പ്രാഥമിക സഹകരണ സംഘങ്ങളില്‍ ഐടി സംയോജനം കൊണ്ടുവരുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നതായി സഹകരണ, രജിസ്ട്രേഷന്‍ വകുപ്പ് മന്ത്രി വി എന്‍ വാസവന്‍ പറഞ്ഞു. കേരളത്തിലെ സഹകരണ ബാങ്കുകളില്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ സംവിധാനമായ യൂനിഫൈഡ് പേമെന്റ് ഇന്റര്‍ഫേസ്-യുപിഐ സാധ്യമാക്കാനായി കേരള ദിനേശിന്റെ ഐടി യൂനിറ്റായ ദിനേശ് ഐടി സിസ്റ്റംസ് വികസിപ്പിച്ച സി-പേ മൊബൈല്‍ ആപ്ലിക്കേഷന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. കണ്ണൂര്‍ ദിനേശ് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ സി-പേ ക്യു ആര്‍ കോഡ്, എടിഎം കാര്‍ഡ് എന്നിവയും മന്ത്രി പുറത്തിറക്കി.
പ്രാഥമിക സഹകരണ സംഘങ്ങളില്‍ ഐടി സംയോജനത്തിനുള്ള ടെക്നിക്കല്‍ ബിഡ് തുറന്നതായും ചില കമ്പനികള്‍ മുന്നോട്ടുവന്നിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. കേരള ബാങ്ക് ന്യൂജന്‍ ബാങ്കുകളോട് മത്സരിക്കാന്‍ കഴിയുന്ന വിധത്തില്‍ എടിഎം, മൊബൈല്‍ ബാങ്കിംഗ്, ഇന്റര്‍നെറ്റ് ബാങ്കിംഗ് തുടങ്ങിയവ നടപ്പിലാക്കി. കേരള ദിനേശ് വൈവിധ്യവത്കരണത്തിന്റെ ഭാഗമായി ഭാവനയോടെ, ദിശാബോധത്തോടെ വിവിധ പദ്ധതികള്‍ ഏറ്റെടുത്തതിന്റെ ഭാഗമാണ് സി-പേ മൊബൈല്‍ ആപ്ലിക്കേഷന്‍. ദിനേശിന്റെ സോഫ്റ്റ്വെയര്‍ വികസിപ്പിച്ച് കേരളത്തിലെ പ്രൈമറി സംഘങ്ങളെ ഇതിന്റെ ഭാഗമായി കൊണ്ടുവരാന്‍ കഴിഞ്ഞാല്‍, കേരളത്തിന്റെ സഹകരണ മേഖലയ്ക്ക് വലിയ നേട്ടമാവും.ഇവിടെ കൈവരിച്ച നേട്ടം ചെറുതല്ല. നിലവില്‍ 55 സംഘങ്ങള്‍ക്ക് ഇന്‍സ്റ്റാള്‍ ചെയ്ത സി-പേ സോഫ്റ്റ്വെയര്‍ കൂടുതല്‍ സംഘങ്ങള്‍ക്ക് ഉപയോഗിക്കാന്‍ കഴിയും. ക്രെഡിറ്റ് മേഖലയില്‍ മാത്രമല്ല, നോണ്‍ ക്രെഡിറ്റ് മേഖലയിലും ഇടപെടാന്‍ കഴിയും-മന്ത്രി പറഞ്ഞു.
കേന്ദ്രസര്‍ക്കാര്‍ തരുന്ന സോഫ്റ്റ്വേര്‍ ഉപയോഗിച്ച്, ഡാറ്റ മുഴുവന്‍ കൊടുത്ത് കേന്ദ്രം നിര്‍ദേശിക്കുന്ന ബൈലോ ഉണ്ടാക്കി അവര്‍ പറയുന്ന രൂപത്തിലുള്ള ചില കാറ്റഗറി സംഘങ്ങള്‍ രജിസ്റ്റര്‍ ചെയ്ത് മുന്നോട്ടുപോവണം എന്നൊക്കെയുള്ള പുതിയ തീട്ടൂരങ്ങള്‍ വന്നുകൊണ്ടിരിക്കുകയാണെന്ന് മന്ത്രി പറഞ്ഞു. പക്ഷേ, അതെല്ലാം നമുക്ക് അംഗീകരിക്കാന്‍ കഴിയില്ല. കേരളത്തില്‍ വിവിധ മേഖലകളിലായി നിലവില്‍ 23,000 ഓളം സഹകരണ സംഘങ്ങളുണ്ട്. വിവിധ മേഖലകളില്‍ മില്‍മ, മത്സ്യഫെഡ് പോലുള്ള സംഘങ്ങള്‍ ഉണ്ടായിരിക്കേ ആ മേഖലയിലെല്ലാം കടന്നുചെന്ന് പുതിയ സംഘങ്ങള്‍ രജിസ്റ്റര്‍ ചെയ്യണം എന്ന് പറയുന്നതിന്റെ ഉദ്ദേശ്യം മനസ്സിലാവുന്നില്ല. ഈ രംഗത്ത് എല്ലാ ഡാറ്റകളും കേന്ദ്രത്തിന് നല്‍കണം എന്ന് പറയുന്നതില്‍ സംശയകരമായ സാഹചര്യം നിലനില്‍ക്കുന്നു. സഹകരണ രംഗത്ത് കേന്ദ്രം എടുത്തുകൊണ്ടിരിക്കുന്ന നിലപാടുകള്‍ ഭരണഘടനയുടെയും ഫെഡറലിസത്തിന്റെയും ലംഘനമാണെന്ന് കേന്ദ്രത്തോട് ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ഈ വിഷയത്തില്‍ സുപ്രീം കോടതി മുമ്പാകെ ഒരു സ്യൂട്ട് ഫയല്‍ ചെയ്തതായും മന്ത്രി പറഞ്ഞു.
കേരളത്തിലെ എല്ലാ സഹകരണ ബാങ്കുകള്‍ക്കും സൊസൈറ്റികള്‍ക്കും ഉപയോഗപ്പെടുത്താവുന്ന ആധുനിക ഡിജിറ്റല്‍ പണമിടപാട് സംവിധാനമാണ് സി-പേയിലൂടെ യാഥാര്‍ഥ്യമായത്. ഇതോടെ സഹകരണ ബാങ്കിലെ ഇടപാടുകാര്‍ക്ക് അവരുടെ അക്കൗണ്ടിലെ പണം ഉപയോഗിച്ച് ഇന്ത്യയില്‍ എവിടെയും യുപിഐ മുഖേന ഡിജിറ്റല്‍ പണമിടപാട് നടത്താം. യുവതലമുറയുടെ സാന്നിധ്യം സഹകരണ മേഖലയില്‍ ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെയാണ് സി-പേ തയ്യാറാക്കിയത്. ദിനേശ് ഐടി സിസ്റ്റംസ് സ്റ്റാര്‍ട്ടപ്പ് കമ്പനിയായ എയ്സ്വേര്‍ ഫിന്‍ടെക് സര്‍വീസസ് പ്രൈവറ്റ് ലിമിറ്റഡുമായി ചേര്‍ന്നാണ് സി-പേ യുപിഐ ആപ്പ് വികസിപ്പിച്ചത്.
കെ വി സുമേഷ് എംഎല്‍എ അധ്യക്ഷനായി. ദിനേശ് ഐടി സിസ്റ്റംസ് സിടിഒ ടോമി ജോണ്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. റെയ്ഡ്കോ ചെയര്‍മാനും എഐടിഇ ജില്ലാ പ്രസിഡന്റുമായ എം സുരേന്ദ്രന്‍ മുഖ്യാതിഥിയായി. ആന്തൂര്‍ നഗരസഭാ ചെയര്‍മാന്‍ പി മുകുന്ദന്‍, കേരള ദിനേശ് ചെയര്‍മാന്‍ എം കെ ദിനേശ്ബാബു, റബ്കോ ചെയര്‍മാന്‍ കാരായി രാജന്‍, ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ എഎസ് ഷിറാസ്, ജോയിന്റ് രജിസ്ട്രാര്‍ (ജനറല്‍) കണ്ണൂര്‍ വി രാമകൃഷ്ണന്‍, ജോയിന്റ് ഡയറക്ടര്‍ (ഓഡിറ്റ്) കണ്ണൂര്‍ ഇ രാജേന്ദ്രന്‍, സെക്രട്ടറി എംഎം കിഷോര്‍കുമാര്‍, കെ വി പ്രജീഷ് (കെസിഇയു), എം രാജു (കെസിഇഎഫ്) എന്നിവര്‍ സംസാരിച്ചു.