Hivision Channel

latest news

ജാഗ്രതാ സമിതി രൂപീകരണം

തില്ലങ്കേരി:ലഹരിക്കെതിരെ ജനകീയ കവചം എന്ന മുദ്രാവാക്യമുയര്‍ത്തി ഡി.വൈ .എഫ്.ഐ നടത്തുന്ന ജനകീയ സദസിന്റെ ഭാഗമായി ഡി.വൈ എഫ് ഐ തില്ലങ്കേരി മേഖല കമ്മിറ്റിയുടെ നേതൃത്വത്തിലുളള ജാഗ്രതാ സമിതി രൂപീകരണം തില്ലങ്കേരി ബാങ്ക് ഹാളില്‍ നടന്നു. ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് അംഗം പി. സനീഷ് ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡണ്ട് ടി. ദിലീപ് അധ്യക്ഷനായി. സിവില്‍ എക്‌സൈസ് ഓഫീസര്‍ ബെന്‍ഹര്‍ ബോധവത്ക്കരണ ക്ലാസെടുത്തു. പഞ്ചായത്തംഗം പി.കെ രതീഷ്,എന്‍. സജു , കെ.എ ഷാജി തുടങ്ങിയവര്‍ സംബന്ധിച്ചു.

വലിച്ചെറിയല്‍ മുക്ത ജില്ല; പ്രത്യേക ഗ്രാമസഭകള്‍ ചേരണം

മാലിന്യം വലിച്ചെറിയുന്നത് തടയാന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ വലിച്ചെറിയല്‍ വിരുദ്ധ ഗ്രാമസഭകള്‍ ചേരാന്‍ നിര്‍ദേശം. നവകേരളം കര്‍മ്മ പദ്ധതി രണ്ടിന്റെ ഭാഗമായി ജില്ലാ പഞ്ചായത്തിന്റെയും ജില്ലാ ഭരണകൂടത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ നടന്ന ‘വലിച്ചെറിയല്‍ മുക്ത ജില്ല’ ക്യാമ്പയിന്റെ ആലോചന യോഗത്തിലാണ് നിര്‍ദേശം ഉയര്‍ന്നത്.
മാലിന്യം വലിച്ചെറിയുന്നവര്‍ക്കെതിരെ നടപടി കര്‍ശനമാക്കണമെന്ന് ക്യാമ്പയിന്റെ പ്രസക്തി വിശദീകരിച്ച നവകേരളം കര്‍മ്മ പദ്ധതി 2 കോ-ഓര്‍ഡിനേറ്റര്‍ ഡോ. ടി എന്‍ സീമ പറഞ്ഞു. നിയമത്തെക്കുറിച്ച് ബോധവാന്‍മാരല്ലാത്തവരെ ബോധവത്ക്കരിക്കണം. കൂടുതല്‍ ജനപങ്കാളിത്തം ഉറപ്പാക്കിയാലെ ക്യാമ്പയിന്‍ വിജയിത്തിലെത്തൂ. ക്യാമ്പസുകളിലെ തെരഞ്ഞെടുപ്പുകളിലും ഹരിത പ്രോട്ടോക്കോള്‍ പാലിക്കണം. മാലിന്യം വലിച്ചെറിയുന്നത് തടയാന്‍ മുഴുവന്‍ വകുപ്പുകളും ഒരുമിച്ച് നിന്ന് പ്രവര്‍ത്തിക്കണമെന്നും ടി എന്‍ സീമ പറഞ്ഞു.
ജില്ലാ പഞ്ചായത്ത് ഹാളില്‍ നടന്ന യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ അധ്യക്ഷത വഹിച്ചു. ഹരിത കേരള മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ഇ കെ സോമശേഖരന്‍ പദ്ധതി വിശദീകരിച്ചു.
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അഡ്വ. ബിനോയ് കുര്യന്‍, സ്ഥിരം സമിതി അധ്യക്ഷന്‍ വി കെ സുരേഷ് ബാബു, കോര്‍പ്പറേഷന്‍ സ്ഥിരം സമിതി അധ്യക്ഷന്‍ എം പി രാജേഷ്, സബ് കലക്ടര്‍ അനുകുമാരി, എഡിഎം കെ കെ ദിവാകരന്‍, തളിപ്പറമ്പ് ആര്‍ഡിഒ ഇ പി മേഴ്‌സി, തദ്ദേശ സ്വയം ഭരണ വകുപ്പ് ജോ. ഡയറക്ടര്‍ ടി ജെ അരുണ്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ജില്ലാ ലൈബ്രറി കൗണ്‍സില്‍ പുസ്തകോത്സവത്തിന് തുടക്കമായി

ജില്ലാ ലൈബ്രറി കൗണ്‍സില്‍ വികസന സമിതിയുടെ ആഭിമുഖ്യത്തില്‍ കലക്ടറേറ്റ് മൈതാനിയില്‍ നടക്കുന്ന 16ാമത് പുസ്തകോത്സവം ചെറുകഥാകൃത്ത് ടി പത്മനാഭന്‍ ഉദ്ഘാടനം ചെയ്തു. ഇന്ത്യയിലെ മറ്റ് പ്രവിശ്യകളില്‍ റോഡിലൂടെ സഞ്ചരിച്ചാല്‍ കാലിക്കൂട്ടങ്ങള്‍ നടന്നു പോകുന്നതാണ് കാണാന്‍ സാധിക്കുകയെങ്കില്‍ കേരളത്തില്‍ സ്‌കൂളില്‍ നിന്നും മടങ്ങുന്ന വിദ്യാര്‍ഥികളെയാണ് കാണാന്‍ കഴിയുകയെന്ന് അദ്ദേഹം പറഞ്ഞു. ഇത് കേരളത്തിന്റെ സവിശേഷതയാണ്. വിദ്യാഭ്യാസം, എഴുത്ത്, വായന എന്നിവയുടെ ലോകത്ത് കേരളം താണ്ടിയ ദൂരം മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് വളരെ മുന്നിലാണ്. ഗ്രന്ഥാലയ പ്രസ്ഥാനത്തിനും പുതിയ മാനം കൈവന്നിട്ടുണ്ട്. ആദിവാസി മേഖലകളിലുള്‍പ്പെടെ വായനശാലകള്‍ സ്ഥാപിക്കുന്നതിനുള്ള ശ്രമങ്ങള്‍ മുന്നോട്ട് പോവുകയാണ്. എന്നാല്‍ അവരുടെ മറ്റ് അടിസ്ഥാന പ്രശ്നങ്ങള്‍ കൂടി പരിഹരിച്ചാല്‍ മാത്രമേ അതിന് ഒരു അര്‍ത്ഥമുണ്ടാകൂ-ടി പത്മനാഭന്‍ പറഞ്ഞു.
സെപ്റ്റംബര്‍ 25 വരെ കലക്ടറേറ്റ് മൈതാനിയില്‍ നടക്കുന്ന പുസ്തകമേളയില്‍ 73 പ്രസാധകരുടെ 137 സ്റ്റാളുകളാണ് ഒരുക്കിയിട്ടുള്ളത്. പുസ്തകോത്സവത്തില്‍ 15 പുതിയ പുസ്തകങ്ങള്‍ പ്രകാശനം ചെയ്യും. ആദര സമ്മേളനം, സെമിനാറുകള്‍, ബാലവേദി പ്രവര്‍ത്തകരുടെ സംഗമം, വനിതാ വേദി പ്രവര്‍ത്തകരുടെ സംഗമം, ലഹരി വിരുദ്ധ ചിത്രരചന, കലാപരിപാടികള്‍ എന്നിവയും നടക്കും.
ഡോ. വി ശിവദാസന്‍ എം പി അധ്യക്ഷനായി. സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി വി കെ മധു എഴുതിയ ‘ഉരിയാട്ടം നിലയ്ക്കുന്ന വാക്കുകള്‍’ ലേഖന സമാഹാരം ടി പത്മനാഭന്‍ പ്രകാശനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ ഏറ്റുവാങ്ങി.
ജില്ലാ ലൈബ്രറി കൗണ്‍സിലിന്റെ മുഖപത്രമായ അക്ഷരം ത്രൈമാസിക വി കെ മധു പ്രകാശനം ചെയ്തു. ജില്ലാ ലൈബ്രറി പ്രസിഡണ്ട് മുകുന്ദന്‍ മഠത്തില്‍ ഏറ്റുവാങ്ങി. സ്വാതന്ത്ര്യത്തിന്റെ 75 വര്‍ഷങ്ങള്‍ എന്ന വിഷയത്തില്‍ ഡോ.എ വത്സലന്‍ പ്രഭാഷണം നടത്തി.
കോര്‍പറേഷന്‍ കൗണ്‍സിലര്‍ അഡ്വ. പി കെ അന്‍വര്‍, സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ എക്സിക്യൂട്ടീവ് അംഗം എം കെ രമേശ് കുമാര്‍, എസ് എസ് കെ ജില്ലാ പ്രോഗ്രാം ഓഫീസര്‍ ഇ സി വിനോദ് കുമാര്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ഇ കെ പത്മനാഭന്‍, സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ കൗണ്‍സിലര്‍മാരായ കെ രാമചന്ദ്രന്‍, കെ എ ബഷീര്‍, ജില്ലാ ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി പി കെ വിജയന്‍, വൈസ് പ്രസിഡണ്ട് ടി പ്രകാശന്‍, വി കെ പ്രകാശിനി, ഇ പി ആര്‍ വേശാല, ഇ ചന്ദ്രന്‍, വൈ വി സുകുമാരന്‍, മനോജ് കുമാര്‍ പഴശ്ശി, യു കെ ശിവകുമാരി എന്നിവര്‍ സംസാരിച്ചു.

നാളെ വൈദ്യുതി മുടങ്ങും

ചൊവ്വ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ അതിരകം, എടച്ചൊവ്വ യു പി സ്‌കൂള്‍, മയ്യാലപ്പീടിക, എടച്ചൊവ്വ കനാര്‍ എന്നീ ഭാഗങ്ങളില്‍ സെപ്റ്റംബര്‍ 21 ബുധന്‍ ഉച്ചക്ക് 12 മുതല്‍ വൈകീട്ട് ആറ് മണി വരെ വൈദ്യുതി മുടങ്ങും.

സംസ്ഥാനത്ത് അടുത്ത മൂന്ന് മണിക്കൂറില്‍ 6 ജില്ലകളില്‍ മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് അടുത്ത മൂന്ന് മണിക്കൂറില്‍ 6 ജില്ലകളില്‍ മഴയ്ക്ക് സാധ്യത. തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, കോഴിക്കോട് എന്നീ ജില്ലകളിലാണ് ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്ക് സാധ്യതയെന്ന് അഞ്ച് മണിയോടെയുള്ള അറിയിപ്പില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം അടുത്ത അഞ്ച് ദിവസം കേരളത്തില്‍ കാര്യമായ മഴ ഭീഷണിയൊന്നുമില്ലെന്നാണ് വ്യക്തമാകുന്നത്. ഇത് സംബന്ധിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ് പുറത്തിറക്കിയിട്ടുള്ള അറിയിപ്പില്‍ അടുത്ത അഞ്ച് ദിവസങ്ങളില്‍ ഒരു ജില്ലയിലും മഴ ജാഗ്രത നിര്‍ദ്ദേശങ്ങളില്ല.

ലഹരിക്കെതിരേ ജനകീയ കവചം

ഡി വൈ എഫ് ഐ കാക്കയങ്ങാട് വില്ലേജ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ലഹരിക്കെതിരേ ജനകീയ കവചം നടത്തി.മുഴക്കുന്ന് പഞ്ചായത്ത് പ്രസിഡണ്ട് ടി ബിന്ദു ഉദ്ഘാടനം ചെയ്തു.പ്രശോഭ് അധ്യക്ഷത വഹിച്ചു. സനീഷ്, എ. ഷിബു, വി വി വിനോദ്, സംഗീത് ഊവ്വാപ്പള്ളി, സുജീഷ് എന്നിവര്‍ സംസാരിച്ചു.

ഓടന്‍തോട് ആര്‍ട്സ് ആന്റ് സ്പോര്‍ട്സ് ക്ലബ് ഉദ്ഘാടനം

പേരാവൂര്‍:ഓടന്‍തോട് പ്രദേശത്തെ കലാ കായിക മേളക്ക് ഉണര്‍വേകാന്‍ രൂപീകരിച്ച ഓടന്‍തോട് ആര്‍ട്സ് ആന്റ് സ്പോര്‍ട്സ് ക്ലബിന്റെ ഉദ്ഘാടനം എം എല്‍ എ അഡ്വ സണ്ണി ജോസഫ് നിര്‍വഹിച്ചു.ക്ലബ് പ്രസിഡന്റ് സന്തോഷ് പാമ്പാറ അധ്യക്ഷനായി.ഓടന്‍തോട് സെന്റ് തോമസ് പള്ളി വികാരി ഫാ തോമസ് പതിക്കല്‍,വാര്‍ഡ് മെമ്പര്‍മാരായ ഷാന്റി തോമസ് ജോജന്‍ എടത്താഴെ,യു വി അനില്‍കുമാര്‍ തുടങ്ങി നിരവധി പേര്‍ പങ്കെടുത്തു.തുടര്‍ന്ന് വോളിബോള്‍ ഫ്രണ്ട്ലി മാച്ചും നടത്തി.

സംസ്ഥാന ദുരന്ത നിവാരണ സമിതി ഉന്നത ഉദ്യോഗസ്ഥര്‍ സന്ദര്‍ശിക്കും

കണിച്ചാര്‍:ഓഗസ്റ്റ് 1 ന് കണിച്ചാര്‍ പഞ്ചായത്തിലുണ്ടായ ഉരുള്‍ പൊട്ടലുമായി ബന്ധപ്പെട്ട് മുഖ്യ മന്ത്രിക്ക് കണിച്ചാര്‍ പഞ്ചായത്ത് നല്‍കിയ നിവേദനത്തിന്റെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രിയുടെ പ്രത്യേക നിര്‍ദ്ദേശ പ്രകാരം, പൂളക്കുറ്റി, നെടുംപുറംചാല്‍, ഏലപ്പീടിക, കാടന്‍മല എന്നീ സ്ഥലങ്ങള്‍ പരിശോധിക്കാന്‍ സംസ്ഥാന ദുരന്ത നിവാരണ സമിതി ഉന്നത ഉദ്യോഗസ്ഥര്‍ ഈ മാസം 22 ,23, 24, 25 തീയതികളില്‍ സന്ദര്‍ശനം നടത്തും. ജനങ്ങളുടെ ആശങ്കകള്‍ അകറ്റുന്നതിനും, പ്രശ്ങ്ങള്‍ പരിഹരിക്കുന്നതിനുമാണ് ഈ സന്ദര്‍ശനം. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കൂടുതല്‍ ആനുകൂല്യങ്ങള്‍ ലഭ്യമാവുകയെന്ന് പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു.

ജലാശയങ്ങള്‍ ശുചീകരിക്കാന്‍ പ്രത്യേകയജ്ഞം നടത്തും; എം ജി രാജമാണിക്യം

കേരളത്തിലെ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും നേതൃത്വത്തില്‍ പൊതുകുളങ്ങള്‍ ശുചീകരിക്കാന്‍ പ്രത്യേക യജ്ഞം നടത്തുമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ ഡയറക്ടറും ഗ്രാമവികസന കമ്മീഷണറുമായ എം ജി രാജമാണിക്യം. കണ്ണൂര്‍ ഡി പി സി ഹാളില്‍ നടന്ന അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്രാവിഷ്‌കൃത പദ്ധതിയായ ദേശീയ റര്‍ബന്‍മിഷന്റെയും സന്‍സദ് ആദര്‍ശ് ഗ്രാമയോജനയുടെയും പി എം എ വൈ(ജി)യുടെയും നബാര്‍ഡിന്റെയും പ്രവര്‍ത്തനങ്ങള്‍ ജില്ലയില്‍ മികച്ച രീതിയിലാണ് നടക്കുന്നത്.
അതിദാരിദ്ര്യ സര്‍വ്വെ നടത്തി കണ്ടെത്തിയ ഗുണഭോക്താക്കള്‍ക്കായി മൈക്രോപ്ലാന്‍ തയ്യാറാക്കുന്നതില്‍ തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ പ്രത്യേക ശ്രദ്ധ ചെലുത്തണം. ഇതില്‍ പലര്‍ക്കും റേഷന്‍ കാര്‍ഡ്, ആധാര്‍കാര്‍ഡ്, ഭുമിയുടെ രേഖകള്‍ തുടങ്ങിയവ ഇല്ലെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇവര്‍ക്ക് ആവശ്യമായ എല്ലാ രേഖകളും ലഭ്യമാക്കാന്‍ ഗ്രാമപഞ്ചായത്ത് തലത്തില്‍ ക്യാമ്പുകള്‍ നടത്തും. കെ എസ് ഇ ബി, വാട്ടര്‍ അതോറിറ്റി, റവന്യു, സിവില്‍ സപ്ലൈസ് തുടങ്ങി വിവിധ വകുപ്പുകളുടെയും ഏജന്‍സികളുടെയും സഹകരണത്തോടെ അതിദരിദ്രര്‍ക്ക് ആവശ്യമായ ആനുകൂല്യങ്ങള്‍ ലഭ്യമാക്കാന്‍ നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു. തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ ടി ജെ അരുണ്‍,
പ്രൊജക്ട് ഡയറക്ടര്‍ റ്റൈനി സൂസന്‍ ജോണ്‍, എംജിഎന്‍ആര്‍ഇജിഎസ് ജോയിന്റ് പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ പി സുരേന്ദ്രന്‍, എ ഡി സി (ജനറല്‍) ഡി വി അബ്ദുള്‍ ജലീല്‍, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, ബ്ലോക്ക് ഡവലപ്‌മെന്റ് ഓഫീസര്‍മാര്‍ എന്നിവര്‍ പങ്കെടുത്തു.

എസ്എന്‍സി ലാവ്‌ലിന്‍ കേസ് വീണ്ടും മാറ്റിവെച്ചു

ചീഫ് ജസ്റ്റിസ് യുയു ലളിത് അധ്യക്ഷനായ മൂന്നംഗ ബെഞ്ച് ഇന്നും ചേര്‍ന്നില്ല. ഇന്ന് രണ്ട് മണിക്കാണ് ലാവ്‌ലിന്‍ കേസ് ചേരാന്‍ നിശ്ചയിച്ചിരുന്നത്. അഞ്ചാമത്തെ കേസായി പരിഗണനാപട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നെങ്കിലും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഭരണഘടനാ ബെഞ്ച് സാമ്പത്തിക സംവരണത്തിനെതിരായ ഹര്‍ജികളില്‍ വാദം കേള്‍ക്കുകയായിരുന്നു. ഉച്ചക്ക് ശേഷവും ഈ കേസില്‍ വാദം തുടര്‍ന്നു. നിലവില്‍ ഈ കേസിലെ ഇന്നത്തെ വാദം പൂര്‍ത്തിയായെങ്കിലും മറ്റ് കേസുകള്‍ പരിഗണനക്ക് വന്നില്ല. കഴിഞ്ഞ തവണയും സമാനമായ രീതിയില്‍ ലാവ്‌ലിന്‍ കേസ് മാറ്റിവെക്കുകയായിരുന്നു.

പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ള മൂന്ന് പേരെ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനെതിരെ 2017 ഡിസംബറിലാണ് സിബിഐ സുപ്രീം കോടതിയെ സമീപിക്കുന്നത്. കേസില്‍ 2018 ജനുവരി 11 ന് സുപ്രീം കോടതി നോട്ടീസ് അയച്ചു. പിന്നീട് നാല് വര്‍ഷത്തിനിടെ മുപ്പതിലധികം തവണയാണ് ഹര്‍ജികള്‍ പരിഗണിക്കുന്നത് മാറ്റിവെച്ചത്. ഹര്‍ജി നിരന്തരം മാറി പോകുന്നെന്ന് കക്ഷി ചേര്‍ന്ന ടിപി നന്ദകുമാറിന്റെ അഭിഭാഷക എം.കെ അശ്വതി ചൂണ്ടിക്കാട്ടിയതിനെ തുടര്‍ന്നാണ് കോടതി ഇനി മാറ്റരുതെന്ന പുതിയ നിര്‍ദേശം നല്‍കിയത്. ഇത് സംബന്ധിച്ച ഉത്തരവും കോടതി ഇറക്കിയിട്ടുണ്ട്.

പിണാറായി വിജയന്‍, മുന്‍ ഊര്‍ജ്ജവകുപ്പ് സെക്രട്ടറി കെ.മോഹനചന്ദ്രന്‍, ഊര്‍ജ്ജ വകുപ്പ് മുന്‍ ജോയിന്റ് സെക്രട്ടറി എ. ഫ്രാന്‍സിസ് എന്നിവരെ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കിയ ഹൈക്കോടതി വിധിക്കെതിരെയാണ് സി.ബി.ഐ സുപ്രീം കോടതിയില്‍ എത്തിയത്. നേരത്തെ കേസ് പരിഗണിച്ച കോടതി കെ ജി രാജശേഖരന്‍ നായര്‍, മുന്‍ ബോര്‍ഡ് ചെയര്‍മാന്‍ ആര്‍. ശിവദാസന്‍, ജനറേഷന്‍ വിഭാഗം മുന്‍ ചീഫ് എന്‍ജിനീയര്‍ എം കസ്തൂരിരംഗ അയ്യര്‍ എന്നിവര്‍ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജികളില്‍ നോട്ടീസ് അയച്ചിരുന്നു.