
നവകേരളത്തിനായി ഒന്നായി സഞ്ചരിക്കാനാവണമെന്ന് തദ്ദേശ ഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ്.പയ്യന്നൂര്‍ പോലീസ് മൈതാനിയില്‍ പയ്യന്നൂര്‍ മണ്ഡലം നവകേരള സദസ്സില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. കേന്ദ്രത്തില്‍ നിന്നും കേരളം നേരിടുന്ന അവഗണനയ്ക്കെതിരെ ഒറ്റക്കെട്ടായി നില്‍ക്കാനാവണമെന്നും ഒരു കാലത്തും നേരിട്ടിട്ടില്ലാത്ത വിവേചനമാണ് കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്തു നിന്നുമുണ്ടാവുന്നതെന്നും അദ്ദേഹം പറഞ്ഞു.
സുതാര്യമായ ഭരണമാണ് കേരള സര്‍ക്കാരിന്റേത്. ഇതിന്റെ ഭാഗമായാണ് സര്‍ക്കാരിന്റെ വികസന പ്രവര്‍ത്തനങ്ങളെ മൂല്യനിര്‍ണയം നടത്തുന്നതിന് വേണ്ടി വാര്‍ഷിക റിപ്പോര്‍ട്ട് തയ്യാറാക്കുന്നത്.
ലൈഫ് ഭവന നിര്‍മ്മാണം, പി എസ് സി നിയമനം, പൊതു മേഖല സംരക്ഷണം തുടങ്ങിയ മേഖലകളിലെല്ലാം വലിയ രീതിയിലുള്ള വികസന പ്രവര്‍ത്തനങ്ങളാണ് കൊണ്ട് വന്നിട്ടുള്ളത്. രാജ്യത്ത് തന്നെ ഏറ്റവും കൂടുതല്‍ സാമൂഹ്യപെന്‍ഷന്‍ നല്‍കുന്ന സംസ്ഥാനമാണ് കേരളം. ഒരു ഘട്ടത്തിലും ജനങ്ങളുടെ ആനുകൂല്യങ്ങള്‍ തടഞ്ഞുവെക്കാനോ വെട്ടിക്കുറക്കാനോ സര്‍ക്കാര്‍ ശ്രമിച്ചിട്ടില്ല. മറിച്ച് അവകാശപ്പെട്ട കൈകളില്‍ എല്ലാം എത്തിക്കാനാണ് ശ്രമിച്ചിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.
ജനങ്ങള്‍ക്കായി ഭരണപക്ഷ പ്രതിപക്ഷ ഭേദമന്യേ ഒറ്റക്കെട്ടായി നമ്മളുണ്ടെന്ന് കാണിക്കണമെന്ന് ആഗ്രഹിച്ചെങ്കിലും അത് നടക്കാതെ പോയതില്‍ ഖേദമുണ്ടെന്നും പ്രതിപക്ഷം പുനരാലോചന നടത്തുമെന്ന് തന്നെയാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ജനങ്ങളുമായി സംവദിച്ച് ജനങ്ങളുടെ ഉന്നമനത്തിന് വേണ്ടിയാണ് സംഥാനത്തുടനീളം നവകേരള സദസ്സുമായി സംസ്ഥാന മന്ത്രിസഭ എത്തുന്നത്. ഇതുവരെയുണ്ടായ ജനപിന്തുണ മുന്നോട്ടുള്ള യാത്രയിലും ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.