
യൂണിഫോം സേനയില്‍ ജോലിക്കായി ജില്ലാ പഞ്ചായത്ത് നല്‍കിയ പഠന പരിശീലനത്തിലൂടെ ആറളം പട്ടികവര്‍ഗ മേഖലയിലേതുള്‍പ്പെടെ പത്ത് യുവതീ യുവാക്കള്‍ക്ക് വനം-വന്യജീവി വകുപ്പില്‍ ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ തസ്തികയില്‍ ജോലി ലഭിച്ചു. ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ എസ്ടി റിക്രൂട്ട്മെന്റില്‍ ഒരു യുവതിക്കും ഒമ്പത് യുവാക്കള്‍ക്കുമാണ് പിഎസ്സി അഡൈ്വസ് മെമ്മോ ലഭിച്ചത്. ഇതില്‍ കെഎസ് ശ്രീജിത്ത് റാങ്ക് പട്ടികയില്‍ രണ്ടാം സ്ഥാനത്താണ്. അനിലാല്‍ അശോകന്‍, അനന്തു സി എന്‍, ദര്‍ശന ടി ആര്‍, അരുണ്‍ കെ, അരുണ്‍ ടി ആര്‍, അരുണ്‍ ലക്ഷ്മണന്‍, വിഷ്ണു എ, ഷൈനീഷ്, അഖിലേഷ് പി പി എന്നിവരാണ് ജോലി ലഭിച്ച മറ്റുള്ളവര്‍.
ജില്ലാ പഞ്ചായത്തിന്റെ 2022-23 വര്‍ഷത്തെ എസ്ടി ഉപപദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് ഡ്രോണ്‍ അക്കാദമി മയ്യില്‍ മുഖേന പട്ടികവര്‍ഗ മേഖലയിലെ യുവതീയുവാക്കള്‍ക്കായി യൂണിഫോം സേനയിലേക്കുള്ള നിയമനത്തിന് കായിക പരിശീലനവും പരീക്ഷാ പരിശീലനവും നല്‍കിയത്. മൂന്നോറോളം പേര്‍ക്കാണ് ആദ്യഘട്ടത്തില്‍ പരിശീലനം നല്‍കിയത്. ഇവരില്‍ നിരവധി പേര്‍ വിവിധ സേനാ വിഭാഗങ്ങളില്‍ പരീക്ഷകളുടെ വിവിധ ഘട്ടങ്ങളില്‍ യോഗ്യത നേടിയിട്ടുണ്ട്. ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ തസ്തികയുടെ റാങ്ക് ലിസ്റ്റില്‍ ഇനി 15 പേര്‍ കൂടിയുണ്ട്.
ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ തസ്തികയില്‍ ജോലി ലഭിച്ചവര്‍ക്കായി ജില്ലാ പഞ്ചായത്ത് നല്‍കിയ അനുമോദന യോഗം പ്രസിഡന്റ് പി പി ദിവ്യ ഉദ്ഘാടനം ചെയ്തു. വിജയികള്‍ക്ക് പ്രസിഡന്റ് മധുരം നല്‍കി. വൈസ് പ്രസിഡന്റ് അഡ്വ. ബിനോയ് കുര്യന്‍ അധ്യക്ഷനായി. സ്ഥിരം സമിതി ചെയര്‍പേഴ്സന്‍മാരായ വി കെ സുരേഷ് ബാബു, അഡ്വ. ടി. സരള, യു പി ശോഭ, ജില്ലാ പഞ്ചായത്ത് സെക്രട്ടറി എ വി അബ്ദുല്ലത്തീഫ്, ഐടിഡിപി പ്രൊജക്ട് ഓഫീസര്‍ എസ് സന്തോഷ്‌കുമാര്‍, ജില്ലാ പഞ്ചായത്ത് അംഗങ്ങള്‍, പരിശീലകരായ ഡ്രോണ്‍ മയ്യിലിന്റെ കെ രാജേഷ്, സി സുമേഷ് തുടങ്ങിയവര്‍ സംബന്ധിച്ചു. കെ എസ് ശ്രീജിത്ത് മറുപടി പ്രസംഗം നടത്തി.














