സംസ്ഥാനത്ത് മഴ മുന്നറിയിപ്പ് പുതുക്കി. 14 ജില്ലകളിലും മഴമുന്നറിയിപ്പ് നല്‍കി. സംസ്ഥാനത്തുടനീളം ഇന്ന് പരക്കെ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. തിരുവനന്തപുരത്ത് യല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. 12 ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് ആണ്. തിരുവനന്തപുരം കൂടാതെ കൊല്ലത്തും യല്ലോ അലേര്‍ട്ട് ആണ്.
കോട്ടയം, ഇടുക്കി, എറണാകുളം, കണ്ണൂര്‍, തൃശൂര്‍, കാസര്‍ഗോഡ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധിയാണ്. ഇതില്‍ കോട്ടയം, എറണാകുളം, തൃശൂര്‍, കണ്ണൂര്‍ ജില്ലകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധിയാണ്. കാസര്‍ഗോഡും ഇടുക്കിയിലും പ്രൊഫഷണല്‍ കോളജുകള്‍ ഒഴികെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചു. പത്തനംതിട്ടയില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ അവധിയായിരിക്കും.
നാളെ 11 ജില്ലകളില്‍ മഴമുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. സംസ്ഥാനത്ത് ജാഗ്രത തുടരും. ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാല്‍ കേരള -കര്‍ണാടക ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യ ബന്ധനത്തിന് ഏര്‍പ്പെടുത്തിയ വിലക്ക് തുടരുന്നു. കേരള തീരത്ത് ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുള്ളതിനാല്‍ മത്സ്യതൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം.