Hivision Channel

സുപ്രീം കോടതിയില്‍ നിന്നും നീതി ലഭിക്കുമെന്ന് പ്രതീക്ഷ; മന്ത്രി എം ബി രാജേഷ്

കേന്ദ്ര വിഹിതം കൃത്യമായി ലഭിക്കാത്തതിനെതിരെ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ കേസില്‍ സുപ്രീം കോടതിയില്‍ നിന്നും നീതി ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ് പറഞ്ഞു. കേന്ദ്ര വിഹിതം ലഭിക്കാത്തതും വായ്പ പരിധി വെട്ടിക്കുറച്ചതും ലൈഫ് പദ്ധതിയേയും ക്ഷേമപെന്‍ഷന്‍ വിതരണത്തേയും ബാധിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. മാങ്ങാട്ടിടം പഞ്ചായത്തില്‍ രണ്ടാംഘട്ട ലൈഫ്മിഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മ്മാണം പൂര്‍ത്തീകരിച്ച 37 വീടുകളുടെ താക്കോല്‍കൈമാറ്റം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
ഇന്ത്യയില്‍ വീട് വെക്കാന്‍ ഏറ്റവും ഉയര്‍ന്ന തുക നല്‍കുന്ന സംസ്ഥാനമാണ് കേരളം. വീട് വെക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഓരോ കുടുംബങ്ങള്‍ക്കും നാല് ലക്ഷം രൂപ വീതം നല്‍കുമ്പോള്‍ കേന്ദ്രം സര്‍ക്കാര്‍ എഴുപത്തി രണ്ടായിരം രൂപ മാത്രമാണ് നല്‍കുന്നതെന്നും ഇത് ഒട്ടും പര്യാപ്തമല്ലെന്നും മന്ത്രി പറഞ്ഞു.
മൂന്നാംപീടികയില്‍ നടന്ന ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി സി ഗംഗാധരന്‍ അധ്യക്ഷത വഹിച്ചു. കൂത്തുപറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ആര്‍ ഷീല വിശിഷ്ടാതിഥിയായി. കുടുംബശ്രീയുടെ ഉയിര്‍പ്പ് എന്ന പുസ്തകത്തിന്റെ പ്രകാശനവും മന്ത്രി നിര്‍വ്വഹിച്ചു. മാങ്ങാട്ടിടം ബ്രാന്റിലുള്ള ഒന്‍പത് ഉല്‍പന്നങ്ങള്‍ അടങ്ങിയ കിറ്റ് മന്ത്രിക്ക് നല്‍കി. പഞ്ചായത്ത് സെക്രട്ടറി എസ് അനില്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ പി കെ ബഷീര്‍, ഒ ഗംഗാധരന്‍, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ ശാന്തമ്മ, സ്ഥിരം സമിതി അധ്യക്ഷരായ കെ ഷിവ്യ, ഷീന, വിജേഷ് മാറോളി, സി ഡി എസ് ചെയര്‍പേഴ്സണ്‍ എന്‍ വി ശ്രീജ, ടി ബാലന്‍, കെ പി ബാലകൃഷ്ണന്‍, പി പി രാഗേഷ്, ഇബ്രാഹിം പഞ്ചാര, മിഥുന്‍ കണ്ടംകുന്ന്, പി ലതീഷ് ബാബു തുടങ്ങിയവര്‍ സംസാരിച്ചു.

Leave a Comment

Your email address will not be published. Required fields are marked *