സംസ്ഥാനത്തിന്റെ കടമെടുപ്പ് പരിധി വെട്ടിക്കുറക്കുന്നതിലൂടെ കേന്ദ്ര സര്‍ക്കാര്‍ കാണിക്കുന്നത് സാഡിസ്റ്റ് മനോഭാവമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. പിണറായി കണ്‍വെന്‍ഷന്‍ സെന്ററില്‍ കേരളാ കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ആഭിമുഖ്യത്തില്‍ ക്ഷേമനിധി അംഗങ്ങളായവരുടെ വിദ്യാര്‍ത്ഥികളായ മക്കള്‍ക്കുള്ള സ്‌കോളര്‍ഷിപ്പ് വിതരണവും 2022-ലെ എസ് എസ് എല്‍ സി പരീക്ഷയില്‍ ഉന്നത വിജയം നേടിയവര്‍ക്കുള്ള സ്വര്‍ണ്ണ മെഡല്‍ ക്യാഷ് അവാര്‍ഡ് വിതരണവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
വലിയ സമ്പത്തുള്ള സംസ്ഥാനമല്ല കേരളം. കേരളത്തിന്റെ ഖജനാവിന് വലിയ ശേഷിയില്ല. സ്വന്തമായി വരുമാനമുണ്ടാക്കാനുള്ള സാധ്യതകള്‍ കേന്ദ്ര സര്‍ക്കാര്‍ കൈയ്യടക്കി. അതിനുദാഹരണമാണ് ജി എസ് ടി. നമ്മുടെ നാടിന്റെ പുരോഗതിയുടെ കാര്യത്തില്‍ നിഷേധാത്മക നിലപാടാണ് കേന്ദ്ര സര്‍ക്കാര്‍ സ്വീകരിക്കുന്നത്. ഫെഡറല്‍ സംവിധാനത്തെ ഇല്ലാതാക്കാനാണ് ശ്രമം-മുഖ്യമന്ത്രി പറഞ്ഞു. ഒരുപാട് ദുരന്തങ്ങളെ അതിജീവിച്ചവരാണ് കേരളീയര്‍. അക്കാലത്ത് അര്‍ഹതയുള്ള സഹായം പോലും ലഭിച്ചില്ല. അരിക്കും സേനാ സേവനങ്ങള്‍ക്കും കേന്ദ്ര സര്‍ക്കാര്‍ കാശ് ചോദിച്ചു. ഒരു സംസ്ഥാനത്തിന് നേരെ ഇത്രയ്ക്ക് നിഷേധാത്മക സമീപനം സ്വീകരിക്കുന്നത് ഒരു കേന്ദ്ര സര്‍ക്കാറിനും ഭൂഷണമല്ല. എല്‍ ഡി എഫിന്റെ മാത്രം പ്രശ്‌നമല്ല ഇത്. ഒരു നാടിന്റെയാകെ പ്രശ്‌നമാണ്. ഒരു ജനതയുടെ പുരോഗതിയുടെ പ്രശ്‌നമാണ്. ഒരു സംസ്ഥാനം നശിക്കട്ടെ എന്ന നിലപാടാണോ കേന്ദ്ര സര്‍ക്കാര്‍ കൈക്കൊള്ളേണ്ടത് എന്ന് ആലോചിക്കണം. എന്നാല്‍ ഇത്രയൊക്കെയായിട്ടും ഇതിനെതിരെ പ്രതികരിക്കാന്‍ ചിലരൊന്നും തയ്യാറല്ല. മൗനമാണവര്‍ക്ക്. ഒരു നാടിന്റെ പ്രശ്‌നത്തില്‍ ഇങ്ങനെ മാറി നില്‍ക്കുന്നത് ശരിയാണോ? ചിലരുടെ ഈ നിലപാട് നാം തിരിച്ചറിയേണ്ടതുണ്ട്. ദുരന്തങ്ങളെ അതിജീവിച്ച കേരളീയ ജനതയക്ക് മേല്‍ കേന്ദ്ര സര്‍ക്കാറിന്റെ നിലപാട് പ്രത്യേക ദുരന്തമായി വരികയാണ്- മുഖ്യമന്ത്രി പറഞ്ഞു. ഇടത് പക്ഷ സര്‍ക്കാര്‍ അധികാരത്തിലിരിക്കുന്ന കാലത്തോളം തൊഴിലാളികള്‍ക്കും പാവപ്പെട്ടവര്‍ക്കുമുള്ള ആനുകൂല്യനിഷേധം ഉണ്ടാവില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ എന്‍ വി ചന്ദ്രബാബു അധ്യക്ഷത വഹിച്ചു. വിദ്യാര്‍ത്ഥികള്‍ക്കുള്ള ലാപ്‌ടോപ്പും സ്‌കോളര്‍ഷിപ്പും ഡോ.വി ശിവദാസന്‍ എം പി വിതരണം ചെയ്തു. ഏറ്റവും കൂടുതല്‍ കാലം സേവനം ചെയ്ത് വിരമിച്ച തൊഴിലാളികള്‍ക്കുള്ള പാരിതോഷിക വിതരണം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ നിര്‍വ്വഹിച്ചു. പിണറായി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ കെ രാജീവന്‍ തൊഴിലാളികളെ അനുമോദിച്ചു.
ക്ഷേമനിധി ബോര്‍ഡ് മുന്‍ ചെയര്‍മാന്‍ എം സുരേന്ദ്രന്‍, ജില്ലാ പഞ്ചായത്തംഗം കോങ്കി രവീന്ദ്രന്‍, ബോര്‍ഡ് അംഗങ്ങളായ ബേബി കമാരന്‍, ടി എന്‍ രമേശന്‍, കെ ദാസന്‍, വി കെ അജിത്ത് ബാബു, മുഖ്യമന്ത്രിയുടെ മണ്ഡലം പ്രതിനിധി പി ബാലന്‍, ക്ഷേമനിധി ചീഫ് ഇന്‍സ്‌പെക്ടര്‍ എംജി സുരേഷ്, പ്രോഗ്രാം കമ്മറ്റി കണ്‍വീനര്‍ വിവി രമേശന്‍, വിവിധ തൊഴിലാളി സംഘടനാ പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.