
ബേക്കറികൾ വഴി 15% വീര്യമുള്ള ഹോർട്ടി വൈൻ വിൽപനയ്ക്ക് അനുമതി നൽകിയെന്ന വിവാദത്തിൽ എക്സൈസ് കമ്മീഷണറോട് റിപ്പോർട്ട് തേടി മന്ത്രി എം. ലിജു. മുൻ എക്സൈസ് കമ്മീഷണർ എം.ആർ. അജിത് കുമാറിന്റെ കാലത്താണ് ഈ ഉത്തരവിറക്കിയതെന്ന ആരോപണങ്ങൾ ഉയരുന്നതിനിടയിലാണ് സർക്കാരിന്റെ ഈ നടപടി.ഹോർട്ടി വൈൻ വിൽപന സർക്കാരിന്റെ അറിവോടെയല്ലെന്ന പരാതികൾ ശക്തമായതിനെത്തുടർന്നാണ് എക്സൈസ് വകുപ്പ് വിഷയം ഗൗരവമായി പരിശോധിക്കുന്നത്. മുൻ എക്സൈസ് കമ്മീഷണറുടെ കാലത്ത് നടന്നുവെന്ന് പറയപ്പെടുന്ന ഈ തീരുമാനത്തിൽ സർക്കാരിന്റെയോ നയപരമായോ ഉള്ള അനുമതി ലഭിച്ചിരുന്നോയെന്നും, ഇതിന് പിന്നിലെ നടപടിക്രമങ്ങൾ എന്തൊക്കെയായിരുന്നുവെന്നും പുതിയ റിപ്പോർട്ടിൽ വ്യക്തമാക്കും.
15 ശതമാനം വീര്യമുള്ള പഴങ്ങളിൽനിന്ന് നിർമിക്കുന്ന വൈനാണ് വിൽപനയ്ക്കെത്തിയത്. ചാലക്കുടിയിലെ ഒരു ബേക്കറിക്കാണ് ആദ്യമായി വിൽപനാനുമതി ലഭിച്ചത്. കഴിഞ്ഞ സർക്കാരിന്റെ കാലത്താണ് ഹോർട്ടി വൈൻ വിൽപനയ്ക്ക് അനുമതി നൽകിയിരുന്നത്. നിലവിൽ നാല് സ്ഥാപനങ്ങൾക്കാണ് ഹോർട്ടി വൈൻ നിർമിക്കാൻ അനുമതിയുള്ളത്. എന്നാൽ ഈ നടപടി മന്ത്രിയുടെ അറിവോടെയല്ലെന്നാണ് പുറത്തുവരുന്ന വിവരം.
ഹോർട്ടി വൈൻ വിതരണം അറിഞ്ഞത് മാധ്യമങ്ങളിലൂടെയാണെന്ന് മന്ത്രി പറഞ്ഞു. മുൻ സർക്കാരിന്റെ കാലത്ത് നൽകിയ അപേക്ഷയിലാണ് വിൽപനക്ക് അനുമതി നൽകിയത്. തീരുമാനത്തിൽ സർക്കാരിന് ആശങ്കയുണ്ടെന്നും ലിജു കൂട്ടിച്ചേര്ത്തു. ഹോർട്ടി വൈൻ വിൽപനയ്ക്കായി10000 രൂപ വാർഷിക ഫീസ് നൽകി സ്ഥാപനങ്ങൾക്ക് ലൈസൻസ് എടുക്കാം. 20 ശതമാനമാണ് വിൽപനയിലൂടെ കമ്മീഷൻ ലഭിക്കുക.














