Hivision Channel

ജലാശയങ്ങള്‍ ശുചീകരിക്കാന്‍ പ്രത്യേകയജ്ഞം നടത്തും; എം ജി രാജമാണിക്യം

കേരളത്തിലെ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും നേതൃത്വത്തില്‍ പൊതുകുളങ്ങള്‍ ശുചീകരിക്കാന്‍ പ്രത്യേക യജ്ഞം നടത്തുമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ ഡയറക്ടറും ഗ്രാമവികസന കമ്മീഷണറുമായ എം ജി രാജമാണിക്യം. കണ്ണൂര്‍ ഡി പി സി ഹാളില്‍ നടന്ന അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്രാവിഷ്‌കൃത പദ്ധതിയായ ദേശീയ റര്‍ബന്‍മിഷന്റെയും സന്‍സദ് ആദര്‍ശ് ഗ്രാമയോജനയുടെയും പി എം എ വൈ(ജി)യുടെയും നബാര്‍ഡിന്റെയും പ്രവര്‍ത്തനങ്ങള്‍ ജില്ലയില്‍ മികച്ച രീതിയിലാണ് നടക്കുന്നത്.
അതിദാരിദ്ര്യ സര്‍വ്വെ നടത്തി കണ്ടെത്തിയ ഗുണഭോക്താക്കള്‍ക്കായി മൈക്രോപ്ലാന്‍ തയ്യാറാക്കുന്നതില്‍ തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ പ്രത്യേക ശ്രദ്ധ ചെലുത്തണം. ഇതില്‍ പലര്‍ക്കും റേഷന്‍ കാര്‍ഡ്, ആധാര്‍കാര്‍ഡ്, ഭുമിയുടെ രേഖകള്‍ തുടങ്ങിയവ ഇല്ലെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇവര്‍ക്ക് ആവശ്യമായ എല്ലാ രേഖകളും ലഭ്യമാക്കാന്‍ ഗ്രാമപഞ്ചായത്ത് തലത്തില്‍ ക്യാമ്പുകള്‍ നടത്തും. കെ എസ് ഇ ബി, വാട്ടര്‍ അതോറിറ്റി, റവന്യു, സിവില്‍ സപ്ലൈസ് തുടങ്ങി വിവിധ വകുപ്പുകളുടെയും ഏജന്‍സികളുടെയും സഹകരണത്തോടെ അതിദരിദ്രര്‍ക്ക് ആവശ്യമായ ആനുകൂല്യങ്ങള്‍ ലഭ്യമാക്കാന്‍ നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു. തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ ടി ജെ അരുണ്‍,
പ്രൊജക്ട് ഡയറക്ടര്‍ റ്റൈനി സൂസന്‍ ജോണ്‍, എംജിഎന്‍ആര്‍ഇജിഎസ് ജോയിന്റ് പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ പി സുരേന്ദ്രന്‍, എ ഡി സി (ജനറല്‍) ഡി വി അബ്ദുള്‍ ജലീല്‍, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, ബ്ലോക്ക് ഡവലപ്‌മെന്റ് ഓഫീസര്‍മാര്‍ എന്നിവര്‍ പങ്കെടുത്തു.

Leave a Comment

Your email address will not be published. Required fields are marked *