Hivision Channel

കൈക്കൂലിക്കേസില്‍ അറസ്റ്റിലായ വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് സുരേഷ് കുമാര്‍ റിമാന്‍ഡില്‍

കൈക്കൂലി കേസില്‍ അറസ്റ്റിലായ പാലക്കാട് വില്ലേജ് ഫീല്‍ഡ്് അസിസ്റ്റന്റ് സുരേഷ് കുമാറിനെ തൃശൂര്‍ വിജിലന്‍സ് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. അടുത്ത മാസം ഏഴിനാണ് ഇനി കേസ് പരിഗണിക്കുന്നത്. 14 ദിവസത്തേക്കാണ് സുരേഷ് കുമാറിനെ റിമാന്‍ഡ് ചെയ്തത്.

2500 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിലായ വില്ലേജ് അസിസ്റ്റന്റ് വി. സുരേഷ് കുമാറിന്റെ താമസസ്ഥലത്ത് വിജിലന്‍സ് പരിശോധന നടത്തിയിരുന്നു. പണത്തിന് പുറമെ കവര്‍ പൊട്ടിക്കാത്ത 10 പുതിയ ഷര്‍ട്ടുകള്‍, മുണ്ടുകള്‍, കുടംപുളി ചാക്കിലാക്കിയത്, 10 ലിറ്റര്‍ തേന്‍, പടക്കങ്ങള്‍, കെട്ടു കണക്കിന് പേനകള്‍ എന്നിവ സുരേഷ് കുമാറിന്റെ മുറിയില്‍ നിന്ന് വിജിലന്‍സ് കണ്ടെത്തിയിട്ടുണ്ട്. കൈക്കൂലിയായി പൈസ മാത്രമല്ല എന്ത് കിട്ടിയാലും സുരേഷ് കുമാര്‍ കൈപ്പറ്റിയിരുന്നു എന്നാണ് വിജിലന്‍സ് പറയുന്നത്. 2500 രൂപ മാസവാടകയുള്ള റൂമിലാണ് സുരേഷ് കുമാര്‍ താമസിച്ചിരുന്നത്.

ആദ്യം ചോദ്യം ചെയ്തപ്പോള്‍ ആറു ലക്ഷം രൂപ കൈവശം ഉണ്ടെന്നാണു സുരേഷ് കുമാര്‍ പറഞ്ഞത്. എന്നാല്‍ അന്വേഷണത്തില്‍ തെളിഞ്ഞുവന്നതു കോടികളാണ്. പണവും സ്ഥിര നിക്ഷേപ രേഖകളും പാസ്ബുക്കുകളും ഉള്‍പ്പെടെ 1.05 കോടി രൂപ കണ്ടെടുത്തിട്ടുണ്ട്. മണ്ണാര്‍ക്കാട് പച്ചക്കറി മാര്‍ക്കറ്റിന്റെ എതിര്‍വശത്തുള്ള കെട്ടിടത്തിലെ ഒറ്റമുറിയില്‍ നടത്തിയ റെയ്ഡിലാണ് 35 ലക്ഷം രൂപ പണമായും 45 ലക്ഷം രൂപയുടെ സ്ഥിര നിക്ഷേപവും 17 കിലോ നാണയങ്ങളും കണ്ടെടുത്തത്. ബാങ്ക് അക്കൗണ്ടില്‍ 25 ലക്ഷം രൂപയും കണ്ടെടുത്തു.

പണം സ്വരുക്കൂട്ടിയത് സ്വന്തമായി വീട് വെക്കാനെന്നാണ് പ്രതിയുടെ മൊഴി. അവിവാഹിതന്‍ ആയതിനാല്‍ ശമ്പളം അധികം ചെലവാക്കേണ്ടി വരാറില്ലെന്നും മൊഴി നല്‍കി. ഇയാള്‍ ഒരു മാസമായി വിജിലന്‍സ് നിരീക്ഷണത്തിലായിരുന്നു. പ്രതിയെ ഇന്ന് തൃശ്ശൂര്‍ വിജിലന്‍സ് കോടതിയില്‍ ഹാജരാക്കും. വിജിലന്‍സ് ഇന്ന് തന്നെ കസ്റ്റഡി അപേക്ഷ നല്‍കും. അനധികൃത സ്വത്ത് എങ്ങനെ സമ്പാദിച്ചെന്ന് അന്വേഷിക്കും. വിജിലന്‍സിന് ഇയാളെക്കുറിച്ച് പരാതി കിട്ടുന്നത് ഇതാദ്യമാണ്. മുമ്പ് ജോലിയെടുത്തിരുന്ന വിലേജ് ഓഫീസുകളിലും ഇയാള്‍ ക്രമക്കേട് നടത്തിയിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *