
സംസ്ഥാനത്ത് വീണ്ടും കൊവിഡ് ജാഗ്രത നിര്‍ദ്ദേശം. സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്യുന്ന കേസുകളില്‍ നേരിയ വര്‍ദ്ധന. കൊവിഡ് കേസുകളിലെ വര്‍ധനവ് കണക്കിലെടുത്ത് സംസ്ഥാനത്ത് ജാഗ്രത നിര്‍ദ്ദേശം. ആശുപത്രികളിലെത്തുന്നവരും പ്രായമായവരും രോഗികളും ഗര്‍ഭിണികളും അടക്കം മാസ്‌ക് നിര്‍ബന്ധമായും ധരിക്കണം. ആശുപത്രി സജ്ജീകരണങ്ങള്‍ അടക്കം ശക്തിപ്പെടുത്താനും നിര്‍ദ്ദേശമുണ്ട്. ചൊവ്വാഴ്ച 172 കൊവിഡ് രോഗികളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്.
അതേ സമയം ഏഴാം തീയതി 79 രോഗികളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. സംസ്ഥാനത്ത് കൊവിഡ് ബാധിതരുടെ എണ്ണം ഉയരുന്നത് കണക്കിലെടുത്താണ് ജാഗ്രത നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ജില്ലകളില്‍ നിരീക്ഷണം ശക്തിപ്പെടുത്താന്‍ ആരോഗ്യ മന്ത്രി വിളിച്ച അവലോകന യോഗം നിര്‍ദ്ദേശം നല്‍കി. ആശുപത്രി സജ്ജീകരണങ്ങള്‍ക്കായി ജില്ലകളും ആശുപത്രികളും സര്‍ജ് പ്ലാന്‍ തയ്യാറാക്കണം.
ഐസിയു, വെന്റിലേറ്റര്‍ ആശുപത്രി സംവിധാനങ്ങള്‍ കൂടുതലായി മാറ്റിവയ്ക്കണം. പുതിയ വകഭേദമുണ്ടോയെന്നറിയാന്‍ ജിനോമിക് പരിശോധനകള്‍ വര്‍ധിപ്പിക്കും. ആവശ്യമായ പരിശോധന കിറ്റുകളും മരുന്നുകളും സജ്ജമാക്കാന്‍ കെ.എം.എസ്.സി.എല്ലിന് നിര്‍ദേശം നല്‍കി. മറ്റ് രോഗമുള്ളവരും പ്രായമായവരും കുട്ടികളും ഗര്‍ഭിണികളും പൊതുസ്ഥലങ്ങളില്‍ മാസ്‌ക് ധരിക്കണം. ആശുപത്രികളില്‍ എത്തുന്നവരെല്ലാവരും നിര്‍ബന്ധമായും മാസ്‌ക് ധരിക്കണം. കൊവിഡ് കേസുകള്‍ ഉയരുന്നുണ്ടെങ്കിലും ക്ലസ്റ്ററുകള്‍ രൂപപ്പെട്ടിട്ടില്ലെന്നാണ് വിലയിരുത്തല്‍. ആകെയുള്ള ആക്ടീവ് കേസുകളുടെ എണ്ണം 1026. ഇതില്‍ 111 പേരാണ് ആശുപത്രിയില്‍ ചികിത്സയിലുള്ളത്.