
ക്യാൻസർ രോഗികൾക്ക് വലിയ ആശ്വാസമായി 137 അർബുദ പ്രതിരോധ മരുന്നുകളുടെ വില 70 ശതമാനം വരെ കുറയ്ക്കാൻ തീരുമാനിച്ചു. ഇതിന്റെ ഭാഗമായി മരുന്ന് വില നിയന്ത്രണ അതോറിറ്റിയായ നാഷണൽ ഫാർമസ്യൂട്ടിക്കൽ പ്രൈസിങ് അതോറിറ്റി ഈ മരുന്നുകളുടെ ട്രേഡ് മാർജിൻ 30 ശതമാനമായി നിജപ്പെടുത്തി. പുതിയ വിലകൾ 2026 നവംബർ ഒമ്പത് മുതൽ ഔദ്യോഗികമായി പ്രാബല്യത്തിൽ വരും. വില വിവരങ്ങൾ എൻപിപിഎ വെബ്സൈറ്റിലും ഫാർമ സഹി ദാം ആപ്പിലും ലഭ്യമാണ്. അമിതമായ വിലക്കയറ്റം തടയുന്നതിനും മരുന്നുകളുടെ ലഭ്യത ഉറപ്പാക്കുന്നതിനുമാണ് ഈ പുതിയ പദ്ധതിയെന്ന് സർക്കാർ വ്യക്തമാക്കി.പുതുക്കിയ വിലകൾ ഈടാക്കണമെന്നും അപ്ഡേറ്റ് ചെയ്ത വിലവിവര പട്ടിക ആശുപത്രികളിലും മെഡിക്കൽ സ്ഥാപനങ്ങളിലും റീട്ടെയ്ൽ കടകളിലും പ്രദർശിപ്പിക്കണമെന്നും സർക്കാർ നിർദ്ദേശിച്ചിട്ടുണ്ട്. കൂടാതെ മരുന്നുകളുടെ തടസ്സമില്ലാത്ത ലഭ്യതയ്ക്കായി ഉൽപ്പാദനവും വിതരണവും നിലവിലുള്ളതുപോലെ തുടരാൻ ഫാർമസ്യൂട്ടിക്കൽ കമ്പനികൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
വില കുറയുന്ന പ്രധാന മരുന്നുകൾ
ഇമ്മ്യൂണോതെറാപ്പി മരുന്നുകൾ, സ്തനാർബുദത്തിനും പ്രോസ്റ്റേറ്റ് ക്യാൻസറിനും ഉപയോഗിക്കുന്ന ഡെനോസുമബ് , കീമോതെറാപ്പിയുമായി ബന്ധപ്പെട്ട അണുബാധകൾ തടയാൻ ഉപയോഗിക്കുന്ന പെഗ്ഫിൽഗ്രാസ്റ്റിം, വൻകുടൽ, അണ്ഡാശയ, ഗർഭാശയ ക്യാൻസറുകൾക്ക് ഉപയോഗിക്കുന്ന ബെവാസിഡുമാബ് തുടങ്ങിയവ ഉൾപ്പെടെയുള്ള 137 നോൺ-ഷെഡ്യൂൾഡ് മരുന്നുകളാണ് ഈ പട്ടികയിൽ ഉൾപ്പെടുന്നത്. പെംബ്രോലിസുമാബ്, ഡുർവാലുമാബ്, ഒസിമെർട്ടിനിബ് തുടങ്ങിയ പ്രമുഖ മരുന്നുകളുടെയും പരമാവധി റീട്ടെയിൽ വില ഇനി സാധാരണക്കാർക്ക് താങ്ങാവുന്ന തരത്തിലാകും.














