Hivision Channel

കുട്ടികള്‍ക്ക് വിമാനയാത്രയില്‍ മാതാപിതാക്കള്‍ക്കൊപ്പം സീറ്റ് അനുവദിക്കാന്‍ വിമാന കമ്പനികള്‍ക്ക് ഡി.ജി.സി.എ. നിര്‍ദേശം നല്‍കി

12 വയസുവരെയുള്ള കുട്ടികള്‍ക്ക് വിമാനയാത്രയില്‍ മാതാപിതാക്കള്‍ക്കൊപ്പം സീറ്റ് അനുവദിക്കാന്‍ വിമാന കമ്പനികള്‍ക്ക് ഡി.ജി.സി.എ. നിര്‍ദേശം നല്‍കി. മാതാപിതാക്കളുടെ സീറ്റുകള്‍ രണ്ട് ഇടങ്ങളിലാണെങ്കില്‍ ഒരാള്‍ക്ക് സമീപത്തായിട്ടായിരിക്കണം കുട്ടിക്ക് സീറ്റ് നല്‍കേണ്ടത്. യാത്രയില്‍ മാതാപിതാക്കളില്ലെങ്കില്‍ കൂടെയുള്ള മുതിര്‍ന്നയാളുടെ കൂടെ സീറ്റ് നല്‍കണമെന്നും വ്യോമയാന ഡയറക്ടര്‍ ജനറല്‍ വ്യക്തമാക്കി.

മാതാപിതാക്കള്‍ക്കൊപ്പമോ പരിചയമുള്ള മുതിര്‍ന്നവര്‍ക്കൊപ്പമോ സഞ്ചരിക്കുന്ന കുട്ടികള്‍ക്ക് അവരില്‍ നിന്നുമാറി സീറ്റ് അനുവദിക്കുന്നതു സംബന്ധിച്ച പരാതികള്‍ വ്യാപകമായ സാഹചര്യത്തിലാണ് ഡി.ജി.സി.എയുടെ ഇടപെടല്‍. കുട്ടിയുടെയും രക്ഷിതാവിന്റെയും ഒരേ പി.എന്‍.ആര്‍ നമ്പര്‍ ആണെങ്കില്‍ മാത്രമേ ഈ നിര്‍ദേശം ബാധകമാവുകയുള്ളു. സീറ്റ് മുന്‍കൂട്ടി ബുക്ക് ചെയ്യാതെ എത്തുന്നവര്‍ വിമാനത്താവളത്തില്‍ വച്ച് ചെക്ക് ഇന്‍ ചെയ്യുമ്പോള്‍ അനുവദിക്കുന്ന സീറ്റുകള്‍ സംബന്ധിച്ചായിരുന്നു പരാതി.

ഇത്തരത്തില്‍ മാതാപിതാക്കള്‍ക്കൊപ്പം സീറ്റ് നല്‍കുന്നതിന് അധിക ചാര്‍ജുകള്‍ ഈടാക്കരുതെന്നും ഡി.ജി.സി.എ വ്യക്തമാക്കുന്നു. ഇന്ത്യയില്‍ മാത്രമല്ല ഇത്തരത്തില്‍ കുട്ടികള്‍ക്ക് ഒറ്റക്ക് സീറ്റ് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട പരാതികള്‍ ഉയര്‍ന്നിരുന്നത്. അമേരിക്ക ഉള്‍പ്പടെയുള്ള രാജ്യങ്ങളിലും സമാനമായ പരാതികള്‍ യാത്രക്കാര്‍ ഉയര്‍ത്തിയിരുന്നു. തുടര്‍ന്ന് അമേരിക്കന്‍ ഭരണകൂടം വിഷയത്തിലിടപെടുകയും ചെയ്തിരുന്നു.

നേരത്തെ സീറ്റ് സെലക്ട് ചെയ്യുന്നതിനായി എയര്‍ലൈന്‍ കമ്പനികള്‍ അധിക ചാര്‍ജ് ഈടാക്കിയിരുന്നു. ഇത് അടയ്ക്കാന്‍ തയ്യാറാകാത്തവര്‍ക്ക് കമ്പനികള്‍ തീരുമാനിക്കുന്ന ഓര്‍ഡറിലാണ് സീറ്റ് ലഭിച്ചിരുന്നത്.

Leave a Comment

Your email address will not be published. Required fields are marked *