Hivision Channel

ശിക്ഷ കാലാവധി കഴിഞ്ഞിട്ടും ദീര്‍ഘനാള്‍ വീണ്ടും ജയിലിലിടുന്നത് ക്രൂരതയെന്ന് സുപ്രീം കോടതി

ശിക്ഷ കാലാവധി കഴിഞ്ഞിട്ടും ദീര്‍ഘനാള്‍ വീണ്ടും ജയിലിലിടുന്നത് ക്രൂരതയെന്ന് സുപ്രീം കോടതി. കേരളത്തില്‍ നിന്നുള്ള കേസില്‍ വിധി പറഞ്ഞുകൊണ്ടാണ് ജസ്റ്റിസ് എസ് രവീന്ദ്ര ബട്ട്, ജസ്റ്റിസ് അരവിന്ദ് കുമാര്‍ എന്നിവരടങ്ങിയ ബെഞ്ചിന്റ ഉത്തരവ്. മുപ്പത് വര്‍ഷമായി ജയിലില്‍ കഴിയുന്ന വ്യക്തിയെ മോചിപ്പിക്കാന്‍ ഉത്തരവിട്ടുകൊണ്ടാണ് സുപ്രീം കോടതി ഈ പരാമര്‍ശം നടത്തിയത്. ബന്ധുവായ സ്ത്രീയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ ജയിലില്‍ കഴിയുന്ന അങ്കമാലി സ്വദേശി ജോസഫിനെയാണ് കോടതി മോചിപ്പിച്ചത്.

നേരത്തെ ജീവപര്യന്തം തടവ് ശിക്ഷയായിരുന്നു പ്രതിക്ക് കിട്ടിയിരുന്നത്. തൃശ്ശൂര്‍ സ്വദേശിയായ സ്ത്രീയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ പ്രതി കുറ്റവാളിയെന്ന് കണ്ടെത്തിയാണ് ശിക്ഷ വിധിച്ചത്. പീഡിപ്പിച്ച ശേഷം സ്ത്രീയെ റെയില്‍വേ ട്രാക്കില്‍ തള്ളിയിട്ട് കൊലപ്പെടുത്തിയെന്നാണ് കേസ്. ഹൈക്കോടതി വിധിക്കെതിരെ ജോസഫിന്റെ അപ്പീല്‍ നേരത്തെ സുപ്രീംകോടതി തള്ളിയിരുന്നു. എന്നാല്‍ മനുഷ്യാവകാശങ്ങള്‍ ലംഘിക്കപ്പെടുന്നുവെന്ന് കാണിച്ച് ആര്‍ട്ടിക്കിള്‍ 32 പ്രകാരം നല്‍കിയ ഹര്‍ജിയിലാണ് കോടതി ഇപ്പോള്‍ വിധി പ്രസ്താവിച്ചത്.

തനിക്ക് ശിക്ഷ വിധിക്കുമ്പോള്‍ 1958 ലെ ജയില്‍ നിയമമാണ് ബാധകമെന്നും അതിനാല്‍ ഈ നിയമം അനുസരിച്ച് ജീവപര്യന്തം ശിക്ഷ പൂര്‍ത്തിയായ സാഹചര്യത്തില്‍ ജയില്‍ മോചനം നല്‍കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ നേരത്തെ കേസില്‍ വാദം കേള്‍ക്കുമ്പോള്‍ ഈ ആവശ്യത്തെ സംസ്ഥാന സര്‍ക്കാര്‍ അതിശക്തമായി എതിര്‍ത്തിരുന്നു. സംസ്ഥാന സര്‍ക്കാര്‍ പുതിയ പ്രിസണ്‍ ആക്ട് നടപ്പിലാക്കിയെന്നും 2014 ല്‍ ഇതുമായി ബന്ധപ്പെട്ട് ചട്ടങ്ങള്‍ പുറത്തിറക്കിയെന്നും ഈ ചട്ടങ്ങള്‍ അനുസരിച്ച് പതിനാല് വര്‍ഷമായ തടവുകാരുടെ കാര്യത്തില്‍ സാധാരണ സംസ്ഥാനം തീരുമാനം എടുക്കാറുണ്ടെന്നും കോടതിയെ അറിയിച്ചു.

സര്‍ക്കാരിന്റെ നയം അനുസരിച്ച് കുട്ടികളെയും സ്ത്രീകളെയും ബലാത്സംഗം ചെയ്യുന്നവരെയും കൊലപ്പെടുത്തുന്നവരെയും രാജ്യസുരക്ഷയ്ക്ക് ഭീഷണിയാകുന്നവരെയും അടക്കം കുറ്റകൃത്യങ്ങളുടെ പരിധിയില്‍ വരുന്നവരെ ജയില്‍ മോചിതരാക്കേണ്ടെന്നാണ് സര്‍ക്കാരിന്റെ നയമെന്ന് സംസ്ഥാനത്തിനായി സ്റ്റാന്‍ഡിംഗ് കൗണ്‍സില്‍ ഹര്‍ഷദ് വി ഹമീദ് കോടതിയില്‍ വാദിച്ചിരുന്നു. ഉപദേശക സമിതി ഒന്നിലേറെ തവണ മോചനത്തിന് ശുപാര്‍ശ ചെയ്തിട്ടും നിയമപ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി സര്‍ക്കാര്‍ ജോസഫിന് മോചനം നിഷേധിച്ചെന്നാണ് ജോസഫിനായി ഹാജരായ അഭിഭാഷകന്‍ അഡോല്‍ഫ് മാത്യു വാദിച്ചത്. ദീര്‍ഘനാളായുള്ള ജോസഫിന്റെ ജയില്‍ വാസം കണക്കിലെടുത്താണ് കോടതി നിലവില്‍ ജയില്‍ മോചനത്തിന് ഉത്തരവിട്ടിരിക്കുന്നത്.

Leave a Comment

Your email address will not be published. Required fields are marked *