Hivision Channel

ഓപ്പണ്‍ എഐയുടെ സെര്‍ച്ച് എഞ്ചിന്‍ തിങ്കളാഴ്ച എത്തിയേക്കും; ഗൂഗിളിന് വെല്ലുവിളിയാവുമോ? 

പ്പണ്‍ എഐയുടെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അടിസ്ഥാനമാക്കിയുള്ള സെര്‍ച്ച് സേവനം തിങ്കളാഴ്ച അവതരിപ്പിക്കുമെന്ന് റിപ്പോര്‍ട്ട്. സെര്‍ച്ച് എഞ്ചിന്‍ രംഗത്തെ പ്രധാനിയായ ഗൂഗിളിനെ വെല്ലുവിളിച്ചുകൊണ്ടാണ് ഓപ്പണ്‍ എഐയുടെ സെര്‍ച്ച് എഞ്ചിന്റെ വരവ്.

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഓപ്പണ്‍ എഐയുടെ സെര്‍ച്ചുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടുകള്‍ പ്രചരിക്കുന്നുണ്ട്. കമ്പനിയുമായി ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ചുകൊണ്ടാണ് തിങ്കളാഴ്ച സെര്‍ച്ച് സേവനം പ്രഖ്യാപിക്കുമെന്ന റിപ്പോര്‍ട്ടുകള്‍ വരുന്നത്. എന്നാല്‍ കമ്പനി ഇത് സ്ഥിരീകരിച്ചിട്ടില്ല.

എഐ അടിസ്ഥാനമാക്കിയുള്ള ഓപ്പണ്‍ എഐയുടെ സെര്‍ച്ച് സേവനം ഗൂഗിളിന് ശക്തമായ വെല്ലുവിളിയാവുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

ചൊവ്വാഴ്ചയാണ് ഗൂഗിളിന്റെ ഐഒ കോണ്‍ഫറന്‍സ് ആരംഭിക്കുന്നത്. ഇതിന് തൊട്ടുമുമ്പ് ഓപ്പണ്‍ എഐയുടെ പ്രഖ്യാപനമുണ്ടായേക്കും. വാര്‍ഷിക കോണ്‍ഫറന്‍സില്‍ ഗൂഗിളും എഐ അധിഷ്ടിത സേവനങ്ങള്‍ പ്രഖ്യാപിച്ചേക്കും.

ചാറ്റ് ജിപിടിയുമായി ബന്ധപ്പെട്ടുള്ളതായിരിക്കും ഓപ്പണ്‍ എഐയുടെ സെര്‍ച്ച് സേവനം. ഇതോടെ ചാറ്റ് ജിപിടിയ്ക്ക് വെബ്ബിലെ വിവരങ്ങള്‍ നേരിട്ട് എടുക്കാനും ലിങ്കുകള്‍ നല്‍കാനും സാധിക്കും.

നിലവില്‍ വിവിധങ്ങളായ വിവരങ്ങള്‍ ചാറ്റ് ജിപിടിയ്ക്ക് നല്‍കാന്‍ സാധിക്കുമെങ്കിലും വെബ്ബില്‍ നിന്നുള്ള തത്സമയ വിവരങ്ങള്‍ നല്‍കാന്‍ ചാറ്റ്ജിപിടിയ്ക്ക് സാധിക്കില്ല. നേരത്തെ മൈക്രോസോഫ്റ്റിന്റെ ബിങ് സെര്‍ച്ച് എഞ്ചിനില്‍ ഓപ്പണ്‍ എഐയുടെ എഐ ഫീച്ചറുകള്‍ ലഭ്യമാക്കിയിരുന്നു.

അതേസമയം ഗൂഗിളും ജെമിനി എഐ ഉപയോഗിച്ചുള്ള കൂടുതല്‍ സെര്‍ച്ച് ഫീച്ചറുകള്‍ അവതരിപ്പിക്കാനിടയുണ്ട്. ഗൂഗിളിനെ കൂടാതെ മുന്‍ ഓപ്പണ്‍ എഐ ഗവേഷകന്‍ അരവിന്ദ് ശ്രീനിവാസ് ആരംഭിച്ച പെര്‍പ്ലെക്‌സിറ്റിയും എഐ സെര്‍ച്ച് രംഗത്ത് ശക്തമായ സാന്നിധ്യം തെളിയിച്ചിട്ടുണ്ട്.

Leave a Comment

Your email address will not be published. Required fields are marked *