Hivision Channel

പ്രസവ ശസ്ത്രക്രിയക്കിടെ വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവത്തില്‍ സര്‍ക്കാരില്‍ നിന്ന് നീതി ലഭിക്കും വരെ സമരം തുടരുമെന്ന് ഹര്‍ഷിന

പ്രസവ ശസ്ത്രക്രിയക്കിടെ വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവത്തില്‍ സര്‍ക്കാരില്‍ നിന്ന് നീതി ലഭിക്കും വരെ സമരം തുടരുമെന്ന് ഹര്‍ഷിന.എത്ര മൂടി വെച്ചാലും സത്യം പുറത്ത് വരും. താന്‍ പറഞ്ഞതില്‍ ഒരു ശതമാനം പോലും കളവില്ല.
കുറ്റക്കാരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുന്നത് വരെ സമര രംഗത്തുണ്ടാവും. തനിക്ക് അര്‍ഹമായ നഷ്ടപരിഹാരം കിട്ടണമെന്നും വീട്ടമ്മയായ തന്നെ തെരുവില്‍ സമരം ചെയ്യുന്നതിലേക്ക് വലിച്ചിഴച്ചുവെന്നും അവര്‍ പറയുന്നു.

തുച്ഛമായ നഷ്ടപരിഹാരം തന്ന് സമരം അവസാനിപ്പിക്കാന്‍ ശ്രമിച്ചിരുന്നു.നഷ്ടപരിഹാരം പര്യാപ്തമല്ലെന്ന് തന്നവര്‍ക്കും അറിയാം. കുറ്റക്കാരായ ആരോഗ്യ പ്രവര്‍ത്തകര്‍ക്കെതിരെ കര്‍ശന നടപടി ഉണ്ടാവണം. ഇനിയൊരാള്‍ക്കും ഈ അവസ്ഥ ഉണ്ടാകരുതെന്നും ഹര്‍ഷിന പ്രതികരിച്ചു. ഹര്‍ഷിനയുടെ വയറ്റില്‍ കുടുങ്ങിയ കത്രിക കോഴിക്കോട് മെഡിക്കല്‍ കോളേജിന്റേതാണെന്ന് സ്ഥിരീകരണമുണ്ടായിരുന്നു. രണ്ട് ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ നാലു പേര്‍ കുറ്റക്കാരാണെന്നാണ് റിപ്പോര്‍ട്ട്.

പന്തീരാങ്കാവ് മലയില്‍ക്കുളങ്ങര അഷ്റഫിന്റെ ഭാര്യ ഹര്‍ഷിനക്ക് 2017 നവംബര്‍ 30നായിരുന്നു മെഡിക്കല്‍ കോളേജില്‍ പ്രസവ ശസ്ത്രക്രിയ നടത്തിയത്. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നടത്തിയ പ്രസവ ചികിത്സക്ക് ശേഷം ഹര്‍ഷിനക്ക് ശാരീരിക പ്രയാസങ്ങള്‍ അനുഭവപ്പെട്ടിരുന്നു. നിരവധി ചികിത്സകള്‍ തേടിയെങ്കിലും ഫലമുണ്ടായില്ല. പിന്നീട് മാസങ്ങള്‍ക്ക് ശേഷം നടത്തിയ സ്‌കാനിംഗിലാണ് വയറ്റില്‍ കത്രിക കുടുങ്ങിയതായി കണ്ടെത്തിയത്.

ആരോഗ്യവകുപ്പിന്റെ കീഴില്‍ നടത്തിയ രണ്ട് അന്വേഷണങ്ങളിലും ശസ്ത്രക്രിയ ഉപകരണം എങ്ങനെയാണ് വയറ്റില്‍ കുടുങ്ങിയതെന്ന് കണ്ടത്താന്‍ കഴിഞ്ഞിരുന്നില്ല. തുടര്‍ന്ന് ആഭ്യന്തര വകുപ്പ് അന്വേഷണ നടത്താന്‍ തീരുമാനിക്കുകയായിരുന്നു. വയറ്റില്‍ കത്രിക കുടുങ്ങിയ ഹര്‍ഷിനയ്ക്ക് ദുരിതാശ്വസന നിധിയില്‍ നിന്നും രണ്ടു ലക്ഷം രൂപ അനുവദിച്ചിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *