തീവ്ര ന്യൂനമര്‍ദ്ദം ശക്തി കുറയുന്നു
സംസ്ഥാനത്ത് ഒരാഴ്ചയോളമായി തുടരുന്ന കനത്ത മഴയ്ക്ക് ഇടവേള. തീവ്ര ന്യൂനമര്‍ദ്ദം ശക്തി കുറയുന്നു. തീവ്ര ന്യുന മര്‍ദ്ദം ഛത്തിസ്ഗഡിനും സമീപത്തുള്ള മദ്ധ്യപ്രദേശിനും മുകളില്‍ ശക്തി കുറഞ്ഞ ന്യുന മര്‍ദ്ദമായി ദുര്‍ബലമായി. അടുത്ത 24 മണിക്കൂറില്‍ ന്യുന മര്‍ദ്ദമായി വീണ്ടും ശക്തി കുറയാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഗുജറാത്ത് തീരം മുതല്‍ കേരള തീരം വരെ ന്യുന മര്‍ദ്ദ പാത്തി നിലനിക്കുന്നു. മണ്‍സൂണ്‍ പാത്തി അതിന്റെ സാധാരണ സ്ഥാനത്ത് നിന്നും തെക്കോട്ടു മാറി സ്ഥിതി ചെയ്യുന്നു. ഇതിന്റെ സ്വാധീനത്താല്‍, കേരളത്തില്‍ ആഗസ്റ്റ് 10 മുതല്‍ 11 വരെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കാണ് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു. ഇന്ന് കേരളത്തില്‍ ഒരു ജില്ലയിലും റെഡ്, ഓറഞ്ച് അലര്‍ട്ട് ഇല്ല. മലപ്പുറം മുതല്‍ കാസര്‍കോട് വരെയുള്ള വടക്കന്‍ ജില്ലകളിലും ഇടുക്കിയിലും ഇന്ന് യെല്ലോ അലര്‍ട്ടാണ്.