Hivision Channel

കെഎസ്ആര്‍ടിസിയിലെ ബ്രീത്ത് അനലൈസര്‍ പരിശോധന തുടരും

ഗതാഗത മന്ത്രി കെബി ഗണേഷ് കുമാറിന്റെ നിര്‍ദേശപ്രകാരം നടപ്പിലാക്കിയ തുടര്‍ച്ചയായ ബ്രീത്ത് അനലൈസര്‍ പരിശോധനകള്‍ക്കും കര്‍ശന നടപടികള്‍ക്കും ശേഷം കെഎസ്ആര്‍ടിസി ബസുകള്‍ ഉള്‍പ്പെടുന്ന അപകടങ്ങളില്‍ ഗണ്യമായ കുറവെന്ന് കെഎസ്ആര്‍ടിസി. കെഎസ്ആര്‍ടിസി വിജിലന്‍സ് വിഭാഗം നടത്തുന്ന ഇന്‍ഡോക്‌സിക്കേഷന്‍ പരിശോധനയില്‍ പോസിറ്റീവ് ഫലങ്ങളിലും വലിയ കുറവാണുണ്ടാകുന്നത്. കെഎസ്ആര്‍ടിസി ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് വിവരം അറിയിച്ചത്

ഡ്യൂട്ടിയ്ക്കായെത്തുന്ന വനിതകള്‍ ഒഴികെയുള്ള മുഴുവന്‍ ജീവനക്കാരെയും ബ്രീത്ത് അനലൈസര്‍ ഉപയോഗിച്ച് പരിശോധിച്ച് ജീവനക്കാര്‍ മദ്യപിച്ചിട്ടില്ലെന്ന് ഉറപ്പുവരുത്തി മാത്രമേ ഡ്യൂട്ടിക്ക് നിയോഗിക്കുവാന്‍ പാടുള്ളൂ എന്ന് കെഎസ്ആര്‍ടിസി ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.

എപ്പോഴും പൊതുജനങ്ങളുമായി നേരിട്ട് ഇടപെടേണ്ടിവരുന്ന കെഎസ്ആര്‍ടിസി ജീവനക്കാരെ സംബന്ധിച്ചിടത്തോളം അച്ചടക്കവും മാന്യമായ പെരുമാറ്റവും ഏറെ പ്രാധാന്യമേറിയതാണ്. അതുകൊണ്ടുതന്നെ പൊതുഗതാഗത മേഖലയില്‍ പണിയെടുക്കുന്ന ജീവനക്കാര്‍ കൃത്യനിര്‍വഹണത്തിനിടയില്‍ യാതൊരു തരത്തിലുള്ള ലഹരിയും ഉപയോഗിക്കുന്നത് അനുവദിക്കാനാകില്ല.

ഇതിന്റെ അടിസ്ഥാനത്തില്‍ 07.04.2024 മുതല്‍ കെഎസ്ആര്‍ടിസിയുടെ വിജിലന്‍സ് ടീം സ്‌പെഷ്യല്‍ സര്‍പ്രൈസ് ഇന്‍വെസ്റ്റിഗേഷന്‍ പ്രോഗ്രാം ആരംഭിച്ചിരുന്നു. തുടര്‍ച്ചയായ ബ്രീത്ത് അനലൈസര്‍ പരിശോധനകള്‍ 137 ജീവനക്കാരെ മദ്യപിച്ചിരുന്നതിനും മദ്യം സൂക്ഷിച്ചതിനുമായി കണ്ടെത്തി.സ്വന്തം സ്ഥാപനത്തിലെ ജീവനക്കാരെ മോശക്കാരാക്കുവാനോ, അവരെ പൊതുജനമധ്യത്തില്‍ അധിക്ഷേപിക്കുവാനോ ലക്ഷ്യമിട്ടുകൊണ്ട് തുടങ്ങിയതല്ല ഇത്തരം ഒരു നടപടി. ഗതാഗത മേഖലയില്‍ പ്രത്യേകിച്ച് പൊതു ഗതാഗത മേഖലയില്‍ ജീവനക്കാരുടെയും യാത്രക്കാരുടെയും സുരക്ഷ സര്‍ക്കാരിന്റെയും മാനേജ്‌മെന്റിന്റെയും ഉത്തരവാദിത്തമാണെന്ന് കെഎസ്ആര്‍ടിസി അറിയിച്ചു.

Leave a Comment

Your email address will not be published. Required fields are marked *