Hivision Channel

ഓണം ബമ്പര്‍ നറുക്കെടുപ്പ് നാളെ

ഓണം ബമ്പറിന്റെ 25 കോടിയുടെ ഭാഗ്യശാലി ആരെന്നറിയാന്‍ ഇനി ഒരു ദിനം മാത്രം. നാളെ തിരുവോണം ബമ്പര്‍ നറുക്കെടുപ്പ് നടക്കും. സര്‍വകാല റെക്കോര്‍ഡുകള്‍ മറികടന്നാണ് ഇത്തവണത്തെ ലോട്ടറി വില്‍പന നടന്നിരിക്കുന്നത്. കഴിഞ്ഞവര്‍ഷം 67.5 ലക്ഷം ലോട്ടറികള്‍ അച്ചടിച്ചപ്പോള്‍ 66.5ലക്ഷം ലോട്ടറികളാണ് വിറ്റുപോയിരുന്നത്. ഇത്തവണ 80 ലക്ഷം ലോട്ടറിയാണ് നാലു ഘട്ടങ്ങളിലായി ഭാഗ്യക്കുറി വകുപ്പ് അച്ചടിച്ചത്. ഇതില്‍ ഇതുവരെ 71 ലക്ഷത്തോളം ലോട്ടറി വിറ്റുപ്പോയെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

ഇത്തവണ ആകെ സമ്മാനത്തുക 125 കോടി 54 ലക്ഷം രൂപയാണ്. 500 രൂപയാണ് ടിക്കറ്റ് നിരക്ക്. ഇക്കുറി 5,34,670 പേരെയാണ് ഓണം ബമ്പറിന്റെ വിവിധ സമ്മാനങ്ങള്‍ കാത്തിരിക്കുന്നത്.

ഇത്തവണയും ഒന്നാം സമ്മാനം 25 കോടി രൂപയാണെങ്കിലും ഈ വര്‍ഷം ഒരുപാട് കോടീശ്വന്മാര്‍ ഉണ്ടാകും. രണ്ടും മൂന്നും സമ്മാനങ്ങള്‍ കഴിഞ്ഞ തവണത്തേതിനേക്കാള്‍ ആകര്‍ഷകമാക്കിയാണ് ഇത്തവണത്തെ ഓണം ബമ്പര്‍ എത്തുന്നത്. രണ്ടാം സമ്മാനമായ ഒരു കോടി രൂപ ഈ വര്‍ഷം 20 പേര്‍ക്കാണ് ലഭിക്കുന്നത്. കഴിഞ്ഞതവണ അഞ്ചു കോടി രൂപയായിരുന്നു രണ്ടാം സമ്മാനം. ഇത് ഒരാള്‍ക്ക് മാത്രമേ ലഭിച്ചിരുന്നുള്ളൂ. മൂന്നാം സമ്മാനം 50 ലക്ഷം വീതം 20 പേര്‍ക്കാണ് ഇക്കുറി നല്‍കുക.

നാലാം സമ്മാനം 5 ലക്ഷം വീതം 10 പേര്‍ക്ക്, അഞ്ചാം സമ്മാനം 2 ലക്ഷം വീതം പത്തു പേര്‍ക്ക് എന്നിവയ്ക്ക് പുറമേ 5000, 2000, 1000, 500 രൂപയുടെ നിരവധി സമ്മാനങ്ങളും ഭാഗ്യവാന്മാരെ കാത്തിരിക്കുന്നുണ്ട്.

Leave a Comment

Your email address will not be published. Required fields are marked *