിലെ തെരുവുകളിലും സാധാരണക്കാരുടെ ജീവിതത്തിലും വേരുകളുള്ള ‘ഗാനാ’ സംഗീതത്തിന് തമിഴ് സിനിമയില്‍ വലിയ ജനപ്രീതി നേടിക്കൊടുക്കുന്നതില്‍ ദേവ പ്രധാന പങ്കുവഹിച്ചു.
നഗരത്തിന്റെ തനത് സംസാരശൈലി, നാടന്‍താളങ്ങള്‍, ലളിതമായ വരികള്‍, ആവര്‍ത്തിച്ചു പാടാന്‍ തോന്നുന്ന പല്ലവികള്‍ ഇവയെല്ലാം അദ്ദേഹത്തിന്റെ സംഗീതത്തിന്റെ ഭാഗമായിരുന്നു
തുലാവര്‍ഷം കനത്തതോടെ സംസ്ഥാനത്ത് വ്യാപക മഴ തുടരുന്നു. ഇന്നും ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നല്‍കുന്നത്. ഇന്ന് കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളില്‍ ഇന്ന് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. മഴയ്ക്കൊപ്പം ശക്തമായ ഇടിമിന്നലിനും സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്നും നിര്‍ദേശമുണ്ട്.
വരും ദിവസങ്ങളിലും മഴ തുടരുമെന്നാണ് മുന്നറിയിപ്പ്. മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ ഞായറാഴ്ച യെല്ലോ അലേര്‍ട്ട് ആയിരിക്കും. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്. ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറില്‍ 30- 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിരിക്കുന്നത്.