Hivision Channel

latest news

റോഡരികിലെ കാട് ശുചീകരിച്ചു

വിളക്കോട്: റോഡരികിലെ കാട് ശുചീകരിച്ചു. എസ്.വൈ.എസ്, എസ്.എസ്.എഫ് വിളക്കോട് യൂണിറ്റിന്റെ നേതൃത്വത്തിലാണ് ഇരിട്ടി – പേരാവൂര്‍ റോഡിന്റെ ഭാഗമായ വിളക്കോട് റോഡരികിലെ കാട് വൃത്തിയാക്കിയത്. ഇ. ഹംസ മൗലവി , സി ബഷീര്‍, വി.കെ അസീസ്, എം.കെ അബൂബക്കര്‍, പി അബ്ദുല്‍ കാദര്‍, കെ.വി നാസര്‍, ഇ അഷറഫ് എന്നിവര്‍ നേതൃത്വം നല്‍കി.

വിസ അനുവദിക്കുന്നതിന് മുമ്പ് പ്രവാസികളുടെ കഴിവും യോഗ്യതയും പരിശോധിക്കും

കുവൈത്തിലേക്ക് വരാന്‍ ഉദ്ദേശിക്കുന്ന പ്രവാസികള്‍ക്ക് വിസ അനുവദിക്കുന്നതിന് മുമ്പ് തന്നെ അവരുടെ തൊഴില്‍പരമായ കഴിവുകളും യോഗ്യതയും പരിശോധിക്കാന്‍ നീക്കം.

കുവൈത്തിലെ ജനസംഖ്യയില്‍ പ്രവാസികളുടെയും സ്വദേശികളുടെയും അനുപാതത്തില്‍ നിലനില്‍ക്കുന്ന അസന്തുലിതാവസ്ഥ പരിഹരിക്കാനുള്ള നടപടികളുടെ ഭാഗമായാണ് പുതിയ തീരുമാനം. സാങ്കേതിക, അനുബന്ധ തൊഴിലുകളില്‍ കുവൈത്ത് സൊസൈറ്റി ഫോര്‍ എഞ്ചിനീയേഴ്‌സുമായി സഹകരിച്ചായിരിക്കും പ്രവാസികള്‍ക്കുള്ള മുന്‍കൂര്‍ പരിശോധനയും പരീക്ഷയും നടപ്പാക്കുന്നത്. കുവൈത്തിലേക്ക് വരാനായി അപേക്ഷിക്കുന്ന പ്രവാസിക്ക് അയാള്‍ ചെയ്യാന്‍ ഉദ്ദേശിക്കുന്ന ജോലിയില്‍ മതിയായ കഴിവും പ്രാഗത്ഭ്യവും ഉണ്ടെന്ന് ജോലി നല്‍കുന്നതിനും വിസ അനുവദിക്കുന്നതിനും മുമ്പ് തന്നെ ഉറപ്പുവരുത്തുകയായിരിക്കും ഇതിലൂടെ ലക്ഷ്യമിടുന്നത്.

ആര്യാടന്‍ മുഹമ്മദിന്റെ മരണം;ഭാരത് ജോഡോ യാത്ര മാറ്റിവയ്ക്കില്ല.

ഭാരത് ജോഡാ യാത്ര മുന്‍നിശ്ചയിച്ച പോലെ തുടരുമെന്ന് കോണ്‍ഗ്രസ്സ് നേതൃത്വം അറിയിച്ചു. മുതിര്‍ന്ന നേതാവ് ആര്യാടന്‍ മുഹമ്മദിന്റെ മരണം കണക്കിലെടുത്ത് ഇന്നത്തെ യാത്ര റദ്ദാക്കുന്ന കാര്യം ആലോചിച്ചെങ്കിലും ആര്യാടന്റെ കുടുംബവുമായി കൂടിയാലോചന നടത്തിയ ശേഷം ഭാരത് ജോഡോ യാത്ര തുടരാന്‍ തീരുമാനിക്കുകയായിരുന്നു. ദേശീയയാത്രയായതിനാല്‍ ഭാരത് ജോഡോ നിര്‍ത്തരുതെന്ന വിലയിരുത്തലിന്റെ കൂടി അടിസ്ഥാനത്തിലാണ് ഈ തീരുമാനം. ഇന്നോടെ തൃശ്ശൂര്‍ ജില്ലയിലെ ഭാരത് ജോഡോ യാത്രയ്ക്ക് സമാപനമാവുകയാണ്. ആര്യാടന് ആദരാഞ്ജലി അര്‍പ്പിക്കാന്‍ രാഹുല്‍ നിലമ്പൂരിലേക്ക് പോയിട്ടുണ്ട്. വൈകിട്ട് നാലോടെ അദ്ദേഹം മടങ്ങിയെത്തിയ ശേഷം യാത്ര വീണ്ടും പുനരാരംഭിക്കും.

കര്‍ണാടക വനം വകുപ്പിന്റെ താല്‍ക്കാലിക വാച്ചറെ ഒഴുക്കില്‍പ്പെട്ട് കാണാതായി

കര്‍ണാടക വനം വകുപ്പിന്റെ താല്‍ക്കാലിക വാച്ചറെ ഒഴുക്കില്‍പ്പെട്ട് കാണാതായി. ബാരാപോള്‍ പുഴയുടെ ഭാഗമായ നീലംപുഴയിലാണ് കര്‍ണാടക പൊന്നംപേട്ട സ്വദേശിയായ ബിനീഷിനെ (21) കാണാതായത്. കര്‍ണാടകത്തിന്റെ കൊക്ക ക്യാമ്പിലുള്ള ബിനീഷ് കാല് തെന്നി പുഴയില്‍ വീഴുകയായിരുന്നു. ഇക്കഴിഞ്ഞ വെള്ളിയാഴ്ച്ചയായിരുന്നു സംഭവം. കര്‍ണാടകത്തില്‍ നിന്നുള്ള സംഘം ബാരാപോള്‍ പുഴയില്‍ ഉള്‍പ്പെടെ ബിനീഷിന് വേണ്ടി തിരച്ചില്‍ നടത്തുകയാണ്.

മുൻ മന്ത്രി ആര്യാടൻ മുഹമ്മദ് അന്തരിച്ചു

കോൺഗ്രസ്സ് നേതാക്കളിലൊരാളും കേരള നിയമസഭയിലെ മുൻ വൈദ്യുതി, ഗതാഗത മന്ത്രിയുമാണ് ആര്യാടൻ മുഹമ്മദ് . വിവിധ ട്രേഡ് യൂണിയനുകളുടെ നേതൃസ്ഥാനം വഹിച്ചിട്ടുണ്ട്.

മുൻ മന്ത്രിയും കോണ്‍ഗ്രസിലെ ഉന്നത നേതാവുമായിരുന്ന ആര്യാടൻ മുഹമ്മദ് അന്തരിച്ചു. 87 വയസായിരുന്നു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കോൺഗ്രസ്സ് നേതാക്കളിലൊരാളും കേരള നിയമസഭയിലെ മുൻ വൈദ്യുതി, ഗതാഗത മന്ത്രിയുമാണ് ആര്യാടൻ മുഹമ്മദ് . വിവിധ ട്രേഡ് യൂണിയനുകളുടെ നേതൃസ്ഥാനം വഹിച്ചിട്ടുണ്ട്.

മികച്ച പാര്‍ലമെന്‍റേറിയനും പ്രഭാഷകനും വായനക്കാരനുമായിരുന്നു. മലപ്പുറം നിലമ്പൂരില്‍ ആര്യാടൻ ഉണ്ണീന്‍റെയും കദിയുമ്മയുടേയും ഒൻപത് മക്കളിൽ രണ്ടാമനായി 1935 മേയ് 15നാണ് ആര്യാടന്‍ മുഹമ്മദിന്‍റെ ജനനം. നിലമ്പൂർ ഗവ. മാനവേദൻ ഹൈസ്കൂളിൽ നിന്നാണ് വിദ്യാഭ്യാസം നേടിയത്. അക്കാലം സ്കൂൾ ഫുട്ബോൾ ടീം ക്യാപ്റ്റനായിരുന്നു. ട്രേഡ് യൂണിയൻ പ്രവർത്തനത്തിലൂടെ രാഷ്ട്രീയത്തിൽ പ്രവേശിച്ചു. 1959ൽ വണ്ടൂർ ഫർക്ക കോൺഗ്രസ് കമ്മിറ്റി പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ടു. 1960ൽ കോഴിക്കോട് ഡിസിസി സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടതോടെ രാഷ്ട്രീയത്തില്‍ ഉന്നത സ്ഥാനത്തെത്തി. 1962വണ്ടൂരിൽ നിന്ന് കെപിസിസി അംഗം. 1969ൽ മലപ്പുറം ജില്ല രൂപവത്ക്കരിച്ചപ്പോൾ ഡിസിസി പ്രസിഡന്‍റായി. 1978മുതൽ കെപിസിസി സെക്രട്ടറിയായി. എന്നാല്‍ കന്നി തെരഞ്ഞെടുപ്പില്‍ തോറ്റു. 1965ലും, 67ലും നിലമ്പൂരിൽ നിന്ന് നിയസഭയിലേക്ക് മത്സരിച്ചു. എന്നാല്‍ കെ. കുഞ്ഞാലിയോട് തോറ്റു. 1969ൽ ജൂലൈ 28ന് കുഞ്ഞാലി വധക്കേസിൽ പ്രതിയായി. കേസില്‍ പിന്നീട് ആര്യാടനെ ഹൈക്കോടതി കുറ്റവിമുക്താനാക്കി. അടിയന്തരാവസ്ഥക്ക് ശേഷം നടന്ന തെരഞ്ഞെടുപ്പില്‍ 1977ൽ നിലമ്പൂരിൽ നിന്ന് നിയസഭയിലെത്തി.
പൊന്നാനിയിൽ നിന്ന് ലോക് സഭയിലേക്ക് മത്സരിച്ച് തോറ്റു. എ ഗ്രൂപ്പ് ഇടതുപക്ഷത്തെത്തിയപ്പോള്‍ ആ വർഷം എംഎൽഎ ആകാതെ തന്നെ ഇടത് മുന്നണി മന്ത്രിസഭയിൽ മന്ത്രിയായി. വനം-തൊഴില്‍ വകുപ്പാണ് ലഭിച്ചത്. സി. ഹരിദാസ് നിലമ്പൂരിൽ എംഎൽഎ സ്ഥാനം രാജിവെച്ച് ഉപതിരഞ്ഞെടുപ്പിൽ മത്സരിച്ച് മുല്ലപ്പള്ളി രാമചന്ദ്രനെ തോൽപ്പിച്ച് നിയമസഭയിലെത്തി.

എന്നാല്‍, 1982ൽ ടി കെ ഹംസയോട് തോറ്റത് തിരിച്ചടിയായി. പിന്നീട് ഏറെക്കാലം നിലമ്പൂരിനെ പ്രതിനിധീകരിച്ചു. 1987മുതൽ 2011വരെ എല്ലാ തെരഞ്ഞെടുപ്പുകളിലും ജയിച്ചു. 1995, 2001ലും മന്ത്രിസഭയിൽ ഉള്‍പ്പെട്ടു. തൊഴിൽ മന്ത്രിയായിരിക്കെ തൊഴിൽരഹിത വേതനവും കർഷക തൊഴിലാളി പെൻഷനും നടപ്പാക്കി. നിലവില്‍ വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ഏറെക്കാലമായി ചികിത്സയിലായിരുന്നു

നാളെ വൈദ്യുതി മുടങ്ങും

ഏച്ചൂര്‍ ഇലക്ട്രിക്കല്‍ സെക്ഷനിലെ കാനന്നൂര്‍ ഹാന്‍ഡ്‌ലൂം, കാമറിന്‍ എന്നീ ട്രാന്‍സ്ഫോമര്‍ പരിധിയില്‍ സെപ്റ്റംബര്‍ 25 ഞായര്‍ രാവിലെ 8.30 മുതല്‍ വൈകീട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.

ശ്രീകണ്ഠപുരം ഇലക്ട്രിക്കല്‍ സെക്ഷന്‍ ഓഫീസ് ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ സെപ്റ്റംബര്‍ 25 ഞായര്‍ രാവിലെ ഒമ്പത് മണി മുതല്‍ വൈകീട്ട് നാല് വരെ വൈദ്യുതി മുടങ്ങും.

ഇരിക്കൂറില്‍ മൊബൈല്‍ വാക്സിനേഷന്‍ 25 മുതല്‍

വര്‍ധിച്ചുവരുന്ന തെരുവുനായ ശല്യത്തിന് പരിഹാരമായി മൊബൈല്‍ വാക്സിനേഷന്‍ യൂണിറ്റ് രൂപീകരിച്ച് ഇരിക്കൂര്‍ ബ്ലോക്ക് പഞ്ചായത്ത്. പേവിഷബാധ പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായാണ് പദ്ധതി നടപ്പാക്കുന്നത്. വാക്സിനേഷന്‍ സെപ്റ്റംബര്‍ 25ന് ആരംഭിക്കും. ഒരു മാസം നീണ്ടുനില്‍ക്കുന്ന വാക്സിനേഷന്‍ പ്രവര്‍ത്തനങ്ങള്‍ക്കായി ബ്ലോക്ക് പഞ്ചായത്ത് അഞ്ച് ലക്ഷം രൂപ വകയിരുത്തി. രണ്ട് വാഹനങ്ങളിലായാണ് വാക്സിനേഷന്‍ യൂണിറ്റ് പ്രവര്‍ത്തിക്കുക. ഒരു വെറ്റിനറി ഡോക്ടര്‍, രണ്ട് ലൈവ് സ്റ്റോക്ക് ഇന്‍സ്പെക്ടര്‍മാര്‍, നാല് പട്ടി പിടുത്തക്കാര്‍ എന്നിവരാണ് ഒരു യൂണിറ്റില്‍ ഉണ്ടാവുക. രാവിലെ ആറു മുതല്‍ വാക്സിനേഷന്‍ ആരംഭിക്കും. പദ്ധതിയുടെ ഭാഗമായി നടത്തിയ കണക്കെടുപ്പില്‍ 2000ത്തോളം തെരുവ് നായകള്‍ ബ്ലോക്ക് പരിധിയിലുള്ളതായി കണ്ടെത്തി. ഇതിനുപുറമേ വളര്‍ത്തു നായ്ക്കള്‍ക്കായി സൗജന്യ വാക്സിനേഷന്‍ ക്യാമ്പും സംഘടിപ്പിക്കും. വന്ധ്യംകരണ പ്രവര്‍ത്തനങ്ങളും ഊര്‍ജ്ജിതമാക്കും.

ദേശീയ പോഷണ മാസാചരണം ജില്ലാതല ഉദ്ഘാടനം നടത്തി

ദേശീയ പോഷണ മാസാചരണം ജില്ലാതല ഉദ്ഘാടനം കണ്ണൂര്‍ മുനിസിപ്പല്‍ സ്‌കൂളില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ നിര്‍വഹിച്ചു. രോഗങ്ങള്‍ കൂടാനുള്ള പ്രധാന കാരണം നമ്മുടെ ഭക്ഷണ ശീലമാണെന്നും പോഷക മൂല്യമുള്ള ഭക്ഷണം ജീവിതത്തിന്റെ ഭാഗമാക്കണമെന്നും പ്രസിഡണ്ട് പറഞ്ഞു.
എല്ലാ വര്‍ഷവും സെപ്റ്റംബര്‍ ഒന്ന് മുതല്‍ 30 വരെയാണ് ദേശീയ പോഷണ മാസമായി ആചരിക്കുന്നത്. ശാരീരിക മാനസികാരോഗ്യത്തിനും വളര്‍ച്ചക്കും പോഷണത്തിനുമുള്ള പ്രാധാന്യത്തെക്കുറിച്ച് പൊതുജനങ്ങളില്‍ അവബോധം സൃഷ്ടിക്കുന്നതിന് വേണ്ടിയാണിത്.
സ്ത്രീകളുടെ ആരോഗ്യം, കുട്ടികളുടെ വിദ്യാഭ്യാസവും പോഷകാഹാരവും, സ്ത്രീപക്ഷ ജലസംരക്ഷണ വിതരണ ക്രമം, ഗോത്രവര്‍ഗ മേഖലയിലെ സ്ത്രീകള്‍ക്കും കുഞ്ഞുങ്ങള്‍ക്കുമുള്ള പരമ്പരാഗത ഭക്ഷണക്രമം തുടങ്ങിയവയാണ് ഈ വര്‍ഷത്തെ ദേശീയ പോഷണ മാസാചരണത്തിന്റെ ലക്ഷ്യങ്ങള്‍.
മാസാചരണവുമായി ബന്ധപ്പെട്ട് ജില്ലയിലെ സര്‍ക്കാര്‍ ആരോഗ്യ സ്ഥാപനങ്ങളില്‍ വിവിധ ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിക്കുന്നുണ്ട്. തദ്ദേശ സ്ഥാപന തലത്തിലും പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.
പരിപാടിയുടെ ഭാഗമായി വിദ്യാര്‍ഥികളുടെ പോഷകാഹാര പ്രദര്‍ശനവും നടന്നു. 50 ഓളം വിഭവങ്ങള്‍ പ്രദര്‍ശിപ്പിച്ചു. ആദ്യ മൂന്ന് സ്ഥാനം നേടിയവര്‍ക്കുള്ള സമ്മാനദാനം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് നിര്‍വഹിച്ചു. ജില്ലാ ആശുപത്രി ഡയറ്റീഷ്യന്‍ നിവേദിത രാഹുല്‍ പോഷണ മാസാചരണത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും എ എച്ച് കൗണ്‍സിലര്‍ അമല്‍ മരിയ കൗമാര പ്രായക്കാരുടെ പ്രശ്‌നങ്ങളെക്കുറിച്ചും ക്ലാസ്സെടുത്തു. ജില്ലാ സര്‍വൈലന്‍സ് ഓഫീസര്‍ ഡോ. എം പി ജീജ അധ്യക്ഷത വഹിച്ചു. ദേശീയ ആരോഗ്യ ദൗത്യം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. പി കെ അനില്‍കുമാര്‍, പ്രാധാനാധ്യാപകന്‍ പ്രദീപ് നാറോത്ത്, പ്രിന്‍സിപ്പല്‍ കെ സ്വപ്ന, ഡി എം ഒ ഓഫീസ് ടെക്‌നിക്കല്‍ അസിസ്റ്റന്റ് സി ജി ശശിധരന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

ദേശീയപാതയിലെ മീഡിയനുകളുടെ അപാകത അടിയന്തിരമായി പരിഹരിക്കണം

കണ്ണൂര്‍ പുതിയതെരു മുതല്‍ ചാല വരെ ദേശീയപാതയില്‍ മീഡിയന്‍ സ്ഥാപിച്ചതിലെ അപാകത മൂലം അപകടങ്ങള്‍ കൂടുന്നതിനാല്‍ അടിയന്തിരമായി പരിഹാര നടപടികള്‍ സ്വീകരിക്കണമെന്ന് ദേശീയപാത അതോറിറ്റിയോട് ജില്ലാ വികസന സമിതി യോഗം ആവശ്യപ്പെട്ടു. തകര്‍ന്ന ഡിവൈഡറുകള്‍ പുനര്‍നിര്‍മ്മിക്കാമെന്ന് ജനപ്രതിനിധികളുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയെ തുടര്‍ന്ന് എന്‍എച്ച്എഐ സമ്മതിച്ചെങ്കിലും അതുണ്ടായില്ലെന്ന് യോഗം ചൂണ്ടിക്കാട്ടി. കുഴികള്‍ അടക്കുക, മീഡിയനുകള്‍ പരിഷ്‌ക്കരിക്കുക, റിഫ്ളക്ടറുകള്‍ സ്ഥാപിക്കുക തുടങ്ങി സംയുക്ത പരിശോധനയെ തുടര്‍ന്ന് ഉറപ്പുനല്‍കിയ കാര്യങ്ങള്‍ നടപ്പിലാക്കണമെന്ന് ജില്ലാ കലക്ടര്‍ എസ് ചന്ദ്രശേഖര്‍ ആവശ്യപ്പെട്ടു. പുതിയതെരു-ചാല ദേശീയപാതയില്‍ 63 ഹസാര്‍ഡ് മാര്‍ക്കറുകള്‍ സ്ഥാപിച്ചിട്ടുണ്ടെന്നും മേലെ ചൊവ്വ മുതല്‍ താണ വരെ 150 മീഡിയന്‍ മാര്‍ക്കറുകള്‍ സ്ഥാപിച്ചതായും എന്‍എച്ച്എഐ പ്രൊജക്ട് ഡയറക്ടര്‍ അറിയിച്ചു. ബാക്കി വരുന്ന മീഡിയന്‍ മാര്‍ക്കറുകള്‍ സ്ഥാപിക്കുന്ന പ്രവൃത്തി നടന്നുകൊണ്ടിരിക്കുകയാണെന്നും അറിയിച്ചു. എംഎല്‍എമാരായ കെ വി സുമേഷ്, രാമചന്ദ്രന്‍ കടന്നപ്പള്ളി എന്നിവരാണ് ഈ വിഷയം ഉന്നയിച്ചത്. ദേശീയപാതയില്‍ തോട്ടട പോളിടെക്നിക്കിന് സമീപം എംഎല്‍എ ഫണ്ട് ഉപയോഗിച്ച് ഹൈമാസ്റ്റ് വിളക്ക് സ്ഥാപിക്കുന്നതിനായി ദേശീയപാത അതോറിറ്റിയുടെ അനുമതി തേടിയിട്ട് ഒരു വര്‍ഷത്തോളമായിട്ടും ലഭിച്ചില്ലെന്ന് രാമചന്ദ്രന്‍ കടന്നപ്പള്ളി എംഎല്‍എ പറഞ്ഞു.
ആദിവാസി കോളനികളിലുള്ളവര്‍ക്ക് ആശ്രയമായ കോളയാട്-പെരുവ-കടല്‍ക്കണ്ടം പാലം നിര്‍മ്മാണത്തിന് യൂസര്‍ ഏജന്‍സിയായ ഐടിഡിപി വനം വകുപ്പിന്റെ അനുമതിക്കായി പരിവേഷ് പോര്‍ട്ടലില്‍ നല്‍കേണ്ട അപേക്ഷ അടിയന്തിരമായി നല്‍കണമെന്ന് കെ കെ ശൈലജ ടീച്ചര്‍ എംഎല്‍എ നിര്‍ദേശിച്ചു. വനഭൂമി വനേതര ആവശ്യത്തിനായി ഉപയോഗിക്കുന്നതിന് ഈ അനുമതി ആവശ്യമാണ്. പാലം നിര്‍മ്മാണത്തിന് 0.1378 ഹെക്ടര്‍ വനഭൂമി ഏറ്റെടുക്കേണ്ടതുണ്ട്. ഇതിനാവശ്യമായ 2,19,900 രൂപ ഐടിഡിപി കോര്‍പസ് ഫണ്ടില്‍നിന്ന് അനുവദിക്കും. ഇരിക്കൂര്‍ പാലം റോഡിലെ കുഴികള്‍ ഒരാഴചയ്ക്കകം അടക്കണമെന്നും പുതിയ പാലത്തിനായി ഇന്‍വെസ്റ്റിഗേഷന്‍ പ്രവൃത്തികള്‍ ആരംഭിക്കണമെന്നും ശൈലജ ടീച്ചര്‍ എംഎല്‍എ നിര്‍ദേശം പൊതുമരാമത്ത് വകുപ്പിന് നല്‍കി.
കണിച്ചാര്‍, ആറളം പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന ഓടന്തോട് പാലത്തിന്റെ നിര്‍മ്മാണം 90 ശതമാനം പൂര്‍ത്തീകരിച്ചതായി ഐടിഡിപി അറിയിച്ചു. ശേഷിക്കുന്ന പ്രവൃത്തികള്‍ ഡിസംബറോടെ പൂര്‍ത്തിയാക്കും.
ചെറുതാഴം, കുഞ്ഞിമംഗലം ഗ്രാമപഞ്ചായത്തുകളില്‍ കുടിവെള്ള പൈപ്പ് ലൈന്‍ സ്ഥാപിക്കാന്‍ റോഡ് കട്ടിംഗ് അനുമതിക്ക് സംയുക്ത പരിശോധന പൂര്‍ത്തീകരിച്ചു. തുടര്‍നടപടികള്‍ എന്‍എച്ച്എഐ കോഴിക്കോട് റീജ്യനല്‍ ഓഫീസാണ് സ്വീകരിക്കേണ്ടത്.
പാനൂര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യു സ്റ്റേഷന്‍ താല്‍ക്കാലികമായി പ്രവര്‍ത്തിക്കാന്‍ പോലീസ് സ്റ്റേഷന്‍ വളപ്പിലെ സിഐയുടെ കെട്ടിടം ആറ് മാസത്തേക്ക് അനുവദിച്ചിട്ടും അതിലേക്ക് മാറാത്തതിനാല്‍ നിലവിലെ ഓഫീസായ പാനൂര്‍ വിശ്രമ മന്ദിരത്തില്‍നിന്ന് ഒഴിവാകാന്‍ കലക്ടര്‍ നിര്‍ദേശം നല്‍കി.
ആലക്കോട് കപ്പണ കോളനിയില്‍ കുഴല്‍ക്കിണര്‍ സ്ഥാപിക്കാന്‍ കോളനി വാസിയായ ബാബു സ്ഥലം അനുവദിച്ചതിനാല്‍ തുടര്‍നടപടിക്ക് പഞ്ചായത്ത് സെക്രട്ടറിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
പാപ്പിനിശ്ശേരി-പിലാത്തറ റോഡില്‍ പാപ്പിനിശ്ശേരി പാലത്തിലെ കുഴികള്‍ അടച്ചതായി കെഎസ്ടിപി അറിയിച്ചു. ഈ റോഡിലെ തെരുവു വിളക്കുകള്‍ സോളാര്‍ സംവിധാനത്തില്‍നിന്ന് മാറ്റി കെഎസ്ഇബിയിലേക്ക് കൈമാറാനായി ഗവ. സെക്രട്ടറി തലത്തില്‍ ചര്‍ച്ച നടക്കുകയാണ്.
പഴയങ്ങാടി-പയ്യന്നൂര്‍ റൂട്ടില്‍ രാത്രി ഏഴിന് ശേഷം ബസുകള്‍ ട്രിപ്പ് മുടക്കുന്നത് പരിശോധിച്ച് സര്‍വീസ് നടത്താത്തവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ആര്‍ടിഒ അറിയിച്ചു. ജനശതാബ്ദി ട്രെയിനിന് കണക്ഷനായി ദേശീയപാത വഴി കാഞ്ഞങ്ങാട് സര്‍വീസ് പുനഃസ്ഥാപിച്ചതായി കെഎസ്ആര്‍ടിസി അറിയിച്ചു.
വടവന്തൂര്‍ പാലം നിര്‍മ്മാണം പുനരാരംഭിച്ചു. ഡിസംബര്‍ 31നകം പൂര്‍ത്തീകരിക്കുമെന്ന് പൊതുമരാമത്ത് എക്സിക്യുട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു.
നിര്‍ത്തലാക്കിയ കാലാങ്കി ഏകാധ്യാപക സ്‌കൂള്‍ നിലവില്‍ പ്രവര്‍ത്തിക്കുന്നതായും പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവിന് കാത്തിരിക്കുന്നതായും ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.
ശ്രീകണ്ഠപുരം നഗരസഭ വികസനത്തിന് അഞ്ച് കോടി രൂപയുടെ പ്രവൃത്തിക്ക് സാങ്കേതികാനുമതി ലഭ്യമായതായും ടെന്‍ഡര്‍ നടപടികള്‍ പുരോഗമിക്കുന്നതായും പൊതുമരാമത്ത് എക്സിക്യുട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു.
പട്ടുവം കൂത്താട്ട് മലയിടിച്ചിലില്‍ അപകട ഭീഷണിയുണ്ടായ പ്രദശത്ത് കോഴിക്കോട് എന്‍ഐടി, ജിയോളജിസ്റ്റ് സംഘം നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തില്‍ നാല് കുടുംബങ്ങള്‍ക്ക് ധനസഹായം നല്‍കാന്‍ സര്‍ക്കാറിലേക്ക് ശുപാര്‍ശ നല്‍കിയതായി എഡിഎം അറിയിച്ചു. ഇതില്‍ രണ്ട് കുടുംബങ്ങളെ കൂടി ഉള്‍പ്പെടുത്താന്‍ തഹസില്‍ദാര്‍ റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്.
കലക്ടറേറ്റ് ഗ്രൗണ്ടിലും പരിസരത്തും ഉപേക്ഷിച്ചിരിക്കുന്ന വിവിധ വകുപ്പുകളുടെ വാഹനങ്ങള്‍ ഇ-ലേലം വഴി മാറ്റി തുടങ്ങിയതായി എഡിഎം അറിയിച്ചു.
ജില്ലയില്‍ കോക്ലിയാര്‍ ഇംപ്ലാന്റേഷന്‍ നടത്തിയ 55 പേര്‍ക്ക് വാറണ്ടി കാലയളവിന് ശേഷം റിപ്പയറിംഗിനുള്ള അപേക്ഷ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് കൈമാറിയതായി സാമൂഹ്യനീതി ഓഫീസര്‍ അറിയിച്ചു. ഇതിന് പഞ്ചായത്തുകള്‍ പ്രൊജക്ട് വെക്കണമെന്ന് കലക്ടര്‍ നിര്‍ദേശിച്ചു. 134 പേര്‍ക്കാണ് ജില്ലയില്‍ കോക്ലിയാര്‍ ഇംപ്ലാന്റേഷന്‍ നടത്തിയത്.
ചൊറുക്കള-ബാറുപറമ്പ്-മയ്യില്‍-ചാലോട് റോഡിന് 291.63 കോടിയുടെ സാമ്പത്തിക അനുമതി കിഫ്ബിയില്‍നിന്ന് ലഭിച്ചതായും ഭൂമി ഏറ്റെടുക്കല്‍ പുരോഗമിക്കുന്നതായും കെആര്‍എഫ്ബി-പിഎംയു എക്സിക്യുട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു.
യോഗത്തില്‍ ജില്ലാ കലക്ടര്‍ എസ് ചന്ദ്രശേഖര്‍ അധ്യക്ഷനായി. എംഎല്‍എമാരായ കെ കെ ശൈലജ ടീച്ചര്‍, രാമചന്ദ്രന്‍ കടന്നപ്പള്ളി, കെ വി സുമേഷ്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. ബിനോയ് കുര്യന്‍, അസി. കലക്ടര്‍ മിസല്‍ സാഗര്‍ ഭരത്, ഡിപിഒ കെ പ്രകാശന്‍, എഡിഎം കെ കെ ദിവാകരന്‍, വിവിധ വകുപ്പ് തല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്‍ നടത്തുന്ന കമ്പൈന്‍ഡ് ഗ്രാജ്വേറ്റ് ലെവല്‍ പരീക്ഷയ്ക്ക് ഒക്ടോബര്‍ എട്ട് വരെ അപേക്ഷിക്കാം

സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്‍ നടത്തുന്ന കമ്പൈന്‍ഡ് ഗ്രാജ്വേറ്റ് ലെവല്‍ പരീക്ഷയ്ക്ക് (എസ്.എസ്.സി. സി. ജി. എല്‍ 2022) ഒക്ടോബര്‍ എട്ട് വരെ അപേക്ഷിക്കാം. എസ്. എസ്. സി യുടെ ഔദ്യോഗിക വെബ്‌സൈറ്റായ https://ssc.nic.in വഴിയാണ് ഉദ്യോഗാര്‍ഥികള്‍ അപേക്ഷിക്കേണ്ടത്. ടയര്‍ 1 പരീക്ഷ 2022 ഡിസംബര്‍ മാസത്തില്‍ നടക്കും. കംപ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷയാണ് നടത്തുക. വിവിധ മന്ത്രാലയങ്ങള്‍, വകുപ്പുകള്‍ തുടങ്ങിയവയിലേക്കുള്ള ഗ്രൂപ്പ് ബി, സി വിഭാഗങ്ങളിലെ തസ്തികകളിലേക്കാണ് നിയമനം നടത്തുന്നത്. വിവരങ്ങള്‍ക്ക് : 080-25502520, 9483862020.