Hivision Channel

ഏപ്രില്‍ മുതല്‍ സെക്രട്ടേറിയേറ്റില്‍ ആക്‌സസ് കണ്‍ട്രോള്‍ സംവിധാനം

പുതിയ സാമ്പത്തിക വര്‍ഷത്തിന്റെ ആരംഭമായ ഏപ്രില്‍ ഒന്നാം തീയതി മുതല്‍ സംസ്ഥാന സെക്രട്ടേറിയേറ്റില്‍ ആക്‌സസ് കണ്‍ട്രോള്‍ സംവിധാനം നടപ്പാക്കും. ഇത് സംബന്ധിച്ച് പൊതു ഭരണ സെക്രട്ടറി ജ്യോതി ലാല്‍ ഉത്തരവിറക്കി. ഉദ്യോഗസ്ഥര്‍ ജോലിയില്‍ ഉഴപ്പുന്നത് തടയാനായി നേരത്തെ കൊണ്ടുവന്ന പഞ്ചിംഗ് സംവിധാനവും പോരാതെ വന്നതോടെയാണിത്. പഞ്ച് ചെയ്ത ശേഷവും ജീവനക്കാര്‍ ജോലി സ്ഥലം വിട്ട് പുറത്ത് പോകുന്നത് ശ്രദ്ധയില്‍ പെട്ടിരുന്നു. ഇത് തടയാനാണ് ആക്‌സസ് കണ്‍ട്രോള്‍ കൊണ്ടു വരുന്നത്.

ആദ്യത്തെ രണ്ട് മാസം പരീക്ഷണ അടിസ്ഥാനത്തില്‍ നടപ്പാക്കുന്ന പദ്ധതി പിന്നീട് ബയോമെട്രിക് പഞ്ചിംഗുമായി ബന്ധിപ്പിക്കും. ഇതിലൂടെ ഉദ്യോഗസ്ഥര്‍ക്ക് തങ്ങളുടെ കൈവശമുള്ള ആക്‌സസ് കാര്‍ഡ് ഉപയോഗിച്ചാലേ ഓഫീസിന് അകത്തേക്കും പുറത്തേക്കും കടക്കാനാവൂ. ഓരോ ഉദ്യോഗസ്ഥനും നല്‍കുന്നത് വ്യത്യസ്ത കാര്‍ഡായതിനാല്‍ പോകുന്ന സമയവും തിരിച്ച് കയറുന്ന സമയവും കൃത്യമായി ഡിജിറ്റല്‍ സംവിധാനത്തില്‍ രേഖപ്പെടുത്തും. സെക്രട്ടേറിയേറ്റിലെ ജീവനക്കാരുടെ സംഘടനകള്‍ ഉയര്‍ത്തിയ എതിര്‍പ്പുകള്‍ അവഗണിച്ചാണ് പുതിയ പരിഷ്‌കാരം നടപ്പാക്കുന്നത്.

Leave a Comment

Your email address will not be published. Required fields are marked *