
സംസ്ഥാനത്ത് വൈദ്യുതിക്ഷാമം ഉണ്ടാകേണ്ട കാലാവസ്ഥയല്ല നിലവിലുള്ളതെന്നും, വൈദ്യുതി രംഗത്ത് പ്രതിസന്ധിയുണ്ടെന്ന് മുഖ്യമന്ത്രി പറയുന്നത് ദുരൂഹമാണെന്നും പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. കേരളത്തിലെ വൈദ്യുതിക്ഷാമം കൃത്രിമമായി സൃഷ്ടിച്ചതാണ്. ഇതിന് പിന്നില്‍ അതീവ ഗൗരവമുള്ള കാര്യങ്ങളുണ്ടെന്നും പിണറായി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.വടക്കേ ഇന്ത്യയില്‍ ഉള്‍പ്പെടെ നല്ല മഴ ലഭിച്ചതോടെ രാജ്യത്ത് ആകെ വൈദ്യുതി ലഭ്യത മെച്ചപ്പെട്ട നിലയിലാണ്. പക്ഷേ, സര്‍ക്കാരും മുഖ്യമന്ത്രിയും വൈദ്യുതി പ്രതിസന്ധിയെന്നാണ് പറയുന്നത്.
വൈദ്യുതി ബോര്‍ഡ് എടുത്ത നിലപാട് തള്ളുന്ന സര്‍ക്കാരിന്റെ നടപടി സംശയാസ്പദമാണ്. വൈദ്യുതി ബോര്‍ഡും വകുപ്പ് മന്ത്രിയും സ്വീകരിച്ച നിലപാടിന് വിരുദ്ധമായാണ് മുഖ്യമന്ത്രി പ്രവര്‍ത്തിക്കുന്നതെന്ന് പിറണായി അഭിപ്രായപ്പെട്ടു. സാധാരണ നിലയില്‍ കാര്യങ്ങള്‍ കൈകാര്യം ചെയ്യേണ്ടത് വൈദ്യുതി ബോര്‍ഡാണ്; അതിന്റെ പ്രധാന ഉത്തരവാദിത്തവും അവര്‍ക്കാണ്. കരാര്‍ ഒപ്പിടാന്‍ തീരുമാനിച്ചത് താനാണെന്ന് മുഖ്യമന്ത്രി തന്നെ പറയുന്നു. അങ്ങനെയെങ്കില്‍ പിന്നെന്തിനാണ് വകുപ്പും മന്ത്രിയും ബോര്‍ഡും? പൂര്‍ണ ഉത്തരവാദിത്തം മുഖ്യമന്ത്രി ഏറ്റെടുക്കുമ്പോള്‍ അതില്‍ എന്തോ ഒളിച്ചുവയ്ക്കാനുണ്ടെന്ന് പിണറായി പറഞ്ഞു.
അഴിമതി ആരോപണങ്ങള്‍ക്ക് മുഖ്യമന്ത്രിക്ക് മറുപടിയില്ല. സുതാര്യമായ നടപടിക്രമങ്ങളിലൂടെയാണ് വൈദ്യുതി വാങ്ങേണ്ടത്. നല്ല കഴിവുള്ള ഐഎഎസ് ഉദ്യോഗസ്ഥനാണ് രാജമാണിക്യം. കാര്യങ്ങള്‍ പരിശോധിച്ചപ്പോള്‍ ക്രമക്കേടുകള്‍ ബോധ്യപ്പെട്ടതിനെത്തുടര്‍ന്നാണ് അദ്ദേഹം വിയോജിപ്പ് രേഖപ്പെടുത്തിയത്. എന്നാല്‍ തങ്ങള്‍ക്ക് വഴങ്ങാത്ത ഉദ്യോഗസ്ഥനെ സ്ഥാനമാറ്റുകയാണ് സര്‍ക്കാര്‍ ചെയ്തത്.
കെഎസ്ഇബിക്കോ രാജമാണിക്യത്തിനോ എതിര്‍പ്പില്ലെന്ന് പറയുമ്പോഴും അവരുടെ വിയോജനക്കത്തിന് വിരുദ്ധമായ തീരുമാനങ്ങളാണ് മുഖ്യമന്ത്രി കൈക്കൊള്ളുന്നത്. ഔദ്യോഗിക കത്ത് ഇല്ലെന്ന വാദം തെറ്റാണെന്ന് അത് പുറത്തുവന്നതിലൂടെ വ്യക്തമായി. രാജ്യത്തെ കുത്തക കമ്പനികളാണ് വൈദ്യുതി ഉത്പാദനം നടത്തുന്നത്. സര്‍ക്കാര്‍ നടപടി കുത്തകകളുടെ താല്‍പര്യം സംരക്ഷിക്കാനുള്ള പ്രതിസന്ധി സൃഷ്ടിക്കലാണോ എന്നത് പരിശോധിക്കണമെന്നും പിണറായി ആവശ്യപ്പെട്ടു.














