Hivision Channel

പ്ലസ് വണ്‍ പ്രവേശനം സംബന്ധിച്ച് ആശങ്ക വേണ്ട;ഉപരിപഠനത്തിന് അര്‍ഹതയുള്ള എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും അവസരമുണ്ടാകുമെന്ന് വിദ്യാഭ്യാസ മന്ത്രി

പ്ലസ് വണ്‍ പ്രവേശനം സംബന്ധിച്ച് ദുരാരോപണങ്ങള്‍ പടര്‍ത്തുന്ന ഒരു ചെറിയ വിഭാഗം നിക്ഷിപ്ത താല്പര്യക്കാരുണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി കുറ്റപ്പെടുത്തി.അവര്‍ കഴിഞ്ഞ തവണയും പ്ലസ് വണ്‍ പ്രവേശന സമയത്ത് ഈ ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. എന്നാല്‍ ഒരു തടസവും ഇല്ലാതെ പ്രവേശന നടപടികള്‍ പൂര്‍ത്തിയായി. പ്രവേശനത്തിനുള്ള പ്രോസ്‌പെക്ടസ് തയ്യാറാക്കുന്നതിന് മുമ്പ് തന്നെ ഇത്തരം ആരോപണങ്ങള്‍ ഉന്നയിച്ച് രംഗത്തെത്തുന്നവര്‍ക്ക് നല്ല ഉദ്ദേശമല്ല ഉള്ളതെന്നും മന്ത്രി പറഞ്ഞു. കേരള സംസ്ഥാനത്തെ തെക്കും വടക്കും എന്നൊക്കെ പറഞ്ഞ് വിലയിരുത്തുന്നത് തീര്‍ത്തും അനാരോഗ്യകരമായ പ്രവണതയാണ്. കേരള സംസ്ഥാനം രൂപീകരിച്ചതിന് ശേഷം അധികാരത്തില്‍ വന്ന ഒരു സര്‍ക്കാരും ഇത്തരത്തില്‍ ഒരു നിലപാട് കൈക്കൊണ്ടിട്ടില്ല. അതുകൊണ്ട് തന്നെ ഇത്തരം പ്രചാരണം നടത്തുന്നവരെ ഒറ്റപ്പെടുത്തണം.

പ്ലസ് വണ്‍ പ്രവേശനം സംബന്ധിച്ച് വിദ്യാര്‍ഥികളും രക്ഷകര്‍ത്താക്കളും ഒട്ടും ആശങ്കപ്പെടേണ്ടതില്ല. പ്രവേശന നടപടികള്‍ പൂര്‍ത്തിയാകുമ്പോള്‍ ആശങ്കയ്ക്ക് യാതൊരു അടിസ്ഥാനവും ഇല്ലായിരുന്നു എന്ന് മുന്‍ വര്‍ഷത്തേത് പോലെ വ്യക്തമാകും. ഉപരിപഠനത്തിന് അര്‍ഹതയുള്ള എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും കേരളത്തില്‍ പഠനാവസരം ഉണ്ടാകുമെന്നും മന്ത്രി.

Leave a Comment

Your email address will not be published. Required fields are marked *