Hivision Channel

കേരള സര്‍വകലാശാല കലോത്സവത്തിലെ കോഴ ആരോപണത്തില്‍ എഫ്‌ഐആര്‍ പുറത്ത്

കേരള സര്‍വകലാശാല കലോത്സവത്തിലെ കോഴ ആരോപണത്തില്‍ എഫ്‌ഐആര്‍ പുറത്ത്. മരിച്ച വിധികര്‍ത്താവ് ഷാജിയാണ് ഒന്നാം പ്രതി. ജോമറ്റ്, സൂരജ് എന്നീ നൃത്ത പരിശീലകര്‍ രണ്ടും മൂന്നും പ്രതികളാണ്. വിശ്വാസവഞ്ചന ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.

വിധി കര്‍ത്താവായ ഷാജി രണ്ടും മൂന്നും പ്രതികളുടെ സ്വാധീനത്തിന് വഴങ്ങി. പ്രതികള്‍ പരിശീലിപ്പിച്ച വിദ്യാര്‍ഥികള്‍ക്ക് കൂടുതല്‍ മാര്‍ക്ക് നല്‍കി. പ്രതികള്‍ കേരള സര്‍വകലാശാലയോടും വിദ്യാര്‍ത്ഥികളോടും കുറ്റകരമായ വിശ്വാസവഞ്ചന ചെയ്‌തെന്നും എഫ്‌ഐആറില്‍ പറയുന്നു.

കലോത്സവത്തിലെ കോഴ ആരോപണത്തില്‍ മുന്‍കൂര്‍ ജാമ്യ ഹര്‍ജിയുമായി നൃത്ത പരിശീലകര്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ജോമെറ്റ് മൈക്കിള്‍, സൂരജ് എന്നിവരാണ് ഹര്‍ജി നല്‍കിയത്. പരാതിക്ക് പിന്നില്‍ രാഷ്ട്രീയ സമ്മര്‍ദ്ദമാണെന്നാണ് നൃത്ത അധ്യാപകരുടെ ആരോപണം. പൊലീസ് തങ്ങളെ അറസ്റ്റ് ചെയ്ത് പീഡിപ്പിക്കാന്‍ ശ്രമിക്കുന്നുവെന്നും അധ്യാപകര്‍ ചൂണ്ടിക്കാട്ടി.

യൂണിവേഴ്സിറ്റി കലോത്സവത്തിലെ മാര്‍ഗം കളിയില്‍ ഒന്നാം സ്ഥാനം നേടിയത് തങ്ങള്‍ പരിശീലിപ്പിച്ച ടീമിനാണ്. വിധികര്‍ത്താവിന് തങ്ങള്‍ കോഴ നല്‍കിയിട്ടില്ലെന്നും ആരോപണം പൊലീസ് കെട്ടിച്ചമച്ചതാണെന്നും അധ്യാപകര്‍ പറയുന്നു. മുന്‍കൂര്‍ ജാമ്യ ഹര്‍ജിയില്‍ തീര്‍പ്പുണ്ടാകുന്നതുവരെ അറസ്റ്റ് തടയണമെന്നാണ് അധ്യാപകരുടെ ആവശ്യം. കണ്‍ന്റോണ്‍മെന്റ് പൊലീസ് നൃത്താധ്യാപകര്‍ക്ക് ഹാജരാകാന്‍ നോട്ടിസ് നല്‍കിയിട്ടുണ്ട്.

അതിനിടെ കോഴ ആരോപണത്തില്‍ മകനെ കുടുക്കിയതെന്ന് ജീവനൊടുക്കിയതാണെന്നാണ് വിധികര്‍ത്താവ് ഷാജിയുടെ മാതാവ് ലളിത പറഞ്ഞത്. പണം വാങ്ങിയിട്ടില്ലെന്ന് മകന്‍ കരഞ്ഞ് പറഞ്ഞുവെന്നും ആരോ തന്നെ കുടുക്കിയതാണെന്നും ഷാജി പറഞ്ഞതായി അമ്മ പറഞ്ഞു. മൂന്ന് ദിവസവും ഇത് തന്നെയാണ് ആവര്‍ത്തിച്ചത്.

മാനസിക സംഘര്‍ഷമാണ് ഷാജിയെ തളര്‍ത്തിയതെന്ന് സഹോദരന്‍ അനില്‍കുമാറും മാധ്യമങ്ങളോട് പറഞ്ഞു. അടുത്ത ആളുകള്‍ തന്നെയാണ് ഷാജിയെ കുടുക്കിയതെന്ന് മരിക്കുന്നതിന് മുന്‍പ് ഷാജി പറഞ്ഞതായി സഹോദരന്‍ പറഞ്ഞു. എന്നാല്‍ പേരുകളൊന്നും വെളിപ്പെടുത്തിയിട്ടില്ലെന്നും പറഞ്ഞു.

Leave a Comment

Your email address will not be published. Required fields are marked *