Hivision Channel

മുന്‍ കഴക്കൂട്ടം എം എല്‍ എയും കോളജ് അധ്യാപികയുമായിരുന്ന പ്രഫ. എ നബീസ ഉമ്മാള്‍ അന്തരിച്ചു.

മുന്‍ കഴക്കൂട്ടം എം എല്‍ എയും കോളജ് അധ്യാപികയുമായിരുന്ന നെടുമങ്ങാട് പത്താംകല്ല് ഷാലിമാര്‍ ബംഗ്ലാവില്‍ പ്രഫ. എ നബീസ ഉമ്മാള്‍ (91) അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖങ്ങളാല്‍ ചികിത്സയിലിരിക്കെ നെടുമങ്ങാട്ടെ വീട്ടില്‍ വച്ചായിരുന്നു അന്ത്യം. 1987 ല്‍ നടന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ സി പി എം സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി കഴക്കൂട്ടം മണ്ഡലത്തില്‍ മത്സരിച്ച് വിജയിച്ചു. 1991 ലെ തെരഞ്ഞെടുപ്പില്‍ കഴക്കൂട്ടത്തുനിന്നും എം വി രാഘവനോട് 689 വോട്ടുകള്‍ക്ക് പരാജയപ്പെട്ടു. 1995 ല്‍ നെടുമങ്ങാട് നഗരസഭ ചെയര്‍പേഴ്‌സണായി.

33 വര്‍ഷം അധ്യാപന മേഖലയില്‍ തുടര്‍ന്ന നബീസ കേരളത്തിലെ പത്തിലേറെ പ്രമുഖ കലാലയങ്ങളില്‍ അധ്യാപിക ആയി സേവനം അനുഷ്ഠിച്ചു. 1986ല്‍ തിരുവനന്തപുരം യൂനിവേഴ്സിറ്റി കോളേജ് പ്രിന്‍സിപ്പല്‍ ആയി സര്‍വിസില്‍നിന്നും വിരമിച്ചു. എ ആര്‍ രാജരാജവര്‍മക്കുശേഷം യൂണിവേഴ്സിറ്റി കോളജില്‍ വകുപ്പ് അധ്യക്ഷയും പ്രിന്‍സിപ്പലുമാകുന്ന ആദ്യ മലയാള പണ്ഡിതയായിരുന്നു നബീസ. മലയാളത്തില്‍ ബിരുദാനന്തര ബിരുദമെടുത്ത ആദ്യ മുസ്ലിം പെണ്‍കുട്ടി എന്ന ഖ്യാതിയും നബിസ ഉമ്മാളിനുണ്ട്. രാഷ്ട്രീയത്തിലേക്ക് ക്ഷണിച്ചത് ഇ എം എസ് ആയിരുന്നു.

ഭര്‍ത്താവ്: പരേതനായ എം ഹുസൈന്‍കുഞ്ഞ്. മക്കള്‍: റഹിം (റിട്ട. അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണര്‍), ലൈല (റിട്ട. ബി എസ് എന്‍ എല്‍), സലിം (കേബിള്‍ ടിവി), താര (അധ്യാപിക, കോട്ടന്‍ഹില്‍ ഹയള്‍സെക്കനന്‍ഡറി സ്‌കൂള്‍), പരേതരായ റസിയ, ഹാഷിം. മരുമക്കള്‍: ഷൈല (റിട്ട. പി ആര്‍ ഡി അസിസ്റ്റന്റ് ഡയറക്ടര്‍), സുലൈമാന്‍, മുനീറ, പരേതരായ കുഞ്ഞുമോന്‍, ഷീബ. സംസ്‌കാര ചടങ്ങുകള്‍ വൈകുന്നേരം 5 മണിക്ക് വിളിക്കോട് ജുമാ മസ്ജിദില്‍ നടക്കും.

Leave a Comment

Your email address will not be published. Required fields are marked *